മോഹൻ നെടുങ്ങാടി, ചെർപ്പുളശ്ശേരി
അയലത്തെ പൊതു അടുക്കള എന്ന തോമസ് ഐസക്കിന്റെ ലേഖനം വായിച്ചു. പത്തു വീട്ടുകാർ ചേർന്നുള്ള പൊതു അടുക്കളയെന്നത് വീട്ടമ്മമാരുടെ വീട്ടുജോലികളുടെ ഭാരം കുറയ്ക്കാനും വീട്ടുചെലവ് കുറയ്ക്കാനും ഉതകുമെന്നകാര്യത്തിൽ തർക്കമില്ല.
ഒരു വീട്ടമ്മ സൂര്യനുദിക്കുംമുമ്പ് എഴുന്നേറ്റ് രാത്രി അടുക്കളവാതിൽ പൂട്ടുന്നതുവരെ വഹിക്കുന്ന ജോലിഭാരം വലുതാണ്. ഇത് ആരും കാണുന്നുമില്ല, വിലമതിക്കപ്പെടുന്നുമില്ല എന്ന് ലേഖകൻ പറഞ്ഞതിനോട് യോജിക്കുന്നു. ശമ്പളമില്ലാത്ത ജോലിയായതിനാലാവാം വീട്ടമ്മമാർ വഹിക്കുന്ന വീട്ടുജോലിയുടെ ഭാരം വിലമതിക്കപ്പെടാതെ പോകുന്നത്!
പണ്ടൊക്കെ അയൽപക്കക്കാർ തമ്മിലുള്ള അടുപ്പം വളരെ ആഴമേറിയതായിരുന്നു. സ്നേഹത്തോടെ അടുക്കളസാധനങ്ങളും മറ്റും അങ്ങോട്ടും ഇങ്ങോട്ടും കൊടുക്കൽ വാങ്ങൽ നടന്നിരുന്നു. ഉച്ചയൂണിന്റെ  നേരത്ത് ഒരതിഥി വീട്ടിൽവന്നാൽ അതിഥിക്കു വിളമ്പാനായി അയൽപക്കത്തെ വേലിക്കൽചെന്ന് അവിടത്തെ വീട്ടമ്മയോട് സാമ്പാറോ ഉപ്പിലിട്ടതോ ചോദിച്ചുവാങ്ങുമായിരുന്നു. അങ്ങനെ അയൽപക്ക ബന്ധങ്ങൾ കൂടുതൽ സുദൃഢമായിരുന്നു. ഇന്ന് ആർക്കും ആരോടും സംസാരിക്കാൻതന്നെ സമയമില്ല. എല്ലാവരും ജോലിഭാരത്താൽ തിരക്കിലാണ്. ഇതിനൊക്കെ അയവുവരുത്താനും അയൽപക്കബന്ധങ്ങൾ കൂടുതൽ സുദൃഢമാക്കാനും   അയലത്തെ പൊതു അടുക്കള കാരണമായേക്കും.