കെ-റെയിൽ എം.ഡി.യുടെ കുറിപ്പ്‌ വായിച്ചു. ജനങ്ങളുടെ ആശങ്കകളെന്ന് പറയുമ്പോൾ കുടിയൊഴിപ്പിക്കപ്പെടുന്നവരുടെമാത്രം ആശങ്കയായി കാണാൻ പറ്റില്ല. ഈ പദ്ധതി പ്രാബല്യത്തിൽ വരുമ്പോൾ ഓരോസ്ഥലത്തും എത്രദൂരപരിധിയിലുള്ള ആളുകളെ ബാധിക്കും? സിൽവർലൈൻ പദ്ധതിക്കുവേണ്ടി 15 മുതൽ 25 മീറ്റർ സ്ഥലംമതിയെന്ന്‌ അധികൃതർ പറയുന്നതിൽ എന്ത് യുക്തിയാണുള്ളത്‌? ഇതൊരു നാഷണൽ ഹൈവേയല്ല.  അതാണെങ്കിൽ വികസനമാവുമെന്നെങ്കിലും  പറയാമായിരുന്നു. ഇവിടെ വരുന്നത് 200 കിലോമീറ്റർ സ്പീഡിൽ പോകുന്ന ഒരു ട്രെയിനാണ്. നാഷണൽ ഹൈവേതന്നെ ഇപ്പോഴുണ്ടായിരുന്ന ദൂരപരിധി മൂന്ന് മീറ്ററിൽനിന്നും 7.5 മീറ്റർ ആയി എൻ.എച്ച്‌.എ.ഐ. തീരുമാനിച്ചിട്ടുണ്ട്. അങ്ങനെവരുമ്പോൾ സിൽവർലൈൻ പദ്ധതിക്ക് ബഫർസോൺപരിധി ഇന്ത്യൻ റെയിൽവേയുടെ 30 മീറ്റർ എന്ന പരിധിയെക്കാൾ കൂടുതലാവില്ലേ. അതായത് കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ എണ്ണം നിങ്ങൾ പറഞ്ഞ ദൂരപരിധിയെക്കാൾ എത്രയോ മടങ്ങായിരിക്കും.  വസ്തു ക്രയവിക്രിയം നടത്താനോ നിർമാണപ്രവർത്തനങ്ങൾ നടത്താനോ ബഫർ സോണിലുള്ളവർക്ക് സാധിക്കുമോ?  ഇത് പാവപ്പെട്ട ജനങ്ങളെ കബളിപ്പിക്കുന്ന തരത്തിലാവും. ഇന്ന് ചെറിയ ദൂരപരിധിമതി എന്നുപറയുന്നെങ്കിൽക്കൂടി എൻ.എച്ച്‌.എ.ഐ. നാഷണൽ ഹൈവേക്കെടുത്ത തീരുമാനം നാളെ  ഈ പദ്ധതിയിലും എടുക്കില്ലെന്ന് ജനങ്ങൾ എങ്ങനെ വിശ്വസിക്കും. കുടിെയാഴിപ്പിക്കപ്പെടുന്നവരെക്കാൾ കൂടുതൽ ആഘാതം ഇവിടെ തുടർന്നും താമസിക്കുന്ന ജനങ്ങൾക്കായിരിക്കും.