# എൻ.വി. വേണുഗോപാലൻ, മുളയം
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അനേകം സഹകരണ തട്ടിപ്പുകളിൽ ഒന്നു മാത്രമാണ്. തൃശ്ശൂർ ജില്ലയിൽത്തന്നെ പല സഹകരണ ബാങ്കുകളിലും നാനാവിധ തട്ടിപ്പുകൾ നടത്തിയതിന്റെ വാർത്തകൾ കഴിഞ്ഞ ഏതാനും വർഷങ്ങളായി പൊതുജനം വായിച്ചു. തൃശ്ശൂരിലെ മറ്റൊരു സഹകരണബാങ്കിൽ ഈ അടുത്തകാലത്ത് നടന്ന വൻ തട്ടിപ്പിനെതിരേ നടക്കുന്ന നടപടികൾ എങ്ങുമെത്തിയിട്ടില്ല.  ഈ വൻ തട്ടിപ്പുകൾക്ക് പ്രധാനകാരണം സഹകരണ ബാങ്കുകൾ ഭരിക്കുന്നത് രാഷ്ട്രീയക്കാർ ആയതിനാലാണ്.  കൂടുതൽ പലിശമോഹിച്ച് സ്വകാര്യ സ്ഥാപനങ്ങളിൽ പൈസ നിക്ഷേപിക്കുന്നവരുടെ അവസ്ഥ നാം കണ്ടിട്ടുള്ളതാണ്. ദേശസാത്‌കൃത ബാങ്കുകളിലോ മറ്റ് സ്വകാര്യ ബാങ്കുകളിലോ ഇത്തരം തട്ടിപ്പുകൾ വളരെ കുറവാണെന്നു മാത്രമല്ല എന്തെങ്കിലും പ്രശ്നമുണ്ടായാൽ അവ വർഷാവർഷം നടക്കുന്ന ഓഡിറ്റിൽ പിടിക്കപ്പെടുകയും കുറ്റവാളികൾ ശിക്ഷിക്കപ്പെടുകയും ചെയ്യുന്നു.
ഇത്തരം സംഭവങ്ങൾ സഹകരണമേഖലയെ തകർക്കാനേ ഉപകരിക്കൂ.


