കേരളത്തിലെ വ്യാപാരിസമൂഹം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച്‌ ‘മാതൃഭൂമി’ പ്രസിദ്ധീകരിച്ച പരമ്പര ഉചിതമായി. സർക്കാരിന്റെ ഏത്‌ വകുപ്പായാലും ഈ സമൂഹത്തെ ഞെക്കിപ്പിഴിയുന്നു. തദ്ദേശഭരണസ്ഥാപനങ്ങൾ ലൈസൻസ്‌ ഫീ, അനുബന്ധ ഫീസുകൾ എന്നനിലയിൽ അമിതമായ തുക ഓരോവർഷവും ഈടാക്കുന്നു. കെട്ടിടനികുതിയും തഥൈവ. വൈദ്യുതബോർഡ്‌ ഫിക്സഡ്‌ ചാർജ്‌ എന്നയിനത്തിൽ വാങ്ങുന്നത്‌ വൻതുകയല്ലേ. ഒരു യൂണിറ്റ്‌ വൈദ്യുതി ഗാർഹികമേഖലയിൽ നൽകുമ്പോൾ വാങ്ങുന്നതും കച്ചവടക്കാരനിൽനിന്ന്‌ വാങ്ങുന്നതും  രണ്ടുതരത്തിലുള്ള തുകയല്ലേ. വാണിജ്യനികുതിവകുപ്പ്‌ വാറ്റ്‌ ഏർപ്പെടുത്തിയപ്പോൾ രജിസ്‌ട്രേഷൻ ഇനത്തിൽ കിസാൻ വികാസ്‌പത്ര വഴി സമാഹരിച്ചത്‌ തിരിച്ചുനൽകുന്നില്ല. ഇപ്പോൾ ജി.എസ്‌.ടി.യായി മാറിയ സമയത്ത്‌ വാങ്ങിയത്‌ വേറെ. വാറ്റ്‌ ഇനത്തിൽ 250 കോടിരൂപയെങ്കിലും സർക്കാരിന്റെ  കൈയിൽ നീക്കിയിരിപ്പാണ്‌.

കേരളത്തിൽ ബാങ്കുകളെ നിലനിർത്തുന്നത്‌ വ്യാപാരികളാണ്‌. എന്നാൽ,  ബാങ്കിന്റെ പടികടന്നുചെന്നാൽ ഓരോന്നിനും ചാർജ്‌ നൽകണം. അക്കൗണ്ടിൽ മിനിമം ബാലൻസ്‌ നിർബന്ധം. ചെക്കുബുക്കിന്‌ അപേക്ഷിച്ചാൽ ഒരു ലീഫിന്‌ ആറുരൂപ നൽകണം. 25,000 രൂപയ്ക്കുമുകളിൽ അടച്ചാൽ കാഷ്‌ ഹാൻഡ്‌ലിങ്‌  ചാർജ്‌ നൽകണം. നിശ്ചിതതുകയിൽ കൂടുതൽ അടച്ചാൽ കാഷ്‌ ട്രാൻസ്‌ഫർ ഫീ ഉണ്ട്‌. കറന്റ്‌ അക്കൗണ്ടിൽ മൂന്നരലക്ഷംരൂപയിൽ കൂടുതൽ ഇടപാടുനടത്തിയാൽ അതിന്‌ ഫീസ്‌ കൊടുക്കണം. പിന്നെ ഫോളിയോ ചാർജ്‌, ബാങ്ക്‌ സ്റ്റേറ്റ്‌മെന്റ്‌ ചാർജ്‌ എന്നിവ വേറെ. ബാങ്ക്‌, വ്യാപാരിയിൽനിന്ന്‌ വായ്പയ്ക്ക്‌ പലിശയെടുക്കുന്നുണ്ട്‌. ബാങ്കിന്റെ നിത്യേനയുള്ള ഇടപാടുകൾക്കാണ്‌ ജീവനക്കാരെ നിയമിക്കുന്നത്‌. ഈ ജീവനക്കാർ ചെയ്യുന്ന മേൽപ്രസ്താവിച്ച ഓരോ ജോലിക്കും ഇടപാടുകാരൻ പണം കൊടുക്കണം. ഒരു ചെക്ക്‌ മടങ്ങിയാൽ രണ്ടിടത്തുനിന്ന്‌ പണമീടാക്കും. അതുകൂടാതെ വ്യാപാരി ചെക്ക്‌ കൊടുത്തയാൾ വ്യാപാരിയിൽനിന്നും പണമീടാക്കും. ഇതൊക്കെ ഭീമമായ തുകയാണ്‌. ഒരു കംപ്യൂട്ടർ ഒരുമിനിറ്റുകൊണ്ട്‌ ചെയ്യുന്ന ഈ പണിക്ക്‌ വ്യാപാരി നൽകേണ്ടത്‌ ആയിരക്കണക്കിനുരൂപ. ലോൺ എടുക്കുന്നതിന്‌ ചെന്നാൽ പ്രൊസസിങ്‌ ചാർജ്‌. സ്ഥലപരിശോധന ചാർജ്‌, ലീഗൽ ഫീസ്‌ തുടങ്ങി ഒട്ടേറെ കാര്യങ്ങൾക്കും പണം നൽകണം. ലോണിന്‌ പലിശയും കൊടുക്കണമെന്നത്‌ വേറെ കാര്യം.

പ്രളയം വന്നപ്പോൾ വ്യാപാരികൾ ഭീമമായ തുകയാണ്‌ സർക്കാരിന്‌ പിരിച്ചുനൽകിയത്‌. പ്രളയബാധിതരായ കച്ചവടക്കാർക്ക്‌ നയാപൈസ സർക്കാർ നൽകിയതുമില്ല. അവരുടെ മക്കൾക്കാർക്കും ഒരു സർക്കാർജോലിയും നൽകിയതായി അറിയില്ല. ഇത്തവണ കേരളബജറ്റിൽ വ്യാപാരികൾ ഒഴികെയുള്ള സമസ്ത ജനവിഭാഗങ്ങൾക്കും വാരിക്കോരി സഹായം പ്രഖ്യാപിച്ചു. ഓൺലൈൻ വ്യാപാരശൃംഖലയെ നിയന്ത്രിക്കാൻ ഒരുനിയമവും കേന്ദ്രവും സംസ്ഥാനവും എടുക്കുന്നില്ല. എത്രകോടിയാണ്‌ ഓരോവർഷവും ഈ കച്ചവടംവഴി സംസ്ഥാനത്തിന്‌ നഷ്ടമാകുന്നത്‌. എന്നിട്ടും നികുതി പിരിച്ചുനൽകുന്ന വ്യാപാരിയോടാണ്‌ അസഹിഷ്ണുത. വ്യാപാരി ഇതെല്ലാം സഹിച്ചേ മതിയാകൂ. കാരണം, അവർ ജനിച്ചിട്ടുള്ളത്‌ എല്ലാം സഹിക്കാൻവേണ്ടിയാണ്‌.