# പി. പത്മനാഭൻ, അന്നൂർ.
സി.എ.ജി. റിപ്പോർട്ടിലെ കിഫ്ബിക്കെതിരായ പരാമർശങ്ങൾ തള്ളിക്കളയുന്ന പ്രമേയം നിയമസഭ പാസാക്കിയിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ മാതൃഭൂമി പത്രം 23-ന് ഇറങ്ങിയത് അസാധാരണം എന്ന തലക്കെട്ടോടെയായിരുന്നല്ലോ.
വരവുചെലവുകൾ സംബന്ധിച്ച് പൊതുജനങ്ങൾക്കും സർക്കാരിനുമിടയിലെ വളരെ പ്രധാനപ്പെട്ട പരിശോധനാസംവിധാനമാണ് ഓഡിറ്റിങ്. ഒരുപക്ഷേ, ഈ രീതി നമ്മുടെ സഹകരണ സ്ഥാപനങ്ങളും പൊതുസ്ഥാപനങ്ങളും ധനകാര്യസ്ഥാപനങ്ങളും ആവർത്തിക്കുമ്പോൾ ഓഡിറ്റിങ്ങിന്‍റെ വിശ്വാസ്യത നഷ്ടപ്പെടുകയും ഓഡിറ്റ് വെറും സാമ്പത്തികപരിശോധന മാത്രമായി മാറുകയും ചെയ്തേക്കാം. ഓഡിറ്റിങ്ങിലെ നിഷ്പക്ഷതയും സുതാര്യതയും നഷ്ടപ്പെട്ടുകൂടാത്തതാണ്. അതുകൊണ്ടാവാം ഈയൊരു നടപടിയുടെ തലക്കെട്ടിന് അസാധാരണം എന്ന പേരുനൽകിയതും.
വ്യാപാരികളുടെ സമസ്യകൾ
# ഏലൂർ ഗോപിനാഥ്, പ്രസിഡന്റ്, കേരള വ്യാപാരി വ്യവസായി ഏകോപനസമതി, ഏലൂർ
കടക്കെണിയിലായ കച്ചവടത്തെക്കുറിച്ച് മാതൃഭൂമിയിൽ ടി. സോമൻ യുക്തിഭദ്രമായെഴുതിയ ലേഖനവും വ്യാഴാഴ്ചത്തെ സമഗ്രവും സംക്ഷിപ്തവുമായ മുഖപ്രസംഗവും വായിച്ചാൽ സർക്കാരിന്റെ കണ്ണുതുറപ്പിക്കണ്ടതെല്ലാം അതിലുണ്ട്. അതിന് നന്ദി പറയുന്നു.
സർക്കാരിന്റെ കറവപ്പശുവാണ് വ്യാപാരികൾ. വ്യാപാരികളെ മുതലാളിയെന്നുവിളിക്കുന്നവർ അവർ സർക്കാരിനുവേണ്ടി നികുതിപിരിച്ച് അടയ്ക്കുന്ന സേവകർകൂടിയാണെന്നറിയണം. എന്നാൽ, ഏകമുഖനികുതി നടപ്പാക്കി ഈ ഗുമസ്തപ്പണിയിൽനിന്ന് വ്യാപാരികളെ ഒഴിവാക്കാൻ ഒരു സർക്കാരും തയ്യാറാവുന്നുമില്ല.
ഇപ്പോൾ വ്യാപാരികളുടെ ആകർഷണമാണ് ക്ഷേമനിധി പെൻഷൻ. അതിന് ട്രേഡേഴ്‌സ് വെൽഫെയർ ബോർഡുമുണ്ട്. ഇത് ക്ലാസുതിരിച്ചുള്ള കോൺട്രിബ്യൂട്ടറി പെൻഷനുമാണ്. കോടിക്കണക്കിനുരൂപ ഈയിനത്തിൽ സംഘടനകൾ നൽകിവരുന്നുണ്ട്. കേരള വ്യാപാരി വ്യവസായി ഏകോപനസമതി എന്ന വലിയ സംഘടന വൻതുകയാണ് അടച്ചുവരുന്നത്. എന്നാൽ, സർക്കാർ അനുവദിച്ച പെൻഷനൻതുകയും കൊടുത്തതുകയും പറഞ്ഞാണ് കൈയടി വാങ്ങിക്കാൻ ശ്രമിക്കുന്നത്. എന്നാൽ, സത്യം അർഹരായവർക്ക് മുഴുവൻ ലഭിക്കുന്നില്ല. എന്റെ യൂണിറ്റിൽ അഞ്ചുപേർക്കാണ് പെൻഷൻ ലഭിക്കുന്നത്. അപേക്ഷ നൽകി കാത്തിരിക്കുന്നവർ 15. അതുപോലെത്തന്നെ ക്ഷേമനിധിയിൽനിന്ന് പ്രളയം, കോവിഡിന് അനുവദിക്കുന്ന അനുകൂല്യങ്ങൾ എന്നിവ അർഹർക്കുമുഴുവൻ ലഭിക്കുന്നില്ല. കാരണങ്ങൾ പലതാവാം. പരിഹാരമെന്നനിലയിൽ ബോർഡിന്റെ ഓഫീസ് മേഖല തിരിച്ച് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ തുടങ്ങിയാൽ പരാതിയുടെ വലുപ്പംകുറക്കാൻ കഴിയും, അർഹർക്ക് ഗുണകരമാകും.
2018-ലെ പ്രളയത്തിൽ എല്ലാം നശിച്ചവരാണ് ഞങ്ങൾ എന്നുപറഞ്ഞാൽ, അങ്ങനെ ഒരു പ്രളയം ഉണ്ടായോയെന്ന് ചരിത്രപുസതകം വായിച്ചുനോക്കിയിട്ട് പറയാമെന്ന മട്ടിലാണ് പല ഉദ്യോഗസ്ഥരുടെയും പെരുമാറ്റം. ഇതിനെല്ലാം പരിഹാരമാവും മേഖലാ ഓഫീസുകൾ.
കൈയക്ഷര വാർത്ത
# എൻ. മൂസക്കുട്ടി, തൃശ്ശൂർ
കൈയക്ഷര ദിനത്തിൽ ‘മാതൃഭൂമി’ പ്രസിദ്ധീകരിച്ച മലയാളഭാഷയെ സമ്പന്നമാക്കിയ ചില സാഹിത്യനായകരുടെ കൈയക്ഷരങ്ങളും വാർത്തയും കൗതുകകരമായി.
സാമൂഹികമാധ്യമങ്ങളുടെയും ഡി.ടി.പി.യുടെയും പ്രചാരം വർധിച്ചതോടെ കൈകൊണ്ടെഴുതൽ ശീലം പലരും വിശേഷിച്ച്, പുതുതലമുറ കൈയൊഴിഞ്ഞ മട്ടാണ്.
സ്കൂളുകളിൽ കൈയക്ഷരം നന്നാക്കാനുള്ള കോപ്പിയെഴുത്ത് പണ്ടത്തെപ്പോലെ പ്രോത്സാഹിപ്പിക്കുന്നില്ല. നമ്മുടെ പ്രമുഖരായ മിക്ക യുവസാഹിത്യകാരന്മാരും ഇപ്പോൾ ഡി.ടി.പി. ചെയ്താണ് സൃഷ്ടികൾ പ്രസിദ്ധീകരണങ്ങൾക്കയക്കുന്നത്. പ്രമുഖകരായ എഴുത്തുകാരുടെ കൈപ്പട കാണാൻ ഭാവിതലമുറയ്ക്ക് കഴിയുമോ?