ഫുൾ എ പ്ലസ്:  വീണ്ടുവിചാരം വേണം

ടി.കെ. ദേവരാജൻ, ശാസ്ത്രസാഹിത്യ പരിഷത്ത്‌ മുൻ ജനറൽ സെക്രട്ടറി

ഇത്തവണത്തെ എസ്.എസ്.എൽ.സി. ഫലം പൊതുസമൂഹത്തിലും മാധ്യമങ്ങളിലും വലിയ ചർച്ച ആയിരിക്കയാണ്. കോവിഡിന്റെ സാഹചര്യത്തിൽ നേരിട്ടുള്ള ക്ലാസുകളൊന്നും നടക്കാതിരുന്നിട്ടും പരീക്ഷയെഴുതിയ കുട്ടികളിൽ 99.47 ശതമാനം പേരും വിജയിച്ചിരിക്കുന്നു, നാലിലൊന്നുഭാഗം പേരും ഏറ്റവും മികച്ച റിസൽട്ടായി പരിഗണിക്കപ്പെടുന്ന ഫുൾ എ പ്ലസ് നേടിയിരിക്കുന്നു, എന്നതാണ് വിമർശനം ഉയരാൻ കാരണം.  
കഴിഞ്ഞവർഷത്തെക്കാൾ ഈ വർഷം റിസൽറ്റിൽ മികവുവന്നു എന്നത്, മൂല്യനിർണയത്തിലെ അത്യുദാരമായ സമീപനം കൊണ്ടാണെന്ന് വ്യക്തമാണ്. എസ്.എസ്.എൽ.സി. പരീക്ഷാഫലം പണ്ടുമുതലേ കുട്ടികളിൽ വലിയ ഉത്കണ്ഠയ്ക്കും മാധ്യമങ്ങൾക്ക് വാർത്താ പെരുമഴയ്ക്കും ഇടയാക്കുന്ന  ഇനമാണ്. അന്നതിന് കാരണമുണ്ടായിരുന്നു. ഭരണസംവിധാനവും പൊതുസമൂഹവും അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയായി കരുതിയിരുന്നത് എസ്.എസ്.എൽ.സി.യാണ്. മൂന്നു ദശകമായി സ്ഥിതി വ്യത്യസ്തമാണ്. ഇന്ന് സ്കൂൾവിദ്യാഭ്യാസം അവസാനിക്കുന്നത് ഹയർസെക്കൻഡറി പരീക്ഷയോടെയാണ്.
എൻറോൾ ചെയ്യപ്പെട്ടവരിൽ ബഹുഭൂരിപക്ഷവും പത്താം ക്ലാസ് മാത്രമല്ല, ഹയർസെക്കൻഡറി തലവും പിന്നിടുന്നുണ്ട്. അതിലെ പരീക്ഷാഫലമാണ് ഏറ്റവും സാധാരണമായ തൊഴിലുകൾക്ക് അടിസ്ഥാനയോഗ്യതയായി പരിഗണിക്കുന്നത്. എന്നിട്ടും എസ്.എസ്.എൽ.സി. പരീക്ഷാഫലം ഈ വിധം ആഘോഷമാക്കുന്നത് ഗതകാലപാരമ്പര്യത്തിലൂന്നിയ ആചാരം മാത്രമാണ്. കോവിഡ് കാലത്തെ പ്രത്യേക സാഹചര്യത്തിൽ പത്താം ക്ലാസ് പരീക്ഷതന്നെ വേണ്ടെന്നു വെക്കാൻ സി.ബി.എസ്.ഇ.ക്ക് സാധ്യമായത് അതിനാലാണ്. എന്നാൽ, കേരള സിലബസ് പരീക്ഷയുടെ ഏകദേശം സമ്പൂർണമായ വിജയത്തെച്ചൊല്ലി ഉണ്ടായ ആക്ഷേപവും പരിഹാസവും സി.ബി.എസ്.ഇ. തീരുമാനത്തെ ചൊല്ലി ഉണ്ടായില്ല എന്നത് കൗതുകകരമാണ്.
ഹൈസ്കൂൾ വിദ്യാഭ്യാസത്തിൽ ഏറ്റവും ഊന്നൽ നൽകേണ്ടത് സാമാന്യമായ ശേഷികളും അവബോധവും കിട്ടി എന്നുറപ്പുവരുത്തലും പിന്നിൽ നിൽക്കുന്നവരെ കൈ പിടിച്ചുയർത്തലുമാണ്. അതിന് സഹായകമാകും വിധത്തിലാവണം എട്ടുമുതൽ ഗ്രേഡിങ്‌ രീതിയിൽ തന്നെയുള്ള മൂല്യനിർണയം നടക്കേണ്ടത്. സ്കൂൾതല ഇടപെടൽ ഉണ്ടാകേണ്ടതും അതേ ലക്ഷ്യത്തോടെയാവണം. ഒപ്പം കുട്ടികളുടെ അഭിരുചിയും താത്‌പര്യവും ഏതു വിഷയത്തിലെന്നു നോക്കി ആ വിഷയങ്ങളിൽ കൂടുതൽ അന്വേഷണങ്ങളും വായനയും നടത്താൻ പ്രേരിപ്പിക്കയും വേണം.   
ഇത്തവണത്തെ എസ്.എസ്.എൽ.സി. ഫലത്തിലെ വലിയ അപാകം പരീക്ഷയെഴുതിയ നാലിലൊന്നു പേരും ഫുൾ എ പ്ലസ് നേടി എന്നതാണ്. നിലവിലെ മൂല്യനിർണയരീതിയുടെ ഏറ്റവും അപകടകരമായ കാര്യം ഈ ഫുൾ പ്ലസ് ലക്ഷ്യവും അതിനായി സ്വീകരിക്കുന്ന ഉദാര സമീപനവുമാണ്.
വിദ്യാഭ്യാസത്തിന്റെ ലക്ഷ്യംതന്നെ കുട്ടികളെ ഡോക്ടർമാരും എൻജിനിയർമാരും ആക്കലാണെന്ന ധാരണ കേരളത്തിലെ  പൊതുസമൂഹം സ്വീകരിക്കാൻ തുടങ്ങിയിട്ട് ഏറെയായി. ഹയർസെക്കൻഡറിയെ അതിനുള്ള പരിശീലനമായാണ് പലരും കാണുന്നത്. എല്ലാ വിഷയത്തിലും  ഏറ്റവും മുന്നിൽ നിൽക്കുന്ന കുറെപ്പേരെ കണ്ടെത്തുന്നതിന്റെ പ്രയോജനമെന്താണ്, അല്ലെങ്കിൽ ആ ലക്ഷ്യവുമായി കുട്ടിയെ പരിശീലിപ്പിച്ചെടുക്കുന്നതെന്തിനാണ്?  ഉത്തരം വ്യക്തമാണ്.
ഹയർസെക്കൻഡറി ഗ്രൂപ്പുകളിൽ ഗ്ലാമർവിഷയമായി കുട്ടികളും രക്ഷിതാക്കളും അധ്യാപകർ തന്നെയും കരുതുന്ന സയൻസ്ഗ്രൂപ്പിൽ അഡ്മിഷൻ നേടുന്നത് ഉറപ്പിക്കപ്പെടുന്നത് ഫുൾ എ പ്ലസിലൂടെയാണ്.  
ഇത്തവണത്തെ എസ്.എസ്.എൽ.സി. പരീക്ഷാഫലം സംബന്ധിച്ച ചർച്ചകൾ ഈ വിധം, നിലവിലെ പാഠ്യപദ്ധതിയുടെ ഉള്ളടക്കം, അധ്യയനരീതി, മൂല്യനിർണയം തുടങ്ങിയവയെ പുനരവലോകനം ചെയ്യാൻ പ്രേരിപ്പിക്കുന്നതാവണം. അതിന് വിദ്യാഭ്യാസരംഗത്തെ വിദഗ്ധരും ആ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകളും മുൻകൈയെടുക്കണം.


