ഭാഷാഘടനയിലും വ്യാകരണത്തിലും വരുത്തുന്ന സ്ഥൂലവ്യതിയാനങ്ങൾ ഭാഷയെയും സംസ്കാരത്തെയും തകർക്കുമെന്ന് നിരന്തരം കലഹിച്ച എഴുത്തുകാരനായിരുന്നു പ്രൊഫ. എം. കൃഷ്ണൻ നായർ. മാർച്ച് 15-ന് നടന്ന ഈ വർഷത്തെ എസ്.എസ്.എൽ.സി. ഫിസിക്സ് പരീക്ഷയുടെ ഇംഗ്ലീഷ് മീഡിയം ചോദ്യപ്പേപ്പറിൽ കടന്നുകൂടിയ പ്രകടമായ ഭാഷാവൈകല്യങ്ങൾ ചൂണ്ടിക്കാട്ടാനാണ് ഈ കത്ത്. ‘പോലീസുകാർക്ക് ഈ വീട്ടിലെന്താണുകാര്യം’ എന്ന് ഭൗതികശാസ്ത്രത്തിലെ ഭാഷാനിർബന്ധബുദ്ധിയെ അപഹസിക്കാമെങ്കിലും എസ്‌.എസ്‌.എൽ.സി. പോലെ അതിപ്രാധാന്യമർഹിക്കുന്ന ഒരു പൊതുപരീക്ഷയുടെ ചോദ്യപേപ്പറിലെ പ്രമാദങ്ങൾ അവഗണിക്കുകവയ്യ.
a) ചോദ്യം 25-ൽ ‘How fossil fuels are formed?’ എന്നുകൊടുത്തിരിക്കുന്നു. ഇത് ‘How are’ എന്നു വേണം തുടങ്ങാൻ.
b) ചോദ്യം 28-ൽ ‘What is the negative sign indicates?’ എന്നുകാണുന്നു. ഇത് ശരിയായി വേണ്ടത് ‘What does the negative sign indicate?’ എന്നാണ്.
c) ചോദ്യം 30-ൽ ‘Identify the circuit in which the bulb glows’ എന്നുവേണ്ടിടത്ത് ‘Which bulb in the circuit’ എന്നു പ്രയോഗിച്ചിരിക്കുന്നു.
d) persistence എന്ന പദത്തിന്റെ spelling
കൊടുത്തിരിക്കുന്നത് persistance എന്നാണ്. എടുത്തുപറയാൻ ഇത്തരം അപാകങ്ങൾ ഇനിയുമുണ്ട് ഈ ചോദ്യപേപ്പറിൽ. വിഷയം ഭൗതികശാസ്ത്രമാണെങ്കിലും ഭാഷാശുദ്ധിയെ കാറ്റിൽപ്പറത്തുന്നത് നിലവാരത്തെ ബാധിക്കുമെന്ന് തീർച്ച.