# ബാലൻ വാറണാട്ട്  
:രണ്ടുവർഷമായി ദുരിതത്തിലാണ് ക്ഷേത്രവാദ്യ അനുബന്ധ കലാകാരന്മാർ. എഴുന്നള്ളിപ്പുകളും ആഘോഷങ്ങളും നിലച്ചപ്പോൾ സാധകംചെയ്ത് സായത്തമാക്കിയ കലാപ്രാവീണ്യം നിലനിർത്തിപ്പോരേണ്ടതിനാൽ വേറെ തൊഴിലിലേക്ക് പോകാൻപോലും കഴിയാതെ നിസ്സഹായരായിപ്പോയവർ. ഏതു മേഖലയിലായാലും അടച്ചിടലും അതിനിയന്ത്രണങ്ങളും ഇനി പ്രായോഗികമല്ലെന്ന് പൊതു അഭിപ്രായം രൂപപ്പെട്ടിരിക്കുന്നു. ഉത്സവ ആഘോഷവേളകളിൽ കോവിഡ് ചട്ടങ്ങൾപ്രകാരം ക്ഷേത്രവാദ്യ കലാകാരന്മാരുടെ പങ്കാളിത്തം അനുവദിച്ച് എഴുന്നള്ളിപ്പിനും മറ്റും അനുമതി എത്രയുംവേഗം നൽകണം. 


കൃഷിശാസ്ത്രം അട്ടിമറിക്കപ്പെടുന്നു

# കെ.പി. ജയരാജൻ,  റിട്ട. കൃഷി ജോയന്റ് ഡയറക്ടർ, മാഹി
:കൃഷിശാസ്ത്രത്തിന്റെ അടിസ്ഥാനപ്രമാണങ്ങളെ പാടെ റദ്ദുചെയ്യുന്ന രീതിയിലുള്ള വിളപരിപാലനക്രമങ്ങൾ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. സാമൂഹികമാധ്യമങ്ങളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി ഒരു ശാസ്ത്രീയ അടിസ്ഥാനവുമില്ലാത്ത വസ്തുക്കൾ വളങ്ങൾ, കീടനാശിനികൾ, വളർച്ചാത്വരകങ്ങൾ എന്നീ രൂപത്തിൽ നേരിട്ടും ഓൺലൈൻ വഴിയും വിൽപന നടത്തിക്കൊണ്ടിരിക്കുന്നു. ജൈവകൃഷിക്ക് കിട്ടിക്കൊണ്ടിരിക്കുന്ന പ്രചാരണവും സ്വീകാര്യതയും ഇത്തരം വസ്തുക്കളുടെ വിൽപനയിൽ വലിയതോതിൽ ചൂഷണം ചെയ്യപ്പെടുന്നുണ്ട്.

ഓരോ വിളയ്ക്കും മണ്ണിനും ആവശ്യമായ സസ്യപോഷകമൂലകങ്ങൾ വ്യത്യസ്തവും അവ വിളയുടെ വിവിധ വളർച്ചഘട്ടങ്ങളിൽ വ്യത്യസ്തതോതിലും ആവശ്യമാണെന്നിരിക്കെ ഇന്ത്യ മുഴുവൻ ഒരേവസ്തുതന്നെ ഒരേ വിളയ്ക്ക് ഒരേ അളവിൽ ഉപയോഗിക്കാമെന്നാണ് പ്രചരിപ്പിക്കുന്നത്. തെങ്ങിന് ഉപയോഗിക്കാവുന്ന അതേവളംതന്നെ പ്ലാവ്,  ഗ്രാമ്പു,  മുരിങ്ങ,  ജാതി, കാപ്പി, കറിവേപ്പില എന്നിവയ്ക്ക് ഉപയോഗിക്കാം എന്നുപറയുമ്പോൾതന്നെ ഇത് എത്രമാത്രം അശാസ്ത്രീയമാണെന്ന് മനസ്സിലാകുമല്ലോ.

