കോവിഡിന് മുമ്പിൽ പകച്ചുനിൽക്കുന്ന ഇന്ത്യയുടെ അവസ്ഥ മനുഷ്യത്വമുള്ള എല്ലാവർക്കും നൊമ്പരത്തോടെയേ നോക്കിക്കാണാനാകൂ. കൃത്യമായി എല്ലാവരെയും വാക്സിനേഷന് വിധേയമാക്കുന്നതിലൂടെയേ ഈ പ്രതിസന്ധി പരിഹരിക്കാൻ സാധിക്കൂ. വാക്സിനുവേണ്ടി പ്രതീക്ഷയോടെ കാക്കുന്ന ജനതയെ തീർത്തും അവഗണിക്കുന്ന നിലപാടാണ് വാക്സിൻ നയത്തിലെ മലക്കംമറിച്ചിലിലൂടെ കേന്ദ്രസർക്കാർ സ്വീകരിച്ചിട്ടുള്ളത്. സൗജന്യമായി നൽകേണ്ട വാക്സിൻ കച്ചവടവസ്തുവാക്കുന്നതും ഏകീകൃതമായ വില നിശ്ചയിക്കാത്തതും രാജ്യത്തെ സാധാരണക്കാർക്ക് വാക്സിൻ അപ്രാപ്യമാകാനേ ഉപകരിക്കൂ. എങ്കിലും കേരളത്തിൽ വാക്സിൻ സൗജന്യമായിരിക്കുമെന്ന് ഉറപ്പുതന്ന മുഖ്യമന്ത്രിയും ഇതിൽ സർക്കാരിനെ സഹായിക്കാൻ മുന്നിട്ടിറങ്ങിയ പൊതുജനവും  എപ്പോഴത്തെയും പോലെ കേരളം ഈ വിഷമഘട്ടത്തെയും അതിജീവിക്കുമെന്ന പ്രത്യാശ പകരുന്നു.