# പി. ബാലൻനായർ, മഠത്തിൽ
പല വകുപ്പുകളും വിവിധ വിഷയങ്ങളെപ്പറ്റി ഉത്തരവുകൾ പുറപ്പെടുവിക്കാറുണ്ട്‌. ഇത്തരം ഉത്തരവിൽ സർക്കാരിന്റെ നിലപാട്‌, അത്‌ പാലിക്കാൻവേണ്ട നിർദേശങ്ങൾ എന്നിവ സംശയലേശമെേന്യ പ്രതിപാദിക്കുന്നു. റവന്യൂ, പോലീസ്‌, രജിസ്‌ട്രേഷൻ, ധനവകുപ്പ്‌, ആരോഗ്യം, വിദ്യാഭ്യാസം എന്നീ വകുപ്പുകളിലെ ഉത്തരവുകൾ ജനങ്ങളെ നേരിട്ട്‌ ബാധിക്കുന്നതാവാം.

ഈ അടുത്തകാലത്ത്‌ പുറപ്പെടുവിച്ച ചില ഉത്തരവുകൾ വ്യക്തതയില്ലാത്തതും സൗകര്യപൂർവം വളച്ചൊടിക്കാൻ കഴിയുന്നതുമാണെന്നു പത്രത്തിൽനിന്നു മനസ്സിലാക്കുന്നു. ചില ഉത്തരവുകൾ വ്യക്തമാക്കാൻ മറ്റൊരു ഉത്തരവ്‌ പുറപ്പെടുവിക്കേണ്ടിവരുന്നു. സർക്കാർ ഉത്തരവുകൾ വളരെയേറെ ശ്രദ്ധാപൂർവം തയ്യാറാക്കേണ്ടതാണ്‌. ഉത്തരവുമായി ബന്ധപ്പെട്ട വകുപ്പുമന്ത്രി, വകുപ്പിലെ ഒന്നിലധികം ഉയർന്ന ഉദ്യോഗസ്ഥർ, നിയമവകുപ്പ്‌ എന്നിവർ ഒന്നിച്ചിരുന്ന്‌ ഉത്തരവിന്റെ നാനാവശങ്ങളെപ്പറ്റിയും നടത്തിപ്പിനെപ്പറ്റിയും സശ്രദ്ധം നിരീക്ഷിക്കേണ്ടതാണ്‌. ഉത്തരവിലെ ഓരോ വാക്കും ചിഹ്നനങ്ങൾ (Punctuation) ഉൾപ്പെടെ പരിശോധിക്കേണ്ടതാണ്‌. ഒരു സംശയത്തിനും ഇടവരാത്തവിധത്തിലായിരിക്കണം ഉത്തരവ്‌ തയ്യാറാക്കേണ്ടത്‌. വളരെ പ്രധാനപ്പെട്ട ഉത്തരവ്‌ മുഖ്യമന്ത്രി, ചീഫ്‌ സെക്രട്ടറി എന്നിവരുടെ പരിശോധനയ്ക്ക്‌ സമർപ്പിക്കുന്നത്‌ നന്നായിരിക്കും.
ഭാവിയിൽ ഉത്തരവുകൾ തയ്യാറാക്കുമ്പോൾ മുകളിൽ കാണിച്ച എന്റെ എളിയ അഭിപ്രായങ്ങൾ സർക്കാരിന്‌ യുക്തമെന്ന്‌ തോന്നുന്നുവെങ്കിൽ പരിഗണിക്കാവുന്നതാണ്‌.


വരവുകൂട്ടാനുള്ള  മാർഗങ്ങൾ

#പൂക്കോട്ടു വിജയൻ, കളമശ്ശേരി
ബജറ്റിനുശേഷം കേരളത്തിലെ വരവുകൂട്ടാനും ചെലവുകുറയ്ക്കാനുമുളള വഴികളെപ്പറ്റി പ്രൊഫ. കെ.വി. തോമസ് എഴുതിയ ലേഖനം വായിച്ചു. വളരെ വിലയേറിയ ഉപദേശങ്ങളാണെങ്കിലും വരവുകൂട്ടുവാൻ ആദ്യമായി വേണ്ടത് മാനുഫാക്ചറിങ് വ്യവസായവികസനമാണ്.
60 കൊല്ലത്തെ പരിചയസിദ്ധിയും 40 വർഷമായി കേരളത്തിൽ ഇൻഡസ്ട്രി നടത്തുന്നയാളാണ് ലേഖകൻ. സ്വന്തംസ്ഥാപനത്തിന്റെ നിലനിൽപ്പിനുവേണ്ടി യൂണിയൻനേതാക്കളുടെ കടുംപിടുത്തപ്രകാരം, ചെയ്യാത്തകുറ്റത്തിന് സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരന്റെ കാലുപിടിച്ച് മാപ്പു പറയുവാൻ വിധിക്കപ്പെട്ടവനുമാണ്. ഒരു സുപ്രഭാതത്തിൽ ജിയവനോലബിന്നി എന്ന സ്ഥാപനത്തിന്റെ ഉടമയായ ഡാൽമിയയെ സെക്രട്ടേറിയറ്റിൽവെച്ച്‌ യൂണിയൻ നേതാക്കൾ തല്ലിച്ചതയ്ക്കുകയുണ്ടായി. ഇത്തരം സ്വഭാവവൈകല്യങ്ങളെല്ലാം പാടേ മാറ്റി മറ്റു സംസ്ഥാനങ്ങളുമായി കിടപിടിക്കത്തക്കവിധത്തിൽ തൊഴിൽസംസ്കാരം മാറ്റുകയാണെങ്കിൽ നമ്മുടെ സംസ്ഥാനത്തിന്റെ വരുമാനം വർധിക്കും.