അതേസമയം, വളർച്ച ത്വരകമായും  ബാക്ടീരിയ, ഫംഗസ്, വൈറസ്, കീടങ്ങൾ എന്നിവയ്ക്കൊക്കെത്തന്നെ എതിരായും  ഉപയോഗിക്കാവുന്ന ദിവ്യ ഔഷധങ്ങളും പ്രചരിപ്പിക്കുന്നുണ്ട്.

ഇവയിൽ അടുത്തകാലത്തായി ഏറ്റവും കൂടുതൽ  പ്രചരിച്ചുകൊണ്ടിരിക്കുന്നത് എല്ലാ വിളകൾക്കും ഉപയോഗിക്കാമെന്ന് അവകാശപ്പെടുന്ന ഹോമിയോ മരുന്നുകളാണ്. ഇവയൊക്കെത്തന്നെ ആരുടെ ശുപാർശ ആണെന്നോ, ഏത് ഗവേഷണസ്ഥാപനത്തിന്റെ ശുപാർശയാണെന്നോ  വ്യക്തമാക്കുകയും ചെയ്യുന്നില്ല.

തകർന്നുകൊണ്ടിരിക്കുന്ന കാർഷികമേഖലയിൽ രക്ഷപ്പെടാനായി ലഭ്യമായ ഏതൊരു വൈക്കോൽത്തുരുമ്പിലും കയറിപ്പിടിക്കാൻ ശ്രമിക്കുന്ന കൃഷിക്കാർ ഇത്തരം വ്യാജവസ്തുക്കളിൽ പെട്ടുപോകുന്നതിൽ അദ്‌ഭുതപ്പെടാനില്ല. എന്നാൽ, ഇത്തരം പ്രവർത്തനങ്ങൾ നമ്മുടെ കാർഷികമേഖലയിൽ ഉണ്ടാക്കാൻ പോകുന്ന ദൂരവ്യാപകമായ  ഭവിഷ്യത്തുകളെ കണ്ടില്ലെന്ന് നടിച്ചുകൂടാ.


സിൽവർ ലൈനുമായി മുന്നോട്ടുപോകാൻ  വരട്ടെ...

# അബൂ നജീബ്, തേഞ്ഞിപ്പലം
:കെ-റെയിലിന്റെ ഗുണഗണവർണനയും അതിനുനേരെയുള്ള എതിർശബ്ദങ്ങളും കണ്ടു.
അനുകൂലിക്കുന്നവർക്ക് ആകപ്പാടെ നിരത്താനുള്ള ഒറ്റക്കാര്യം തിരുവനന്തപുരം-കാസർകോട് യാത്രാസമയം പത്തുമണിക്കൂറിൽനിന്ന് നാലായി ചുരുങ്ങുമെന്നതാണ്. വാദത്തിനുവേണ്ടി ഇത് സമ്മതിച്ചാൽത്തന്നെ ഒരു യാത്രക്കാരന്റെ ആറുമണിക്കൂർ ലാഭിക്കാൻ   അനേകായിരം കോടികൾ മുടക്കി, ഒട്ടേറെപ്പേരെ കുടിയിറക്കി, പരിസ്ഥിതിക്കും പ്രകൃതിക്കും കനത്ത ആഘാതമേൽപ്പിച്ച്, അടിയന്തരപ്രാധാന്യം കൊടുക്കേണ്ട മറ്റനേകം പദ്ധതികൾ മരവിപ്പിച്ച് കെ-റെയിലിന്റെ പിന്നാലെ പായുന്നതിന്റെ യുക്തിയെന്ത്?

