# സണ്ണി രാജൻ, വണ്ടിത്താവളം
മുതലമട റെയിൽവേസ്റ്റേഷനിൽനിന്ന്‌ ചുള്ളിയാർ,  ചെമ്മണാമ്പതി, തേക്കടി വഴി പറമ്പിക്കുളത്തേക്ക് ട്രാംവേ നിർമിച്ച്  കേരളാ സർക്കാർ ട്രാം സർവീസ് ആരംഭിക്കണം. തമിഴ്‌നാട്ടിൽ പ്രവേശിക്കാതെ, കേരളാമേഖലയിലൂടെമാത്രം ഉദ്ദേശം അമ്പതുകിലോമീറ്റർ റെയിൽപ്പാത സ്ഥാപിച്ച് ട്രാംസർവീസ് നടപ്പിൽവരുത്താം. ഷോളയാർ വൈദ്യുതി പ്രയോജനപ്പെടുത്തി പാത വൈദ്യുതീകരിച്ചാൽ നിശ്ശബ്ദസഞ്ചാരം നടത്തി വനയലോസരം ഒഴിവാക്കാം.  പുതിയ യാത്ര വിനോദസഞ്ചാരസാധ്യത വർധിപ്പിക്കുകയും ചെയ്യും. മുമ്പ്‌ നടന്നിരുന്ന ചാലക്കുടി-പറമ്പിക്കുളം കൊച്ചിൻ സ്റ്റേറ്റ് ഫോറസ്റ്റ് ട്രാംവേ സർവീസ് മാതൃകയിൽ മുതലമട  പറമ്പിക്കുളം ട്രാംവേ സർവീസ് സ്ഥാപിക്കാൻ നടപടികൾ സ്വീകരിക്കണം.


പെൻഷൻകാരോട്‌ നീതി കാണിക്കണം

# അഡ്വ. കെ. കുട്ടികൃഷ്ണൻ, പ്രസിഡന്റ്‌, ഫാക്ട്‌ റിട്ട. ഓഫീസേഴ്‌സ്‌ വെൽഫെയർ അസോസിയേഷൻ
ഫാക്ടിൽ 1997 ജനുവരിമുതൽ നടപ്പാക്കിയ ശമ്പള പരിഷ്കരണത്തിന്റെ 1997 മുതൽ 2001 വരെയുള്ള 54 മാസത്തെ കുടിശ്ശിക 24 വർഷം കഴിഞ്ഞിട്ടും ജീവനക്കാർക്ക്‌ ലഭിച്ചിട്ടില്ല. കേന്ദ്ര സർക്കാരും ഫാക്ടും ഇക്കാര്യത്തിൽ മൗനത്തിലാണ്‌. പി.എഫ്‌. പെൻഷൻ നടപ്പാക്കിയ പ്രാരംഭകാലത്ത്‌ പിരിഞ്ഞുപോയവർക്ക്‌ വാർധക്യകാലത്ത്‌ നേരിടേണ്ടിവരുന്ന ചികിത്സയ്ക്കുപോലും മതിയാകാത്ത, തുച്ഛമായ പി.എഫ്‌. പെൻഷനാണ്‌ ഭൂരിപക്ഷം പേർക്കും ലഭിക്കുന്നത്‌.
കേരള ഹൈക്കോടതിയിൽ ഈ കാര്യത്തിനുവേണ്ടി ഒട്ടേറെ കേസുകൾ ഫയൽചെയ്തെങ്കിലും ശമ്പളപരിഷ്കരണ ഉത്തരവിലുള്ള 9-ാം വകുപ്പുപ്രകാരം മൂന്നുവർഷം തുടർച്ചയായി ലാഭം നേടാനായാൽ മാത്രമേ ശമ്പളപരിഷ്കരണ കുടിശ്ശിക നൽകാൻ സാധ്യമാകൂ എന്നാണ്‌ ഫാക്ടിന്റെ നിലപാട്‌. ഇതുകാരണം കോടതിവഴിയും അനുകൂല തീരുമാനമുണ്ടായില്ല. ഒരു ശാപമെന്നപോലെ, രണ്ടുകൊല്ലം ലാഭമുണ്ടായാൽ മൂന്നാമത്തെ വർഷം നഷ്ടമായിരിക്കും.
എന്നാൽ, കേരള ഹൈക്കോടതിയിൽ നൽകിയ റിട്ട്‌ പെറ്റീഷനിൽ,  അനുകൂലമായി വിധിയുണ്ടായി. പിരിഞ്ഞുപോയവരുടെ സ്ഥിതി കണക്കിലെടുത്ത്‌ കോടതി, ഘട്ടംഘട്ടമായെങ്കിലും കുടിശ്ശിക നൽകാനുള്ള ഒരു പദ്ധതി മൂന്നുമാസത്തിനുള്ളിൽ നടപ്പാക്കാൻ ഉത്തരവ്‌ പ്രഖ്യാപിച്ചു.
ഫാക്ട്‌ ആ ഉത്തരവിനെ ചോദ്യംചെയ്തുകൊണ്ട്‌ റിട്ട്‌ അപ്പീൽ ഡിവിഷൻ ബെഞ്ചിൽ ഫയൽചെയ്തു. പ്രശ്നങ്ങളെ ആഴത്തിൽ പഠിച്ച ഡിവിഷൻ ബെഞ്ച്‌ പെൻഷൻകാർക്ക്‌ അനുകൂലമായ വിധി പ്രഖ്യാപിച്ചു.
നിശ്ചിത സമയത്തിനുള്ളിൽ കേസ്‌ ഫയൽചെയ്തവർക്ക്‌ ഉടൻ ആനുകൂല്യങ്ങൾ നൽകാനുള്ള നടപടികൾ ചെയ്യണമെന്ന്‌ ബന്ധപ്പെട്ട കേന്ദ്രമന്ത്രാലയത്തോട്‌ കോടതി ആവശ്യപ്പെട്ടു.
എന്നാൽ, 2010-ൽ വേതന വർധന നടപ്പാക്കിയപ്പോൾ വ്യവസ്ഥകളൊന്നും പാലിക്കപ്പെട്ടില്ല. ഹൈക്കോടതി, ജീവനക്കാർക്ക്‌ അനുകൂലമായി രണ്ടു വിധിന്യായങ്ങൾ തുടർച്ചയായി പ്രഖ്യാപിച്ചെങ്കിലും വിധിന്യായങ്ങൾ ചോദ്യംചെയ്തുകൊണ്ട്‌ കേന്ദ്ര രാസവള മന്ത്രാലയത്തിന്റെ സെക്രട്ടറി, സുപ്രീംകോടതിയിൽ അപ്പീൽ നൽകി. കോവിഡിന്റെ പശ്ചാത്തലത്തിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ കൂട്ടത്തിൽ ഈ കേസും വാദം കേൾക്കാതിരിക്കുന്നു. തുടർച്ചയായി മൂന്നുവർഷം ലാഭം നേടിയിട്ടും ആനുകൂല്യങ്ങൾ ലഭിച്ചില്ല. ആനുകൂല്യം ലഭിക്കേണ്ടവരിൽ ഭൂരിപക്ഷവും 75 വയസ്സു കഴിഞ്ഞവരാണ്‌. ഇത്‌ നീതികേടാണ്‌.


