# എസ്.എം. സലിം, ആർക്കിടെക്ട്
പുതുതായി നിലവിൽവന്ന കെട്ടിടനിർമാണച്ചട്ടങ്ങൾ ആർക്കിടെക്ടുമാരെയും ബിൽഡർമാരെയും ഞെട്ടിപ്പിക്കുന്നതാണ്. ചട്ടങ്ങൾ ഇറങ്ങിയതിനുശേഷം ഉണ്ടാവുന്ന പരാതികൾ പരിഹരിച്ച് പുതിയ ഉത്തരവുകൾ ഇറങ്ങാൻ ചുരുങ്ങിയത് ആറുമാസമെങ്കിലും എടുക്കും. ഈ പ്രാവശ്യം ചട്ടങ്ങൾ ഇറങ്ങുന്നതിനുമുമ്പ് ഉത്തരവാദപ്പെട്ട അതോറിറ്റിയുമായി ബന്ധപ്പെട്ട് ഞങ്ങളുടെ അഭിപ്രായംകൂടി ഉൾപ്പെടുത്തണമെന്ന് അപേക്ഷിച്ചിരുന്നു. പക്ഷേ, അത് നിരസിക്കപ്പെട്ടു. സർക്കാർ ഓഫീസർമാരും ടൗൺ പ്ളാനിങ് വിഭാഗവും ചേർന്നാണ് ഇപ്പോഴുള്ള ചട്ടങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്.
റോഡിന്റെ വീതി കൂടുതൽ നാഷണൽ ഹൈവേയിലേയുള്ളൂ. മറ്റു റോഡുകൾ വീതി കുറവാണ്. അവിടെയെല്ലാം കെട്ടിടങ്ങളുമുണ്ട്. അതിനാൽ റോഡിന്റെ വീതി 5-6 മീറ്റർ എന്ന പഴയ നിയമംതന്നെ നിലനിർത്തണം.
പുതിയ ചട്ടപ്രകാരം കാർ പാർക്കിങ് സ്ഥലവും മറ്റു ഇൻഫ്രാസ്‌ട്രക്‌ചർ ഏരിയയും മുഴുവനായി കെട്ടിട ഏരിയയിൽ ഉൾപ്പെടുത്തുന്നുണ്ട്. ഇത് മുമ്പത്തെ ചട്ടത്തിൽ ഇല്ലായിരുന്നു. കാർ പാർക്കിങ്ങിന്റെ കാര്യത്തിൽ ഒരു കാറിന് പഴയ ചട്ടപ്രകാരം 50 സ്ക്വയർ മീറ്ററാണ്. എന്നാൽ, പുതിയ ചട്ടപ്രകാരം 40 സ്ക്വയർ മീറ്റർ മതി.
താഴത്തെ നിലയിലെ സെറ്റ് ബാക്കിന്റെ കാര്യത്തിൽ പഴയ റൂളിന് വിരുദ്ധമായാണ് പുതിയ റൂളിൽ വന്നിരിക്കുന്നത്. ഇതുകാരണം പാർക്കിങ് ഏരിയ താഴത്തെ നിലയിൽ കുറയും. ഈ അവസ്ഥയിൽ മുകളിലത്തെ നിലകൂടി പാർക്കിങ്ങിന് ഉപയോഗിക്കേണ്ടിവരും. ബിൽഡിങ്ങിന്റെ ഉയരം കൂടും.
ബിൽഡിങ്ങിന്റെ ഉയരം 16 മീറ്ററിൽ കൂടുതലോ നാലുനിലയിൽ അധികമോ ആയാൽ ഹൈറൈസ് ബിൽഡിങ്ങിന്റെ പരിധിയിൽ വരും. അപ്പോൾ ചെറിയ പ്ലോട്ടിൽ ഒരു നില പാർക്കിങ്ങും നാലുനില ഗൃഹസമുച്ചയം എന്ന രീതി കൊണ്ടുവരാൻ ഇപ്പോൾ നിലവിൽവന്ന ചട്ടപ്രകാരം പറ്റില്ല. അതിനാൽ പഴയ റൂളായ 16 മീറ്ററിനു മുകളിൽ എന്നുള്ളതുവെച്ച് നാലുനിലകൾ എന്നത് ഒഴിവാക്കുന്നത് സ്വീകാര്യമായിരിക്കും.
നാഷണൽ ബിൽഡിങ് കോഡിനെ (NBC) അപേക്ഷിച്ച് ടോയ്‌ലറ്റിന്റെ എണ്ണത്തിന്റെ കാര്യത്തിൽ ഇപ്പോഴത്തെ ചട്ടമോ പഴയ ചട്ടമോ പ്രായോഗികമല്ല. കണ്ണൂരിലെ വ്യവസായി ആത്മഹത്യചെയ്യാൻ ഒരു കാരണമിതാണ്. പഴയതും പുതിയതുമായ ചട്ടങ്ങൾ താരതമ്യം ചെയ്യുമ്പോൾ വാഷ്‌ബേസിൻ, ഷവർ എന്നിവയുടെ എണ്ണം ഇരട്ടിയായിരിക്കുന്നു. ആത്മഹത്യചെയ്ത വ്യക്തിയുടെ കണ്ണൂരിലെ കൺവെൻഷൻ സെന്ററിൽ ചട്ടത്തിൽ പറഞ്ഞപ്രകാരമുള്ള ടോയ്‌ലറ്റുകൾ നിർമിച്ചിരുന്നില്ല. ഈ ചട്ടപ്രകാരം നിർമാണച്ചെലവ് കൂടുതലാവുകയും സൗകര്യങ്ങൾ കുറയുകയുമാണ് ചെയ്യുന്നത്. ഇങ്ങനെയുള്ള കാര്യങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻവേണ്ടിയാണ് സീനിയർ ആർക്കിടെക്ടുമാരെ ഇതിൽ ഉൾപ്പെടുത്തേണ്ടതായിരുന്നെന്ന് പറയാൻ കാരണം.
