ചില്ലുകൂട്ടിനുള്ളിലെ പ്രഷർ കുക്കർ ജീവിതങ്ങൾ എന്ന പരമ്പര വായിച്ചു. സർക്കാരിന്റെയും ബാങ്ക് മാനേജ്‌മെന്റിന്റെയും അടിയന്തര ശ്രദ്ധയ്ക്ക് ചില കാര്യങ്ങൾ.
ബാങ്കിന്റെ സ്റ്റാഫ് പാറ്റേൺ ശാസ്ത്രീയമായി പുനർനിർണയം ചെയ്ത്‌ വേണ്ടത്ര സ്റ്റാഫിനെ നിയമിക്കുക.  സ്റ്റാഫിന്റെ അനുപാതത്തിൽ മനഃശാസ്ത്രജ്ഞരെ നിയമിക്കുകയും നിശ്ചിത കാലയളവിൽ ഇവർ ബാങ്ക് ബ്രാഞ്ചുകൾ സന്ദർശിക്കുകയും സ്റ്റാഫിനുവേണ്ട കൗൺസലിങ് നൽകുകയും ചെയ്യുക. ഓൺലൈൻ ആയി 24 മണിക്കൂറും കൗൺസലർമാരുടെ സേവനം ഉറപ്പുവരുത്തുക.  സ്‌ട്രെസ് മാനേജ്‌മെന്റിൽ സ്റ്റാഫിന് പരിശീലനം നൽകുകയും ഇതിൽ അവരുടെ സാന്നിധ്യം ഉറപ്പുവരുത്തുകയും ചെയ്യുക.  ബാങ്ക് ജീവനക്കാരുടെ ജോലി ഭാരത്തിനും സമ്മർദത്തിനും ആനുപാതികമായി അവരുടെ ശമ്പളനിരക്കുകളും ആനുകൂല്യങ്ങളും പുനർനിർണയിക്കുക. വരിഞ്ഞുമുറുകിയ, പുഞ്ചിരിക്കാൻ മറന്ന മുഖങ്ങളിൽ സംതൃപ്തി നിറഞ്ഞ മുഖഭാവങ്ങൾ തിരിച്ചുവരട്ടെ.