# എസ്. രമണൻ, കുഴൽമന്ദം
മഹാകവി സുബ്രഹ്മണ്യ ഭാരതിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച കുറിപ്പ് ശ്രദ്ധേയമായി.
പൂണൂൽ ഉപേക്ഷിക്കുകയും ശാതികൾ ഇല്ലയടി പാപ്പാ (ജാതികൾ ഇല്ല കുഞ്ഞുങ്ങളെ) എന്നു കുട്ടികളോട് വളച്ചുകെട്ടില്ലാതെ പറയുകയും ചെയ്ത ഇന്ത്യയിലെ ഏക ബാലസാഹിത്യകാരനായിരുന്നു ഭാരതി. ‘തനി ഒരുവന്ക്ക് ഉണവില്ലയെനിൽ ഇജ്ജഗത്തിനൈ അഴിപ്പോം’ (ഒരു വ്യക്തിയെങ്കിലും പട്ടിണികിടന്നാൽ ഈ ലോകത്തെ നശിപ്പിക്കണം) എന്ന് ഗർജിച്ച തീവ്ര സോഷ്യലിസ്റ്റ്. തമിഴ്‌നാട്ടിൽ ഇപ്പോഴും പലരും പേരിനു പിന്നിൽ ഭാരതി എന്നു ചേർക്കാറുണ്ട്. മറ്റൊരു കവിക്കും കിട്ടാത്ത മരണാനന്തര ബഹുമതിയാണത്. പാലക്കാട്ടെ പ്രമുഖ സോഷ്യലിസ്റ്റ് നേതാവായിരുന്ന ശിവരാമ ഭാരതിയും ആ ഗണത്തിൽപ്പെടും. പാലക്കാട് കോട്ടമൈതാനത്ത് ഭാരതിയുടെ പ്രതിമയുണ്ട്. മുമ്പൊക്കെ തമിഴ് സംഘത്തിന്റെ ആഭിമുഖ്യത്തിൽ പരിപാടികൾ നടക്കുമായിരുന്നു. ഇപ്പോൾ മഹാമാരിക്കാലമായതിനാലാവാം മഹാകവിയുടെ ശതാബ്ദി ആരുമറിയാതെ കടന്നുപോവുകയാണ്. മാതൃഭൂമിക്ക് ഒരിക്കൽകൂടി ഈ ഭാരതിദാസന്റെ നന്ദി.


പെൻഷൻ പ്രായവർധന: ഹിതപരിശോധന നടത്തണം

# സി.ആർ. ജോസ്‌ പ്രകാശ്‌
കെ. മോഹൻദാസ്‌ ചെയർമാനായ പതിനൊന്നാം ശമ്പളക്കമ്മിഷന്റെ ഏഴാമത്‌ റിപ്പോർട്ട്‌ വിവാദങ്ങളുടെ കെട്ടഴിച്ചിരിക്കുന്നു. സമൂഹത്തിലെ എല്ലാ വിഭാഗത്തെയും ബാധിക്കുന്നവയാണ്‌ റിപ്പോർട്ടിലെ ശുപാർശകൾ എന്നതിനാൽ വിവാദം സ്വാഭാവികമാണ്‌. വേതനവും സേവനവും പരിഷ്കരിക്കുന്ന റിപ്പോർട്ടുകളാണ്‌ മുമ്പും കമ്മിഷനുകൾ സമർപ്പിച്ചിട്ടുള്ളത്‌. അതിൽ വേതനപരിഷ്കരണം മാത്രമേ നടക്കാറുള്ളൂ. ഇപ്പോഴത്തെ കമ്മിഷൻ റിപ്പോർട്ട്‌ പ്രകാരവും വേതനപരിഷ്കരണം നടന്നുകഴിഞ്ഞു. പെൻഷൻ പരിഷ്കരണവും നടന്നു. ഇനി സേവനപരിഷ്കരണം നടക്കുമോ? സാധ്യത കുറവാണ്‌. കാരണം, വിവാദം സൃഷ്ടിക്കാവുന്ന കാര്യങ്ങളിൽ കൈവെക്കാൻ എല്ലാവർക്കും മടിയാണ്‌.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ള സംസ്ഥാനം കേരളമാണ്‌ (76 വയസ്സ്‌). എന്നാൽ, ഏറ്റവും കുറഞ്ഞ പെൻഷൻപ്രായം (56 വയസ്സ്‌) നിലവിലുള്ള സംസ്ഥാനവും കേരളമാണ്‌. കേന്ദ്രസർവീസിലും തമിഴ്‌നാട്‌ അടക്കം ഭൂരിപക്ഷം സംസ്ഥാനങ്ങളിലും പെൻഷൻപ്രായം 60 വയസ്സാണ്‌. കേരളത്തിൽത്തന്നെ സഹകരണ ബാങ്കുകളിൽ ഉൾപ്പെടെ പല സ്ഥാപനങ്ങളിലും 58 വയസ്സിലാണ്‌ പെൻഷൻ. കേരളത്തിലെ സർവീസ്‌ മേഖലയിൽപോലും ഇപ്പോൾ രണ്ടുവിധത്തിലാണ്‌ പെൻഷൻ പ്രായം. നേരത്തേയുള്ള ജീവനക്കാരുടെയും അധ്യാപകരുടെയും പെൻഷൻപ്രായം 56 വയസ്സാണെങ്കിൽ, പങ്കാളിത്ത പെൻഷന്റെ പരിധിയിൽ വരുന്നവരുടേത്‌ 60 വയസ്സാണ്‌.

