എ.ജി. ശാന്തകുമാർ, കൊടുവായൂർ, പാലക്കാട്

അഴിമതിയും സ്വജനപക്ഷപാതവും അധാർമികതയും വെച്ചുപൊറുപ്പിക്കില്ലെന്ന് ഘോരഘോരം പ്രസംഗം നടത്തി അധികാര കസേരയിൽ അമർന്നിരിക്കുമ്പോൾ എല്ലാം സൗകര്യപൂർവം മറക്കുന്ന വൃത്തികെട്ട രാഷ്ട്രീയനാടകത്തിന്റെ വിളനിലമാവുകയാണോ കേരളം. പിൻവാതിൽ നിയമനങ്ങൾ തകൃതിയായി നടക്കുന്ന, ഭരണസിരാകേന്ദ്രങ്ങളുടെ അണിയറകളിൽ അഴിമതിയുടെ ദുഷിച്ച നാറ്റം പേറുന്ന, ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ ചട്ടങ്ങളെല്ലാം കാറ്റിൽപ്പറത്തുന്ന, ഒടുവിൽ എല്ലാം ഒരൊറ്റ ന്യായീകരണത്തിൽ വെളുപ്പിച്ചെടുക്കാൻ ശ്രമിക്കുന്ന, അധാർമികതയുടെ പേരായിമാറുകയാണോ കേരള മോഡൽ രാഷ്ട്രീയം. രാഷ്ട്രീയമെന്നത് ജീവനോപാധിയായ നമ്മുടെ നാട്ടിൽ അഴിമതിയുടെയും അധാർമികതയുടെയും തോളിൽ കൈയിട്ടുനടക്കുന്നവരുടെ എണ്ണം നാൾക്കുനാൾ ഏറിവരുകയാണ് .

നീതിയോടെ പ്രവർത്തിക്കേണ്ട ഭരണാധികാരികൾ അനീതിയുടെ കുടപിടിച്ചുകൊണ്ട് വോട്ടുചെയ്ത് ജയിപ്പിച്ച പൊതുജനത്തിനുമുന്നിൽ വന്നുനിന്ന് അഴിമതി വെച്ചുപൊറുപ്പിക്കില്ല എന്ന് ഒരു നാണവുമില്ലാതെ പ്രസംഗിക്കുമ്പോൾ പ്രബുദ്ധകേരളം നാണിച്ചു തലതാഴ്ത്തുകയാണ്.