ചൈനയിൽനിന്ന് ഏതാനും ദിവസങ്ങൾക്കുമുമ്പു വന്ന വാർത്ത ഇക്കൂട്ടരെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. ഒരുമണിക്കൂർകൊണ്ട് അറുനൂറുകിലോമീറ്റർ ഓടുന്ന ട്രെയിൻ ചൈനയിലെ രണ്ടുപട്ടണങ്ങളെ ബന്ധിപ്പിച്ച് ഓട്ടംതുടങ്ങി എന്നതായിരുന്നു ആ വാർത്ത. അതായത് നമ്മുടെ നിർദിഷ്ട കെ-റെയിലിന്റെ അറുനൂറുകിലോമീറ്റർ ദൂരത്തിന് ഏതാണ്ട് ഒരു മണിക്കൂർമാത്രം.
ഭാവിയിൽ ‘ഉപരിതല സ്പർശിയല്ലാത്ത ഇത്തരം പറക്കും ട്രെയിനുകൾ’  നമ്മുടെ ട്രാക്കുകൾ കൈയടക്കുമ്പോൾ ഇപ്പോൾ കെ-റെയിലിനായി ഒഴുക്കുന്ന കോടികളും നശിപ്പിക്കുന്ന പ്രകൃതിയും ഒരു വൃഥാവ്യായാമം മാത്രമായിത്തീരുമെന്ന കാര്യം തീർച്ച.


അധ്യാപകരെ  ആക്ഷേപിക്കരുതേ

# ആർ. ഹരിശങ്കർ, വാഴപ്പള്ളി
: കോവിഡ് അടച്ചിടലിനുശേഷം സ്കൂളുകൾ തുറക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു. ലോക്ഡൗണിൽ ഏറെ ആക്ഷേപംകേട്ടവരാണ് അധ്യാപകർ. പണിചെയ്യാതെ ശമ്പളംവാങ്ങുന്നവർ എന്നതാണ് ആക്ഷേപം. 

ആദ്യ ലോക്ഡൗൺ കാലത്ത് കോവിഡ്  നിരീക്ഷണകേന്ദ്രങ്ങളിലും അതിർത്തി ചെക്പോസ്റ്റുകളിലും പ്രളയദുരിതാശ്വാസക്യാമ്പുകളിലും നൈറ്റ്ഡ്യൂട്ടി  ഉൾപ്പെടെ ചെയ്തു അധ്യാപകർ. ഇപ്പോൾ വാർഡുതല കോവിഡ് പ്രതിരോധ പരിപാടികളിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും വാക്സിനേഷൻ സെന്ററുകളിലും സജീവമാണ്. ഇതിനിടയിൽ സ്കൂൾതലത്തിൽ പാഠപുസ്തകവിതരണം, അരിവിതരണം, കിറ്റ് വിതരണം, ഓൺലൈൻ ക്ലാസുകൾ, തുടർപ്രവർത്തനങ്ങൾ പരിശോധനകൾ, കുട്ടികളുടെ  വ്യക്തിവിവരശേഖരണം, ​െപ്രാമോഷൻ ലിസ്റ്റ് തയ്യാറാക്കൽ, സ്കൂൾതല ക്ലബ്‌ പ്രവർത്തനങ്ങൾ അങ്ങനെ പലതും ചെയ്തുവരുന്നു. എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകൾ ഭംഗിയായി നടത്തി. ഉത്തരക്കടലാസുകൾ  നോക്കിയതും അധ്യാപകർതന്നെ.

എസ്.എസ്.എൽ.സി. പ്ലസ്ടു തുല്യത പരീക്ഷകളുടെ സൂപ്പർവിഷൻ വാല്യുവേഷൻ ജോലികൾചെയ്തതും അധ്യാപകർതന്നെ. പല അധ്യാപകർക്കും ആദ്യഡോസ് വാക്സിൻപോലും ലഭിച്ചിരുന്നില്ല. കോവിഡ് കാലത്ത് കുട്ടികളുടെയും കുടുംബാംഗങ്ങളുടെയും ശാരീരിക-മാനസിക-ഭൗതിക സാഹചര്യങ്ങൾ അന്വേഷിച്ച് പരിഹരിക്കണമെന്ന് സർക്കാർ പറയുന്നതിനുമുമ്പ്, പ്രളയകാലംമുതൽ അധ്യാപകർ അത് ചെയ്യുന്നുണ്ട്. മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും പറഞ്ഞു, അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽനിന്ന്‌ ഒഴിവാക്കുമെന്ന്. അതനുസരിച്ച് പൊതുവിദ്യാഭ്യാസവകുപ്പ് രേഖാമൂലം നിർദേശവും നൽകി. പക്ഷേ, നടപടിയൊന്നുമുണ്ടായില്ല.