മാതൃഭൂമി കലണ്ടർ കാലത്തിന്റെ കണക്കുപുസ്തകം. തീയതിയും വർഷവുമെല്ലാം രചിച്ച് നിരവധി കലണ്ടറുകൾ വർണക്കടലാസുകളിൽ എത്തുമ്പോഴും മാതൃഭൂമി കലണ്ടർ വെളുപ്പും കറുപ്പും അതിനിടയിലെ ചുവപ്പും നൽകുന്ന നാളും കണക്കും നാട്ടുവിശേഷവുമെല്ലാം ചാർത്തി വർഷാവർഷത്തെ രേഖയായി വീട്ടുചുമരിൽ പരിലസിക്കുന്നുണ്ട്. നാട്ടിൻപ്പുറത്തെ ഓലപ്പുരയായാലും ഓടായാലും കോൺക്രീറ്റായാലും അതൊരു ഐശ്വര്യംതന്നെയാണ്. മാതൃഭൂമി കലണ്ടർ പൊതിഞ്ഞുസൂക്ഷിക്കുന്ന തിരുവമ്പാടിയിലെ വിജയന്റെ സചിത്രവാർത്ത കണ്ടപ്പോൾ ശരിക്കും അദ്ദേഹത്തോട് അസൂയതോന്നിപ്പോയി. മാതൃഭൂമിയുടെ ഒരു പ്രസിദ്ധീകരണവും ആയുസ്സറ്റതല്ല. മറിച്ച് പഠനരേഖകൾതന്നെയാണെന്ന് ഇത് തെളിയിക്കുന്നു.