നെൽവയൽകൃഷി ആവശ്യത്തിന് ഉപയോഗിക്കണം എന്നകാര്യം എല്ലാവരും അംഗീകരിക്കുന്നു. പക്ഷേ, നഗരത്തിൽ ഒരു ഏക്കറിൽ 10 മുതൽ 15 സെന്റുവരെ ഡേറ്റ ബാങ്കിൽ ഉൾപ്പെട്ട നെൽവയൽ ആയിരിക്കും. ഇത്തരം സ്ഥലത്ത് ജനങ്ങൾക്ക് പെർമിറ്റ് കിട്ടണമെങ്കിൽ ബുദ്ധിമുട്ടാണ്.
സംരംഭകരെ കേരളത്തിലേക്ക് ക്ഷണിക്കുന്നു എന്ന് സർക്കാർ പറയുന്നു. പക്ഷേ, മറുഭാഗത്ത് ഇത്തരം ചട്ടങ്ങൾ ഉണ്ടെങ്കിൽ ആരാണ് ഇവിടെ നിക്ഷേപിക്കുക. വ്യവസായികസംരംഭങ്ങൾക്ക് മൂന്നുവർഷത്തേക്ക് പെർമിറ്റ് ആവശ്യമില്ല. നിർമാണം നടത്തി ഉത്‌പാദനം തുടങ്ങാം എന്ന് സർക്കാർ പ്രഖ്യാപനമുണ്ട്.
ഒരുപക്ഷേ, ആരെങ്കിലും വ്യവസായമേഖലയിൽ വ്യവസായം തുടങ്ങാൻ ഉദ്ദേശിച്ചാൽ അവിടെയും 10 മുതൽ 20 ശതമാനത്തോളം സ്ഥലം നെൽവയൽ ആകാം. പിന്നെ അവർ എന്തുചെയ്യും? മൂന്നുവർഷത്തിനുശേഷം പ്രസ്തുത ആൾ പെർമിറ്റിന് അപേക്ഷിക്കാൻ പോകുമ്പോൾ ഈ ബിൽഡിങ് ഡേറ്റ ബാങ്കിൽ ഉൾപ്പെട്ടതിനാൽ പൊളിച്ചുകളയാൻ അധികാരികൾ പറയുകയും ചെയ്യും. അതിനാൽ സർക്കാരിനോട് ഒരു അപേക്ഷയുണ്ട്, ദൃഢമായ ഒരു വ്യവസ്ഥയുണ്ടാക്കി സംരംഭകർക്ക് തടസ്സമില്ലാതെ സംസ്ഥാനത്ത് സംരംഭങ്ങൾ തുടങ്ങാൻവേണ്ട നടപടികൾ കൈക്കൊള്ളണം.
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ
# ഹേമന്ത് മനേക്കര, തലശ്ശേരി
കേരളത്തിൽ ഹൈക്കോടതിക്കുകീഴിൽ എല്ലാ ജില്ലകളിലുംകൂടി ഇരുപതിൽപ്പരം വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണലുകളുണ്ട്. ഈ ട്രിബ്യൂണലുകൾ വിധിക്കുന്ന നഷ്ടപരിഹാരത്തുകകൾ ഇപ്പോൾ വിവിധ ദേശസാത്കൃത ബാങ്കുകളിലാണ് ഇൻഷുറൻസ് കമ്പനികൾ നിക്ഷേപിക്കുന്നത്. പ്രായപൂർത്തിയാകാത്തവരുടെ പേരിലുള്ള തുകകൾ അവർ പ്രായപൂർത്തിയാകുന്നതുവരെയും അല്ലാത്തവരുടെ നിശ്ചിതതുക അഞ്ചുവർഷത്തേക്ക് സ്ഥിരനിക്ഷേപമായും ദേശസാത്കൃത ബാങ്കുകളിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ഈ തുക സംസ്ഥാന സർക്കാരിന്റെ ട്രഷറിയിൽ നിക്ഷേപിക്കാൻ ഹൈക്കോടതി മുഖേന സർക്കാരിന് ചെയ്യാവുന്നതേയുള്ളൂ. ഒരുപക്ഷേ കേരളത്തെ സംബന്ധിച്ചിടത്തോളം വൻ വരുമാനവർധനയ്ക്ക് മുതൽക്കൂട്ടാവുമെന്ന് പറയാം.