കേരളത്തിലെ ജീവനക്കാർക്ക്‌ ശരാശരി 27 വർഷത്തെ സർവീസാണ്‌ നിലവിൽ ലഭിക്കുന്നത്‌. എന്നാൽ, ഇവർക്ക്‌ ശരാശരി 25 വർഷം പെൻഷനും കൊടുക്കേണ്ടിവരുന്നു. അതിനുശേഷം കുടുംബ പെൻഷൻ നൽകേണ്ടി വരുന്നവരുടെ എണ്ണവും ചെറുതല്ല. (സാധാരണ ജനങ്ങളെക്കാൾ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ശരാശരി അഞ്ചുവർഷം കൂടുതൽ ആയുർദൈർഘ്യം ഉണ്ടെന്നാണ്‌ പഠനങ്ങൾ പറയുന്നത്‌.) നമ്മുടെ സമ്പദ്‌ഘടന താളംതെറ്റുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം ഉയർന്ന ആയുർദൈർഘ്യവും കുറഞ്ഞ പെൻഷൻ പ്രായവും ആണ്‌. ഏറ്റവും അവസാനം ചെലവുചുരുക്കൽ പഠിച്ച്‌ റിപ്പോർട്ട്‌ നൽകിയ ഡോ. കെ.എം. എബ്രഹാം കമ്മിറ്റി ഉൾപ്പെടെ ഇക്കാര്യം അടിവരയിട്ടു പറഞ്ഞിട്ടുണ്ട്‌.

ശരാശരി ഒരുവർഷം 21,000 ജീവനക്കാരാണ്‌ (അധ്യാപകർ ഉൾപ്പെടെ) സർവീസിൽനിന്ന്‌ വിരമിക്കുന്നത്‌. 4500 ജീവനക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്ന്‌ വിരമിക്കുന്നു. ഇതുപ്രകാരം ഒരുവർഷം 24,000-ത്തിലധികം പേർക്ക്‌ പി.എസ്‌.സി. വഴി നിയമനം ലഭിക്കുന്നുണ്ട്‌. (ഇന്ത്യയിൽ കേരളം ഒഴികെ ഒരു സംസ്ഥാനത്തും സർവീസിൽനിന്ന്‌ വിരമിക്കുന്നവരുടെ പകുതി തസ്തികയിൽപ്പോലും സ്ഥിരംനിയമനം നടക്കുന്നില്ല. കേന്ദ്രസർവീസിലെ സ്ഥിതിയും ഇതുതന്നെ.) പെൻഷൻപ്രായം വർധിപ്പിച്ചാൽ സ്വാഭാവികമായും അത്രയുംകാലം പി.എസ്‌.സി. റാങ്ക്‌ ലിസ്റ്റുകളുടെ കാലാവധി നീട്ടും. അപ്പോൾ റാങ്ക്‌ ലിസ്റ്റിലുള്ള 24,000 പേരുടെ നിയമനം ഒരുവർഷം നീണ്ടുപോകും. ഒരുവർഷം പെൻഷൻപ്രായം വർധിപ്പിച്ചാൽ 4600 കോടി രൂപ സർക്കാരിന്‌ നേട്ടമാകും. പെൻഷൻപ്രായം രണ്ടുവർഷം വർധിപ്പിച്ച്‌ 58 വയസ്സായി നിശ്ചയിച്ചാൽ 9200 കോടി രൂപ ഖജനാവിൽ മിച്ചമാകും.

(ജോയന്റ്‌ കൗൺസിൽ മുൻ ജനറൽ സെക്രട്ടറിയാണ്‌ ലേഖകൻ)