# ശ്രീപ്രകാശ് ഒറ്റപ്പാലം     
ആദിവാസികളുടെ കണ്ണീരൊപ്പാൻ സ്വജീവിതം അർപ്പിച്ച, കർമധീരനും മനുഷ്യാവകാശ പ്രവർത്തകനുമായ ഫാ. സ്റ്റാൻ സാമിയുടെ കസ്റ്റഡിയിൽവെച്ചുണ്ടായ ദുരന്താന്ത്യത്തെക്കുറിച്ചുള്ള എം.വി. ശ്രേയാംസ് കുമാർ എം.പി.യുടെ ലേഖനം  ആ മഹാത്മാവിന്റെ ജീവിതത്തെക്കുറിച്ചുള്ള ഗഹനമായതും വർത്തമാനകാലത്തെ ദുഃസ്ഥിതിയെക്കുറിച്ചുള്ള മുന്നറിയിപ്പുമാണ്. മീന കന്ദസ്വാമിയുടെ കവിതയുംകൂടി ചേർന്നത് ഒന്നുകൂടി മൂർച്ചയേറ്റി. വയോധികനും രോഗിയുമായിരുന്ന ആ മഹാന്റെ രക്തസാക്ഷിത്വം, നീതിക്കുവേണ്ടിയുള്ള ഉജ്ജ്വലമായ പോരാട്ടമാണെന്ന് ഊന്നിപ്പറയുന്നു, ലേഖകൻ.

വനിതാ കമ്മിഷൻ അധ്യക്ഷ

# മുരളീമോഹൻ  മഞ്ചേരി
സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷസ്ഥാനത്തേക്ക് ജില്ലാ ജഡ്ജിയെയോ ജില്ലാജഡ്ജി പദവിയിൽനിന്ന് വിരമിച്ച വനിതാ ജഡ്ജിയെയോ കൊണ്ടുവരാനുള്ള സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമാണ്. രാഷ്ട്രീയരംഗത്തുനിന്നുള്ളവരെ ഈ സംവിധാനത്തിന്റെ തലപ്പത്ത് നിയമിക്കുന്നത് അനുചിതമാണ്. ജസ്റ്റിസ് ഡി. ശ്രീദേവി വനിതാകമ്മിഷൻ ചെയർപേഴ്‌സൺ ആയ കാലത്തെ കമ്മിഷന്റെ പ്രവർത്തനങ്ങൾ ശ്രദ്ധേയമായിരുന്നു. നീതിന്യായരംഗത്തുനിന്നുള്ളവരെത്തന്നെ നിയമിക്കുന്നതാണ് അഭികാമ്യം. അവരുടെ നിയമപരിജ്ഞാനവും അനുഭവസമ്പത്തും വനിതാകമ്മിഷന്റെ പ്രവർത്തനങ്ങൾക്ക് ഏറെ മുതൽക്കൂട്ടാവും.