ഡോ. ബാബുരാജൻ കെ., നല്ലൂരങ്ങാടി

മഹത്തായ ജനാധിപത്യ പ്രക്രിയയുടെ സേവകനും കാവലാളുമായതിലുള്ള ചാരിതാർഥ്യം ആദ്യമേ പങ്കുവെക്കട്ടെ. ഇ.വി.എമ്മിന്റെ കൂടെ പ്രത്യേകം നൽകേണ്ട കവറുകൾ, സ്റ്റാറ്റ്യൂട്ടറി, നോൺ സ്റ്റാറ്റ്യൂട്ടറി, പാക്കറ്റ് നമ്പർ മൂന്ന് (ബ്രൗൺ), പാക്കറ്റ് നമ്പർ നാല് (ബ്ലൂ) പിന്നെയുള്ള സകലമാന ഫോമുകളിലും ഉൾപ്പെടാത്ത ചില തിരഞ്ഞെടുപ്പു ദുരനുഭവങ്ങൾ ഇവിടെ പങ്കിടട്ടെ .

ഒന്നാമത്തെ കാര്യം നമ്മുടെ തിരഞ്ഞെടുപ്പു പ്രക്രിയ ഇപ്പോഴും വളരെ സങ്കീർണ ജടിലമാണ് എന്നതാണ്. കാലഹരണപ്പെട്ട രീതികളാണ് ഈ സൈബർയുഗത്തിലും നാം പിന്തുടരുന്നത്. കടലാസുരഹിതമായി ചെയ്യാവുന്ന പല കാര്യങ്ങളും ഇപ്പോഴും പഴയപടി തുട

രുന്നു.

പോൾ മാനേജർ ആപ്പ്, എ.എസ്‌.ഡി. മോണിറ്റർ ആപ്പ് എന്നിവയൊക്കെയുണ്ടെങ്കിലും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളെ സമഗ്രമായി ഉൾക്കൊള്ളാവുന്ന ഒരാപ്പും കോപ്പുമില്ലെന്നത് ദൗർഭാഗ്യകരമാണ്.

തിരഞ്ഞെടുപ്പു സാമഗ്രികൾ സ്വീകരിക്കാൻ വിതരണ കേന്ദ്രത്തിലെത്തുന്നതോടെ തുടങ്ങുന്ന ദുരിതങ്ങൾ ഡ്യൂട്ടികഴിഞ്ഞ് സകലമാന സാമഗ്രികളുമായി സ്വീകരണ കേന്ദ്രത്തിലെത്തി വിശപ്പും ക്ഷീണവുമായി നീണ്ട കാത്തിരിപ്പിനുശേഷം കൈമാറുന്നതോടെയാണ് അവസാനിക്കുന്നത്. പല പ്രശ്നങ്ങൾക്കും കാരണം കൃത്യമായ ആസൂത്രണരാഹിത്യവും വകുപ്പുകളുടെ ഏകോപനമില്ലായ്മയുമാണ്. ഇത്തവണ വിവിപാറ്റ് കൂടിയുണ്ടായിരുന്നതിനാൽ ദുരിതം ഇരട്ടിച്ചു. പല ബൂത്തുകളിലും വേണ്ടത്ര സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. വെള്ളം, വെളിച്ചം, പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യങ്ങൾ, ഭക്ഷണം, ഇന്റർനെറ്റ് ലഭ്യത എന്നിവയൊക്കെ ഉദ്യോഗസ്ഥരെ വല്ലാതെ അലട്ടി. നമുക്കെന്തുകൊണ്ട്‌ ഓരോ പ്രദേശത്തും എല്ലാവിധ സൗകര്യങ്ങളോടും കൂടിയ സ്ഥിരംബൂത്തുകൾ നിർമിച്ചുകൂടാ? തിരഞ്ഞെടുപ്പില്ലാത്തകാലത്ത് ആ കെട്ടിടങ്ങൾ സർക്കാരിന് വാടക ഈടാക്കി ആവശ്യമുള്ളവർക്ക് നൽകാനുമാകും.

സങ്കീർണത കുറയ്ക്കുകയും സുതാര്യത ഉറപ്പുവരുത്തുകയുമാണ് മറ്റൊരു കാര്യം. രാജ്യത്ത് ലക്ഷക്കണക്കിന് അഭ്യസ്തവിദ്യരായ തൊഴിൽരഹിതർ ഉണ്ടായിരിക്കേ ഈ ജോലികൾക്ക് ആവശ്യമായ പരിശീലനം നൽകി അവരെ ഉപയോഗപ്പെടുത്തേണ്ട കാര്യം തിരഞ്ഞെടുപ്പു കമ്മിഷൻ ഗൗരവമായി ചിന്തിക്കണം. രണ്ടുതവണയായി നൽകുന്ന പരിശീലനത്തിനും രണ്ടുദിവസത്തെ ഡ്യൂട്ടിക്കുമായി നൽകുന്ന വേതനം കാലാനുസൃതമായി പരിഷ്കരിക്കണം. ഒരു പ്രായപരിധി കഴിഞ്ഞവരെ ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കേണ്ട കാര്യവും പരിഗണിക്കേണ്ടതാണ്. ഇത്തവണ ഡ്യൂട്ടിക്ക് നിയോഗിച്ച അങ്കണവാടി ജീവനക്കാർക്കും ആശാ വർക്കർമാർക്കും തുച്ഛമായ വേതനമാണ് നൽകിയത്. തിരഞ്ഞെടുപ്പു ഉദ്യോഗസ്ഥർക്ക് കുടുംബശ്രീ വഴി ഭക്ഷണം എത്തിക്കാൻ സ്വീകരിച്ച നടപടി അഭിനന്ദനാർഹമാണെങ്കിലും അത് വ്യാപകമായില്ല. പലർക്കും ആഹാരത്തിനുവേണ്ടി അലയേണ്ടി വന്നു.

വിതരണ, സ്വീകരണ കേന്ദ്രങ്ങളിലെ ക്രമരാഹിത്യവും ആസൂത്രണ വൈകല്യവുമാണ് ഇപ്രാവശ്യം ഭൂരിപക്ഷം ഉദ്യോഗസ്ഥർക്കും വലിയ പ്രയാസമായത്. പലരും അർധരാത്രി പിന്നിട്ടശേഷം രണ്ടുമണിക്കും മൂന്നുമണിക്കുമൊക്കെയാണ് വീട്ടിലെത്തിയത്. നമുക്ക് ഈ പഴഞ്ചൻ തിരഞ്ഞെടുപ്പുരീതികളൊക്കെ ഒന്ന് പരിഷ്കരിച്ച് വെടിപ്പാക്കാൻ ഇനിയെത്ര കാലം കാത്തിരിക്കണം? ആരാണതിന് തടസ്സം.