കെ-റെയിൽ എം.ഡി. അജിത് കുമാറിന്റെ  സിൽവർലൈൻ വികസനത്തിന്റെ വെള്ളിരേഖ എന്ന ലേഖനം തെറ്റിദ്ധരിപ്പിക്കുന്നതാണ്. യൂറോപ്യൻ രാജ്യങ്ങളിൽ പ്രാവർത്തികമാക്കുന്നു എന്നതുകൊണ്ട് ഇവിടെയും നടത്താം എന്നതിന് പിന്നിലുള്ള യുക്തി വ്യക്തമാക്കേണ്ടതുണ്ട്.  യൂറോപ്യൻ രാജ്യങ്ങളിൽ ജനസാന്ദ്രതയും ജനസംഖ്യയുമെല്ലാം വളരെ കുറവാണ്. എന്നാൽ, കേരളത്തിന്റെ അവസ്ഥ ഇതിൽനിന്നു വിഭിന്നമാണ്. കേരളത്തിലെ ഭൂപ്രകൃതി യഥാർഥത്തിൽ പരിഗണിക്കപ്പെടേണ്ടതല്ലേ?  
ഒരു ശരാശരി മലയാളി സ്ഥിരമായി കാസർകോടുമുതൽ തിരുവനന്തപുരംവരെ സഞ്ചരിക്കുന്ന വ്യക്തിയല്ല. 160 കിലോമീറ്റർ വേഗത്തിൽ 2025-ഓടെ ഇന്ത്യൻ റെയിൽവേ തന്നെ എക്സ്പ്രസ് ട്രെയിനുകൾ ഓടിക്കുമെന്നു പറയുന്നുണ്ട്.  160 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുമ്പോൾ ഒരാൾക്ക് കുറഞ്ഞ ദൂരപരിധിയിൽ എടുക്കുന്ന സമയവും സിൽവർലൈൻ ഉപയോഗിക്കുമ്പോൾ എടുക്കുന്ന സമയവും തമ്മിൽ വലിയവ്യത്യാസം ഉണ്ടാകുന്നില്ല.
ടൂറിസ്റ്റുമേഖലയിലെ വളർച്ചയ്ക്കുവേണ്ടിയാണ് ഈ പദ്ധതിയെങ്കിൽ, ടൂറിസ്റ്റുകൾ നാട് പൂർണമായി കാണാനും ആസ്വദിക്കാനും വേണ്ടിയാണ് എത്തുന്നത്. മറിച്ച്, ഒരു ഓട്ടപ്രദക്ഷിണം നടത്തി പോകാനല്ല.
തിരൂർമുതൽ കാസർകോടുവരെ റെയിലിനു പടിഞ്ഞാറു വശത്തുകൂടി പോകുന്ന അലൈൻമെന്റ് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. പുതിയ റെയിലിനു പടിഞ്ഞാറു ഭാഗത്ത് സ്ഥിതിചെയ്യുന്ന പ്രദേശങ്ങൾ പലതരത്തിലുള്ള റെയിൽവേ നിയമങ്ങളുടെ കാരണത്താൽ ഒരു അവികസിത മേഖലയായി തുടരുകയാണ്. ഈ പദ്ധതികൂടി വരുകയാണെങ്കിൽ പ്രധാന റോഡുമായുള്ള ബന്ധം പൂർണമായും ഇല്ലാതാകും. കിലോമീറ്ററുകൾ ചുറ്റിയാൽ മാത്രമേ മെയിൻ റോഡിലേക്ക് പിന്നീട് എത്താൻ സാധിക്കൂ. നിലവിൽ ബി ക്ലാസ് ഏരിയയിൽ താമസിക്കുന്നവർ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കപ്പെടുകയും നിലവിൽ സുരക്ഷിതരായി ഇരുന്നവർ ബി ക്ലാസ് ആയി മാറുകയും ചെയ്യും.