# ആർ.കെ. ദാമോദരൻ,കൊച്ചി.
‘ജയദേവകവിയുടെ...’, ‘രാമായണക്കിളി...’ തുടങ്ങിയ ഒട്ടേറെ നല്ല ലളിതഗാനങ്ങളുടെ ശില്പികൂടിയാണ് യശശ്ശരീരനായ പൂവച്ചൽ ഖാദർ. ഇവ, ആകാശവാണിയുടെ ലളിതഗാന ശേഖരത്തിലുണ്ട്. ഒരുപക്ഷേ, ഖാദറിന്റെ ചലച്ചിത്രഗാനങ്ങളെക്കാൾ മികവുറ്റതെന്ന് തോന്നാവുന്നവ!. ഇവ പരാമർശിക്കാതെ പോകുന്നത് ഈ ഗാനരചയിതാവിനെ ഭാഗികമായി മാത്രം വിലയിരുത്തലാവും. കവിതകളും പരാമർശിച്ചുകണ്ടില്ല. ഗാനരചയിതാക്കളെ കവികളായി ഗണിക്കാത്ത ഫ്യൂഡൽ മനോഭാവം ഇതിലുണ്ടാകും.  സുഗേയമല്ലാത്ത ഗദ്യകവിതാ പ്രതിഭാസത്തിന്റെ ഇക്കാലത്ത് ഗാനകവികൾ താളനിബദ്ധ ഛന്ദോബദ്ധ വാങ്മയ സ്രഷ്ടാക്കൾ മികച്ച കവികളാണെന്ന് പറഞ്ഞാൽ ചങ്ങമ്പുഴയോട് പണ്ടുതോന്നിയ സഞ്ജയാസൂയ ഉണ്ടായിട്ടുകാര്യമില്ല!. കാലമേറ്റെടുത്ത് അവ കരളുകളിൽ പാടിക്കൊണ്ടേയിരിക്കും. ഇവരിരുവരും  മലയാളി മനസ്സിൽ മാറ്റൊലിക്കൊണ്ടേയിരിക്കും. ആദരാഞ്ജലികളോടെ.