വിഷ്ണു ശ്രീധരൻ, കൂടാളി, കണ്ണൂർ

കൊറോണക്കാലത്ത് വിദ്യാലയങ്ങൾ അടച്ചതോടെ ദുരിതമനുഭവിക്കുന്ന വിദ്യാർഥികളുടെയും അധ്യാപകരുടെയും പ്രശ്നങ്ങൾക്കിടയിൽ അറിയാതെപോകുന്ന ഒരു കൂട്ടർകൂടിയുണ്ട്. രക്ഷിതാക്കൾ, പ്രത്യേകിച്ചും അമ്മമാർ. വീട്ടുജോലിക്കിടയിൽ മക്കളെ പഠിപ്പിക്കുക എന്ന കർമംകൂടി വന്നതോടെ അവരുടെ ജോലിഭാരം വീണ്ടും വർധിച്ചു. ജോലികൂടിയുള്ള അമ്മമാരാണെങ്കിൽ പിന്നെ പറയേണ്ടതുമില്ല.

രാവിലെ ക്ലാസ് ആരംഭിക്കുന്നതിനുമുമ്പ് അടുക്കളജോലി പൂർത്തിയാക്കണം. പലപ്പോഴും പ്രഭാതഭക്ഷണംപോലും കഴിക്കാതെ മക്കളുടെ കൂടെയിരുന്ന് ക്ലാസുകൾ ശ്രവിക്കേണ്ടിവരുന്നു. ഒന്നിൽക്കൂടുതൽ മക്കളുള്ളവരുടെ കാര്യം വീണ്ടും കഷ്ടത്തിലാകുന്നു. ഇതിനൊക്കെയിടയിൽ ഓരോ ദിനാചരണത്തിന്റെ ഭാഗമായി പല കലാസൃഷ്ടികളുണ്ടാക്കാനുള്ള അധ്യാപകരുടെ നിർദേശവും. പിന്നീട് അതിനു പിറകിലുള്ള ഓട്ടത്തിലായി. ദിനാചരണങ്ങൾ ഈ കാലത്ത് കൂടിയിട്ടുണ്ടോ എന്നൊരു സംശയം.

ഓൺലൈൻ വിദ്യാഭ്യാസമായതോടെ ഒരു ഫോണും ഒന്നിൽക്കൂടുതൽ മക്കളുമുള്ള വീട്ടിൽ വീണ്ടും പ്രശ്നം. റേഞ്ച് കിട്ടാത്തതും ഡേറ്റ പെട്ടെന്ന് കഴിഞ്ഞുപോകുന്നതും നിത്യസംഭവങ്ങൾ. ക്ലാസുകൾ കഴിഞ്ഞയുടനെ അന്ന് നൽകിയ വർക്കുകൾ ചെയ്യിക്കണം. അവ അയച്ചുകൊടുക്കണം. ഫോണിലാകട്ടെ, ഗ്രൂപ്പുകളുടെ ബഹളമയമാണ്. ഓരോ വിഷയത്തിനും ഓരോ ഗ്രൂപ്പ്, ഒരു ക്ലാസ് ഗ്രൂപ്പ്, ഒരു സ്കൂൾ ഗ്രൂപ്പ്... അവ പരസ്പരം മാറിപ്പോകാതെ അയക്കുകയും വേണം. ചിലത് ഓഡിയോയായും വീഡിയോയായും അയക്കേണ്ടിവരും. അതിന് കുട്ടികളെ സജ്ജരാക്കണം. മിക്കദിവസങ്ങളിലും പ്രത്യേക ക്ലാസുകളും പരീക്ഷകളും ഉണ്ടാവും. മുമ്പ് ശനിയും ഞായറും അവധിയായിരുന്നു. ഇപ്പോൾ അന്നും എഴുതാനും മറ്റും കാണും. അധ്യാപികമാരായ അമ്മമാരാവട്ടെ, തങ്ങളുടെ കുട്ടികളുടെ കാര്യങ്ങളോടൊപ്പം വിദ്യാലയത്തിലെ കുട്ടികളുടെ കാര്യങ്ങളും നോക്കണം.