ഗസാലി കാട്ടൂക്കാരൻ, തൃപ്രയാർ, തൃശ്ശൂർ

ലോകം മുഴുവൻ പ്രതീക്ഷയോടെ കാത്തിരുന്ന, കോവിഡ്-19ന് എതിരായി വാക്‌സിൻ റഷ്യ കണ്ടെത്തിയെന്ന വാർത്ത മാധ്യമങ്ങളിൽനിന്ന്‌ പുറത്തുവരുബോൾ സന്തോഷവും ആഹ്ലാദവും നിറയുന്നു. ഒപ്പം ഭയവും. ആരോഗ്യവിദഗ്ധരുടെ ചില അഭിപ്രായപ്രകടനങ്ങളിൽ സാധാരണനിലയിൽ ഒരു വാക്‌സിൻ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും കഴിഞ്ഞ് കണ്ടെത്തി നിർമിച്ച്, ഉത്പാദിപ്പിച്ച് അവ മനുഷ്യരിൽ ഉപയോഗിക്കാൻ യോഗ്യമായി വിപണിയിൽ എത്താൻ വർഷങ്ങൾ കാത്തിരിക്കേണ്ടിവരുമെന്ന് കേട്ടിരുന്നു. ഇവയെല്ലാം മുൻനിർത്തി കാണുമ്പോൾ ഈ ചുരുങ്ങിയ കാലയളവിൽ കോവിഡിന് എതിരേ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന വാക്‌സിൻ നിർമിച്ചു എന്ന റഷ്യയുടെ അവകാശവാദത്തെ ചോദ്യംചെയ്യാതെതന്നെ ഉൾഭയവും സംശയവും നിലനിൽക്കുന്നു. കോവിഡ് വാക്‌സിൻ കണ്ടുപിടിച്ചാൽ ഇനിയങ്ങോട്ട് പഴയ ജീവിതരീതിയിലേക്ക് തിരിച്ചുപോകാം, കോവിഡിനെ ഇനി ഭയക്കേണ്ടതില്ല എന്ന് ചിലരെങ്കിലും ചിന്തിച്ചുതുടങ്ങിയാൽ അത് വൻ വിപത്തിനെ ക്ഷണിച്ചുവരുത്തും. സർക്കാരിന്റെയും മറ്റു ആരോഗ്യപ്രവർത്തകരുടെയും നിർദേശങ്ങളും അറിയിപ്പുകളും ശിരസ്സാവഹിച്ചും സ്വയംനിയന്ത്രിത ജീവിതം നയിച്ചും കുറച്ചുകാലംകൂടി നമുക്ക് നിലവിലെ രീതിയിൽ മുന്നോട്ടുപോകാം.

പാരിസ്ഥിതികാഘാതം

മുയ്യം രാജൻ, പറശ്ശിനിക്കടവ്

ഒന്നരലക്ഷം ചതുരശ്രമീറ്റർ നിർമാണപ്രവൃത്തിക്ക് പാരിസ്ഥിതികാഘാതപഠനം വേണ്ടത്രേ. സാമ്പത്തിക താത്പര്യങ്ങൾമാത്രം മുന്നിൽക്കണ്ടുകൊണ്ടുള്ള ഇത്തരം നീക്കങ്ങൾ പ്രകൃതിയെ തകർത്തുതരിപ്പണമാക്കും. പ്രളയം, മഹാമാരി മുതലായ ദുര്യോഗങ്ങളാൽ പൊറുതിമുട്ടുന്ന നമുക്ക് ഇനിയൊരു പരിസ്ഥിതിവെല്ലുവിളികൂടി നേരിടേണ്ടി വരുമോ?