‘കെ.എസ്.ആർ.ടി.സി.യെ കൊല്ലരുത്’ എന്ന ശീർഷകത്തിൽ ‘മാതൃഭൂമി’ എഴുതിയ മുഖപ്രസംഗം ഗംഭീരമായി എന്നു പറയാതെ തരമില്ല. നടത്തിപ്പിലെ ന്യൂനതകൾ കണ്ടെത്തി, അവ പരിഹരിച്ച് മുന്നോട്ടു പോയെങ്കിൽമാത്രമേ കോർപ്പറേഷന് നിലനില്പുണ്ടാകുകയുള്ളൂ എന്നത് എല്ലാവർക്കും അറിയുന്ന സത്യമാണ്. പക്ഷേ, അതിനുള്ള ഒരു ശ്രമവും അവിടെ നടക്കുന്നില്ല എന്നുള്ളതല്ലേ വാസ്തവം?

കെ.എസ്.ആർ.ടി.സി.യെ ലാഭകരമാക്കി മാറ്റാൻവേണ്ടി മാറിമാറിവരുന്ന മാനേജ്മെന്റുകൾ നടപ്പിലാക്കുന്ന പരിഷ്കാരങ്ങളൊന്നും അവിടത്തെ യൂണിയൻ നേതാക്കൾക്ക് ഇഷ്ടപ്പെടില്ല. പുതിയ സമ്പ്രദായങ്ങൾ വന്നാൽ തങ്ങളും പണിയെടുക്കേണ്ടി വന്നെങ്കിലോ എന്നാണവരുടെ പേടി. കോർപ്പറേഷനെ ലാഭത്തിലാക്കുക എന്ന ദൃഢനിശ്ചയത്തോടെ കർശന നടപടികളുമായി വന്ന രാജമാണിക്യം എന്ന ഐ.എ.എസ്സുകാരനെ സർക്കാരിന്റെ ഒത്താശയോടെ  രായ്ക്കുരാമാനം ഓടിക്കുകയാണ് യൂണിയൻകാർ ചെയ്തത്. വിയർക്കാതെ, മേലനങ്ങാതെ അവിടെ യൂണിയൻ നേതാക്കളായി വിലസി നടക്കുന്നവരെ അടിച്ചുപുറത്താക്കാതെ ആ സ്ഥാപനം നേരെയാകുമെന്ന് ആരും സ്വപ്നം കാണേണ്ടതില്ല. പക്ഷേ, അതിനു കെല്പുള്ള ഒരു സർക്കാർ ഇതുവരെ ഇവിടെ ഉണ്ടായിട്ടില്ല എന്നുള്ളതാണ് ഖേദകരം.

ടി.പി. സെൻകുമാർ കോർപ്പറേഷൻ മാനേജിങ്‌ ഡയറക്ടറായിരിക്കുമ്പോൾ തൃശ്ശൂർ-കൊടുങ്ങല്ലൂർ(ഇരിങ്ങാലക്കുട വഴി) റൂട്ടിൽ തുടങ്ങിയ 12 ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾക്കും വളരെ നല്ല കളക്‌ഷനാണ് ലഭിച്ചുകൊണ്ടിരുന്നത്. എന്നും ലാഭകരമായിരുന്ന ഈ സർവീസുകൾ ഘട്ടംഘട്ടമായി പിൻവലിച്ചതിന്റെ ചേതോവികാരം എന്തായിരുന്നു എന്നന്വേഷിക്കാൻ ഇതുവരെ ആരെങ്കിലും മെനക്കെട്ടിട്ടുണ്ടോ? ഈ റൂട്ടിലെ സ്വകാര്യ ബസുകൾ ഇപ്പോഴും നല്ല കളക്‌ഷനോടു കൂടിത്തന്നെയാണ് ഓടിക്കൊണ്ടിരിക്കുന്നത്.

ഉണ്ണുന്ന ചോറിനോട് കൂറുകാട്ടാനാണ് കോർപ്പറേഷൻ ജീവനക്കാർ (ഭൂരിഭാഗവും ആത്മാർഥതയുള്ളവർ തന്നെയാണെന്ന കാര്യത്തിൽ സംശയമില്ല) ആദ്യം പഠിക്കേണ്ടത്. മറ്റുള്ളവർ വെച്ചുനീട്ടുന്ന നക്കാപ്പിച്ചയ്ക്കുവേണ്ടി സ്വന്തംസ്ഥാപനത്തെ ഒറ്റിക്കൊടുത്താൽ, നാളെ കരയേണ്ടി വരും എന്നോർക്കുക.