മലയാളം ലെക്സിക്കനെ ആർക്കാണു പേടി?

# സരസൻ എടവനക്കാട്
ആസാദിന്റെ ‘ചില ലെക്സിക്കൻ ചിന്തകൾ’ വായിച്ചു. മലയാളം ലെക്സിക്കൻ എഡിറ്ററായി സംസ്കൃതപണ്ഡിതയെ നിയമിച്ച കേരളസർവകലാശാല  നിലമറന്ന് എന്തിലോ അഭിരമിക്കുകയാണ്. ഇത്തരം നടപടിക്ക് കേരള സർവകലാശാലയെ  പ്രേരിപ്പിച്ച ചേതോവികാരം എന്തായിരിക്കാം. മലയാളം, സംസ്കൃതപദബഹുലമാണ് എന്നതാണോ. അതോ, സംസ്കൃതഹിമഗിരി ജനതയാണ് മലയാളം എന്നു തെളിയിക്കാനാണോ. അതുമല്ലെങ്കിൽ തരംപോലെ ചില നിക്ഷിപ്തതാത്പര്യങ്ങൾ നേടിയെടുക്കാൻ വ്രതംനോറ്റിട്ടാണോ.
മലയാളം ലെക്സിക്കനിൽ മലയാളപദങ്ങളുടെ മൗലികതയാണ് കണ്ടെത്തേണ്ടത്. അത് ഗ്രഹിക്കാനാണ് ആയിരക്കണക്കിനുരൂപ മുടക്കി ഭാഷാഭിമാനികൾ ലെക്സിക്കൻ വാങ്ങുന്നത്. എട്ടാംവാല്യം അനവധാനതയും അജ്ഞതയുംകൊണ്ട് പിൻവലിക്കേണ്ടിവന്നു. അങ്ങനെയിരിക്കെ കൂനിന്മേൽ കുരു വളർത്തുന്ന ഈ നടപടി ആർക്ക്‌ ഗുണംചെയ്യാനാണ്. പ്രചാരം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഭാഷാപദങ്ങളുടെ കാന്തിയും മൂല്യവും കണ്ടെത്തി ഭാവിതലമുറയ്ക്ക് പകർന്നേകാൻ സംസ്കൃതപണ്ഡിതയ്ക്ക് ത്രാണിയില്ല. അതുകൊണ്ട് മലയാളത്തിൽ പ്രാവീണ്യം തെളിയിച്ചിട്ടുള്ള ഒരാളെ നിയമിച്ച്  സർവകലാശാല നടപടി തിരുത്തണം.
ദുർബലയായ മലയാളത്തിന്റെ നെടുമ്പുറം തബലയാക്കി പ്രബലയായ സംസ്കൃതത്തെക്കൊണ്ട് കൊട്ടിച്ചാൽ എന്താവും ഗതി!