നന്ദകുമാർ മൂടാടിയുടെ ‘അച്ഛാച്ഛനെ ഓർക്കുമ്പോൾ’ എന്ന കെ. കേളപ്പനെക്കുറിച്ചുള്ള ലേഖനമാണ്‌ ഈ കുറിപ്പിനാധാരം. കടത്തനാടിന്റെ പാരമ്പര്യമനുസരിച്ച്‌ കളരിപ്പയറ്റ്‌ പഠിച്ചിരുന്ന കേളപ്പൻ നല്ലൊരഭ്യാസിയായിരുന്നു. സ്വാതന്ത്ര്യസമരകാലത്ത്‌ തിക്കോടിയിൽ അദ്ദേഹം സ്ഥാപിച്ച ശക്തിമന്ദിരത്തിൽ സ്വദേശി പ്രസ്ഥാനം പ്രാവർത്തികമാക്കുന്ന ആശയത്തിനനുസരിച്ച്‌ ഒരു കളരിയുണ്ടായിരുന്നു.
1936 മാർച്ചിൽ സാമൂതിരി കോളേജ്‌ ഹൈസ്കൂളിൽവെച്ച്‌ നടത്താൻ നിശ്ചയിച്ചിരുന്ന ചിറക്കൽ ടി. ശ്രീധരൻ നായരും സി.വി. നാരായണൻ നായരും തമ്മിലുള്ള അങ്കത്തിന്റെ മുഖ്യ സംഘാടകരിലൊരാൾ കേളപ്പനായിരുന്നല്ലോ. മറ്റുള്ളവർ കെ.എം.നായർ, എം.ആർ. നായർ (സഞ്ജയൻ), വി.ആർ. നായനാർ, ഇ.സി. കുഞ്ഞിക്കണ്ണൻ നമ്പ്യാർ എന്നിവരുമായിരുന്നു. 
എന്റെ അച്ഛൻ ചിറക്കൽ ടി. ശ്രീധരൻ നായർ 1963-ൽ എഴുതിയ കളരിപ്പയറ്റിനെ സംബന്ധിച്ച ആദ്യത്തെ സമഗ്രഗ്രന്ഥത്തെപ്പറ്റി 1964 ഏപ്രിൽ അഞ്ചിന്റെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ നിരൂപണം നടത്തിയത്‌ കേളപ്പജിയായിരുന്നു. കളരിപ്പയറ്റ്‌ സമഗ്രമായ ഒരു ആരോഗ്യസംരക്ഷണ പദ്ധതിയാണെന്നും ആശുപത്രികളല്ല, കളരികളാണ്‌ അംശംതോറും വേണ്ടതെന്നും ഡോക്ടറുടെ ബിൽ കുറയ്ക്കാൻ അത്‌ സഹായകമാകുമെന്നും അദ്ദേഹം അതിലെഴുതി. 
ഈ നിരൂപണംവന്നശേഷം അച്ഛനും കേളപ്പനും തമ്മിൽനടന്ന കത്തിടപാടുകൾക്കൊടുവിലാണ്‌ അച്ഛനെ തന്റെ വീട്ടിലേക്ക്‌ അദ്ദേഹം ക്ഷണിച്ചത്‌. കോളേജ്‌ വിദ്യാർഥിയായിരുന്ന ഞാനും അന്ന്‌ അച്ഛനോടൊത്ത്‌ മൂടാടിയിലെത്തി. അവിടത്തെ അനുഭവം രസകരമായിരുന്നു. ഞങ്ങൾ അവിടെയെത്തി ഉപചാരം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ കടത്തനാട്ടെ കളരിഗുരുക്കന്മാർ ഒന്നും  രണ്ടും പേരായി വന്നുകൊണ്ടിരുന്നു. നല്ലൊരു സംഘം അഭ്യാസികൾ എത്തിച്ചേർന്നപ്പോൾ കേളപ്പജിയുടെയും അച്ഛന്റെയും സാന്നിധ്യത്തിൽ എല്ലാവരുംകൂടി പലവിധ ചർച്ചകളിലും ഏർപ്പെട്ടു. തികഞ്ഞ സൗഹൃദത്തോടെ നടത്തിയ സംവാദങ്ങൾക്കിടയിൽ, ചാണകം തേച്ചുവെടുപ്പാക്കിയ മുറ്റത്തേക്കിറങ്ങി പലരും പയറ്റുനടത്തുകയും ചെയ്തു. വായ്‌ത്താരിയില്ലാതെ കെട്ടുകാരികൊണ്ട്‌ പ്രതിരോധം തീർക്കേണ്ട തഞ്ചങ്ങളും വാൾവലിയുമാണ്‌ എന്നെക്കൊണ്ട്‌ അച്ഛൻ ചെയ്യിച്ചത്‌. അന്നത്തെ പയറ്റുകൂട്ടായ്മയിൽ കളരി സംസ്കൃതി സംബന്ധിച്ച ഗുരുക്കന്മാരുടെ ആശയവിനിമയത്തിന്റെ സ്വച്ഛതയും കേളപ്പജിയുടെ വീട്ടുകാർ ഒരുക്കിയ സദ്യയുടെ മാധുര്യവും ഇന്നും മനസ്സിൽ സൂക്ഷിക്കുന്നു, ആറു പതിറ്റാണ്ടായിട്ടും.