പി.എൻ. വിജയകുമാർ, 
മുൻ എസ്‌.സി.-എസ്‌.ടി. കമ്മിഷൻ ചെയർമാൻ
ജാതി സർട്ടിഫിക്കറ്റ്‌ ലഭിക്കുക എന്ന വലിയ കടമ്പ ആയാസരഹിതമാക്കിയിരിക്കയാണ്‌ സർക്കാർ. സ്വാഗതാർഹമാണിത്‌. 1996-ലെ കേരള (പട്ടികജാതി-പട്ടികവർഗ) റെഗുലേഷൻ ഓഫ്‌ ഇഷ്യു ഓഫ്‌ കമ്യൂണിറ്റി സർട്ടിഫിക്കറ്റ്‌ ആക്ട്‌ എന്ന ആ നിയമത്തിന്റെ പരിധിയിലായിരുന്നു നാളിതുവരെ ജാതി സർട്ടിഫിക്കറ്റുകൾ കൊടുത്തിരുന്നത്‌.
കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെങ്കിലും ജാതി സർട്ടിഫിക്കറ്റിന്‌ എസ്‌.എസ്‌.എൽ.സി. ബുക്കിലെ ജാതി രേഖപ്പെടുത്തിയിരിക്കുന്നത്‌ ആധികാരികരേഖയായി പരിഗണിക്കാം എന്നുള്ളത്‌ ആശ്വാസകരമാണ്‌. എസ്‌.എസ്‌.എൽ.സി. പാസാകാത്തവരോ പൂർത്തിയാക്കാത്തവരോ ഉണ്ടെങ്കിൽ അവർക്കും സ്കൂൾ റെക്കോഡിലെ വിദ്യാഭ്യാസരേഖകൾ ജാതിസർട്ടിഫിക്കറ്റിന്റെ അടിസ്ഥാനരേഖയായി സ്വീകരിക്കാം. റെസിഡൻഷ്യൽ സർട്ടിഫിക്കറ്റിനും മറ്റുമായും അനുബന്ധരേഖകൾ മതി എന്നോ അഥവാ വ്യക്തിഗതമായി കൊടുക്കുന്ന ഒരു സത്യവാങ്‌മൂലം മതി എന്നുള്ള തീരുമാനങ്ങളൊക്കെ പുരോഗമനപരവുമാണ്‌.  പട്ടികജാതി-പട്ടികവർഗ കമ്മിഷന്റെ ചെയർമാനായി ആറുവർഷം സേവനമനുഷ്ഠിച്ച എനിക്ക്‌ തീർത്തുപറയാൻ കഴിയും, ഈ ജനവിഭാഗം അനുഭവിക്കുന്ന ഏറ്റവും സങ്കടകരമായ അവസ്ഥ ജാതി സർട്ടിഫിക്കറ്റിനുവേണ്ടിയുള്ള അലച്ചിലുകളായിരുന്നു. അതിനാണ്‌ അറുതിവന്നിരിക്കുന്നത്‌.