ഹരിദാസൻ പാലയിൽ

കേരളത്തിൽ ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുക്കാൻ അവസാനനിമിഷംവരെ ഉറച്ചുനിന്ന ഒരേയൊരു രാഷ്ട്രീയനേതാവ് ഗൗരിയമ്മയാണ്‌. മിച്ചഭൂമിക്കാര്യത്തിൽ ഇടത്‌-വലത് പക്ഷങ്ങൾ ദളിത്-ആദിവാസി വിഭാഗങ്ങളെ ഒരുപോലെ കൈയൊഴിഞ്ഞപ്പോൾ നിസ്സഹായയായ അവർ മുന്നണിക്ക് അകത്തുനിന്ന് പ്രതിഷേധിച്ചു.

മലയാളക്കരയിൽ സാധാരണക്കാരന്റെ തലവര മാറ്റിക്കുറിച്ച ഭൂപരിഷ്കരണനിയമപ്രകാരം മിച്ചഭൂമിയുടെ 25 ശതമാനം ദളിത്-ആദിവാസി വിഭാഗങ്ങൾക്ക് വിതരണംചെയ്യേണ്ടതുണ്ട്. എന്നാൽ, നിയമാനുസൃതം പ്രവർത്തിക്കാതെ മിച്ചഭൂമിയുടെ അനധികൃതകൈവശങ്ങൾക്ക് നിയമസാധുത നൽകുന്നതിനെക്കുറിച്ചാണ് സംസ്ഥാനത്തെ മുഖ്യധാരാപാർട്ടികളും പ്രാദേശികകക്ഷികളും ചിന്തിച്ചത്. അങ്ങനെയാണ് 1996-ലെ നായനാർ സർക്കാരിൽ റവന്യൂമന്ത്രിയായിരുന്ന കെ.ഇ. ഇസ്മായിൽ ഇതിനായി ഭൂപരിഷ്കരണനിയമ ഭേദഗതിബിൽ നിയമസഭയിൽ അവതരിപ്പിച്ചത്. പക്ഷേ, ആ സർക്കാരിന്റെ കാലത്ത് ഈ ബിൽ സഭയിൽ ചർച്ചയ്ക്കെടുക്കാനോ പാസാക്കിയെടുക്കാനോ കഴിഞ്ഞില്ല. തുടർന്നുവന്ന യു.ഡി.എഫ്. സർക്കാരിൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായ കാലത്താണ് ഈ ബിൽ നിയമസഭ പാസാക്കിയെടുത്തത്.

ബിൽ പാസാക്കാൻ യു.ഡി.എഫും എൽ.ഡി.എഫും ഒറ്റക്കെട്ടായി തീരുമാനിച്ചപ്പോൾ ആൾബലം കുറഞ്ഞ പാർട്ടിയുടെ നേതാവായിമാറിയ ഗൗരിയമ്മയ്ക്ക് മാറിനിന്ന് പ്രതിഷേധിക്കാനേ കഴിയുമായിരുന്നുള്ളൂ. പ്രസ്തുതദിവസം സഭ ബഹിഷ്കരിച്ചായിരുന്നു അവരുടെ പ്രതിഷേധം. ഈ ഒറ്റയാൾ പോരാട്ടത്തെ മാധ്യമങ്ങൾ അന്ന് ഏറെ പുകഴ്ത്തുകയും ചെയ്തതാണ്. അന്യാധീനപ്പെട്ട മിച്ചഭൂമിയുടെ അനധികൃത കൈവശക്കാരായവരുടെ വോട്ടുകളുടെ എണ്ണമാവാം ഇങ്ങനെ ആദിവാസികളെ കൈയൊഴിയാൻ മുഖ്യധാരാ പാർട്ടികളെ പ്രേരിപ്പിച്ചിട്ടുണ്ടാവുക.