മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച ‘ബാധ്യതയല്ല പ്രവാസി, സാധ്യതയാണ്’ എന്ന ലേഖനപരമ്പര വായിച്ചു. ബാങ്കുകളെയും വിവിധ സർക്കാർ ഏജൻസികളെയും ഏകോപിപ്പിക്കാനുള്ള സംവിധാനമായ ‘സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി’യുടെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥനാണ് ഞാൻ. പ്രവാസി പുനരധിവാസവും ബന്ധപ്പെട്ട ചർച്ചകളിൽ കേരളത്തിലെ ബാങ്കുകളെ പ്രതിധാനം ചെയ്തുള്ള എല്ലാ സർക്കാർ യോഗങ്ങളിലും പങ്കെടുത്തിട്ടുമുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ചില അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നു.
 
സ്വത്ത്‌ ഈടുനൽകാതെത്തന്നെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക്‌ വായ്പ ക്രെഡിറ്റ് ഗാരന്റി കോർപ്പറേഷന്റെ (സി.ജി.ടി.എം.എസ്. ഇ.)ഗാരന്റിയോടെ നൽകാൻ ബാങ്കുകൾക്ക് കഴിയും. വായ്പ അനുവദിക്കുന്നതിനുള്ള പ്രധാന മാനദണ്ഡം ആ സംരംഭം സാമ്പത്തികമായി വിജയിക്കാനുള്ള സാധ്യതയുണ്ടോ എന്നതും  അതിൽനിന്നുള്ള വരുമാനത്തിന്റെ ഒരു പങ്കുകൊണ്ട് വായ്പ തിരിച്ചടയ്ക്കാൻ കഴിയുമോ എന്നതുമാണ്. അക്കാര്യം ബാങ്കുകളെ ബോധ്യപ്പെടുത്താൻ അപേക്ഷകന് കഴിയണം.
 
പലരും അധികം സാങ്കേതികത ആവശ്യമില്ലാത്ത ഹോട്ടൽ, ഫാസ്റ്റ് ഫുഡ്, വാഹനങ്ങൾ, ചെറുകച്ചവടം തുടങ്ങിയ
പദ്ധതികളുമായിട്ടാണ് ബാങ്കുകളെ സമീപിക്കുക. ഇത്തരം സംരംഭങ്ങൾ എല്ലായിടത്തുമുണ്ട്. പലതും സാമ്പത്തികമായി മെച്ചപ്പെട്ടവർ നടത്തുന്നതുമാണ്. അതിനാൽ ഇവയുമായി മത്സരിച്ചു പിടിച്ചുനിൽക്കാൻ പ്രവാസി സംരംഭങ്ങൾക്ക് കഴിയാതെവരും. ബാങ്കുകളുടെ കണക്കിൽ അവർക്കുനൽകുന്ന വായ്പ കിട്ടാക്കടം ആയി മാറുകയും ചെയ്യും. ഇത്തരം മുൻ അനുഭവങ്ങൾ ധാരാളമുള്ളതുകൊണ്ടുതന്നെ ബാങ്കുകളെ ബോധ്യപ്പെടുത്തുന്നത് വളരെ പ്രധാനമാണ്.
 
തിരിച്ചുവരുന്ന പ്രവാസികൾ വിദഗ്ധതൊഴിലാളികൾ ആണെങ്കിൽ അവർ  ഇവിടെയും അത്തരം തൊഴിലുകളിൽ
ഏർപ്പെടുന്നതായിരിക്കും അഭികാമ്യം. അത്തരം തൊഴിലുകൾക്ക് ഇന്ന് ആയിരം രൂപയിൽ കുറയാത്ത ദിവസവരുമാനം കിട്ടും.
 
അവിദഗ്‌ധതൊഴിലാളികൾക്കും ഇവിടെ ധാരാളം അവസരങ്ങളുണ്ട്. തൊഴിലവസരങ്ങൾ ഉള്ളതുകൊണ്ടാണല്ലോ 30-40 ലക്ഷത്തോളം ഇതര സംസ്ഥാനക്കാർ ഇവിടെ ജോലി ചെയ്യുന്നത്. പ്രധാനപ്രശ്നം പലരും കേരളത്തിനു പുറത്ത്‌ ചെയ്യുന്ന തൊഴിൽ ഇവിടെ ചെയ്യുന്നതിന് തയ്യാറല്ലെന്നതാണ്. അതുകൊണ്ടാണ് പലരും സമൂഹത്തിൽ കൂടുതൽ മാന്യത ഉണ്ടെന്നു കരുതുന്ന ബിസിനസ് രംഗത്തേക്ക് തിരിയുന്നത്. അവ നടത്തിക്കൊണ്ടുപോകാനുള്ള കഴിവോ സംരംഭകത്വമോ ഇല്ലാത്തതുകൊണ്ട് പരാജയപ്പെടുന്നു. അവസാനം നേരത്തേയെടുത്ത തൊഴിൽ ചെയ്ത് ഈ ബാധ്യത തീർക്കേണ്ട ഗതികേടുവരുന്നു.
 
സംരംഭകത്വം ഇല്ലാത്തവർ വായ്പയെടുത്ത് എന്തെങ്കിലും ബിസിനസ് തുടങ്ങുന്നതിനു പകരം ഒരു തൊഴിലാളി ആകുന്നതാണ് അഭികാമ്യം. എല്ലാ തൊഴിലും ഒരുപോലെ മാന്യതയുള്ളതാണെന്ന് അംഗീകരിക്കാനുള്ള മനസ്സ്  വേണമെന്നുമാത്രം.