എന്തിനീ ആശങ്ക

# പ്രകാശ് നാരായണൻ പി.,
റിട്ട. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, ചെർപ്പുളശ്ശേരി
ഈ വർഷം എസ്.എസ്.എൽ.സി. റിസൽട്ട് വന്നതുമുതൽ വിവിധ കോണുകളിൽനിന്ന് വിമർശനങ്ങളും പരിഹാസങ്ങളും ഉയരുന്നുണ്ട്. വിജയം 99.47 ശതമാനമായതും  നാലിലൊന്നു പേർക്കും സമ്പൂർണ എ പ്ലസ് ലഭിച്ചതുമാണ് ഇതിന്‌ അടിസ്ഥാനമായി പറയുന്നത്. മൂല്യനിർണയത്തിലെ അത്യുദാരത എന്ന പദപ്രയോഗം അസ്ഥാനത്താണ്. ഓരോ പേപ്പറിനുമുള്ള പരമാവധി മാർക്കിലധികം ചോദ്യങ്ങൾ ചോദിക്കുമ്പോൾ സ്വാഭാവികമായും പഠിക്കുന്ന കുട്ടികൾക്ക് കൂടുതൽ മാർക്ക് ലഭിക്കും. കൂടുതൽ മാർക്കിനുള്ള ചോദ്യങ്ങൾ ചോദിക്കുകയെന്നത് കഴിഞ്ഞവർഷം ഏകദേശം രണ്ടരമാസംമാത്രം വിദ്യാലയത്തിൽ പോയ കുട്ടികളോടുചെയ്യുന്ന സാമാന്യ നീതിയാണുതാനും. ഒരിക്കലും ഉദാരമായി മാർക്ക് നൽകാൻ പറയാറില്ലെന്ന് 25 വർഷത്തോളം മൂല്യനിർണയക്യാമ്പുകളിൽ പങ്കെടുക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്തിട്ടുള്ള ഈകുറിപ്പെഴുതുന്ന ആൾക്കറിയാം.