# പ്രൊഫ. വർഗീസ് മാത്യു, പ്രസിഡന്റ് കേരള അൺഎയ്ഡഡ് കോളേജ്  പ്രിൻസിപ്പൽസ്‌ കൗൺസിൽ.
കേരളത്തിലെ വിവിധ കോളേജുകളിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഡിഗ്രി പ്രവേശനത്തിന് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിന്റെ ഫലമായി വിവിധ കോഴ്‌സുകളിൽ സർക്കാർ സീറ്റ്‌ കൂട്ടാൻ തീരുമാനിച്ചിട്ടുണ്ട്. പക്ഷേ, സീറ്റ് കൂട്ടിയത് കൊണ്ടുമാത്രം കാര്യമായില്ല. ചില ക്ലാസുകളിൽ 60, 70 വിദ്യാർഥികൾ തിങ്ങി ഇരിക്കുമ്പോൾ അധ്യാപനം ഫലപ്രദമായി വിനിയോഗിക്കാൻ സാധിക്കുകയില്ല. കഴിഞ്ഞ അക്കാദമിക്‌വർഷം എയ്ഡഡ്, ഗവ. കോളേജുകളിൽ മാത്രം ഒട്ടേറെ ന്യൂജനറേഷൻ കോഴ്‌സുകൾ ആരംഭിക്കുകയുണ്ടായി. നിർഭാഗ്യവശാൽ സംസ്ഥാനത്തെ ഒറ്റ സ്വാശ്രയകോളേജുകളിലും ന്യൂജനറേഷൻ കോഴ്‌സുകൾ ആരംഭിക്കാൻ അനുമതി ലഭിച്ചില്ല. വിദ്യാർഥികളുടെ ഭാവിയെ കരുതി ഈ വർഷമെങ്കിലും യോഗ്യതയുള്ള  സ്വാശ്രയകോളേജുകളിൽ ന്യൂജനറേഷൻ കോഴ്സുകൾ ആരംഭിക്കാൻ അനുമതി നൽകണം.
ഏതെങ്കിലും പ്രത്യേക കോഴ്‌സുകൾക്ക് സീറ്റ് കൂട്ടി ഒട്ടേറെ ഉദ്യോഗാർഥികളെ സൃഷ്ടിക്കുന്നതിന് പകരം നൂതനകോഴ്‌സുകളിലേക്ക് വിദ്യാർഥികളെ വഴിതിരിച്ചുവിടണം. ജോലിസാധ്യത പരിഗണിച്ച് ഇത്തരം കോഴ്‌സുകൾക്ക് മുൻഗണന നൽകണം.