കാലിവളർത്തൽ അപ്രത്യക്ഷമാകാതിരിക്കാൻ
ആർ. മുകുന്ദൻനായർ, തുളസീഭവൻ,പയ്യനാമൺ കോന്നി
എം. വിജയകുമാർ എഴുതിയ ‘പതിന്നാലാം പദ്ധതി: കൃഷി മുതൽക്കൂട്ടാവണം’ എന്ന ലേഖനം വായിച്ചു. കാർഷികാനുബന്ധ മേഖലകളിലെ ഏറ്റവും പ്രധാനപ്പെട്ട കാലിവളർത്തൽ പദ്ധതി നേരിടുന്ന കടുത്ത പ്രതിസന്ധികളാണ് ഗുണമേന്മയുള്ള പശുക്കളുടെ ലഭ്യതക്കുറവും കാലിത്തീറ്റയുടെ വിലവർധനയും. സർക്കാർ സഹായധനത്തോടെ കാലികളെ വാങ്ങേണ്ടിവരുന്ന കർഷകർ അവ ഇതരസംസ്ഥാനത്തുനിന്ന് വാങ്ങിക്കൊണ്ടുവരണമെന്നാണ് നിലവിലുള്ള വ്യവസ്ഥ. നമ്മുടെ സംസ്ഥാനത്തുനിന്നുതന്നെ വാങ്ങുമ്പോൾ തൊഴുത്തു മാറ്റിക്കെട്ടൽ മാത്രമേ നടക്കുന്നുള്ളൂ എന്നും കാലികളുടെ എണ്ണം വർധിക്കുന്നില്ലെന്നുമുള്ള കാരണങ്ങളാണ് പ്രസ്തുത ചട്ടത്തിന് പ്രേരകമാവുന്നത്. പക്ഷേ, എണ്ണം വർധിപ്പിക്കലിന് ബലികൊടുക്കേണ്ടിവരുന്നത് ഗുണനിലവാരമാണെന്നുള്ളതാണ് വസ്തുത. അതുവഴി കർഷകർക്ക് ഗതാഗതച്ചെലവ് അധികമാവുന്നതിനുപുറമേ അവർ പലവിധ തട്ടിപ്പുകൾക്ക് വിധേയരാവേണ്ടതായും വരുന്നു. എല്ലാ ജില്ലകളിലും മികച്ച കിടാരി ഉത്‌പാദനപരിപാലനവിതരണകേന്ദ്രങ്ങൾ തുടങ്ങുക മാത്രമാണ് ഇതിനുള്ള ശാശ്വതപരിഹാരം. ജില്ലാതലങ്ങളിൽ കുറെ നല്ലസംരംഭകരെ സൃഷ്ടിക്കുന്നതിനോടൊപ്പം കർഷകർക്ക് ദീർഘകാലാടിസ്ഥാനത്തിൽ മികച്ച പ്രയോജനം ഇതുവഴി ലഭിക്കുകയും ചെയ്യും. കാലിത്തീറ്റയുടെ കാര്യത്തിലും ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കാതെ സ്വയംപര്യാപ്തത കൈവരിക്കാൻ ഉതകുന്ന പദ്ധതികൾക്ക് അടിയന്തരമായി രൂപംകൊടുക്കുകയും വേണം. കർഷികാനുബന്ധ മേഖലകളുടെ നട്ടെല്ലായ കാലിവളർത്തലിനെ എന്തുവിലകൊടുത്തും സംരക്ഷിക്കണം.

നാട്ടറിവിലെ മണിത്തക്കാളി ഷാൻ, ആലപ്പുഴ
മണത്തക്കാളി ഇല കരൾ അർബുദത്തിനെതിരേ ഫലപ്രദമെന്ന വാർത്ത വായിച്ചു. നാട്ടുഭാഷയിൽ മണിത്തക്കാളി എന്നു പറയും.  വാർത്തയിൽ മണത്തക്കാളിയെക്കുറിച്ചുള്ള പഠനത്തിന് അമേരിക്കയുടെ FDA-യിൽനിന്ന് ഡ്രഗ് എന്ന അംഗീകാരത്തെക്കുറിച്ച് പറയുമ്പോൾ എത്രയോ കാലമായി നാട്ടുവൈദ്യന്മാർ പ്രയോഗിച്ചുവരുന്ന ഔഷധഫലമാണിതെന്നു പറയട്ടെ. വഴുതന കുടുംബമായ മണിത്തക്കാളിക്ക് കരിംതക്കാളി, മുളകുതക്കാളി, മണത്തക്കാളി, കാകമാച്ചി എന്നീ പേരുകളുമുണ്ട്. രണ്ടുതരത്തിൽ ഇത് കാണപ്പെടുന്നു. ചുവന്ന കായുള്ളതും കറുപ്പു നിറഞ്ഞ വയലറ്റ് നിറത്തോടു കൂടിയതും. കയ്പുകുറഞ്ഞ മധുരമാണ് പഴത്തിന്. തണലിൽ ഉണക്കി ഔഷധത്തിന് ഉപയോഗിക്കുന്നു. ഔഷധമായി ഇത്  മുമ്പേ ഉപയോഗിച്ചുവരുന്നുണ്ട്‌. കാൻസറിനെ പ്രതിരോധിക്കുമ്പോൾതന്നെ ഗർഭാശയ മുഴകൾ ഇല്ലായ്മചെയ്യാൻ പുനർനവ ഇലയും മണിത്തക്കാളിയും ചേർന്നുള്ള പ്രയോഗം ഫലപ്രദമാണ്. ഒരു മണ്ഡലകാലത്തെ പ്രയോഗമായാണ് നാട്ടുചികിത്സയിൽ ഇത് പ്രയോഗിക്കുന്നത്. ലിവർ സിറോസിസിനെ നിയന്ത്രിക്കാനും മണിത്തക്കാളി ഏറെ നല്ലതാണ്. നാട്ടറിവുകളെ പുച്ഛിക്കുകയും വിദേശികൾ അതു കൊണ്ടാടുമ്പോൾ വാർത്തയാക്കാവുന്നതും കഷ്ടമാണ്.

ശബരിമല തീർഥാടനം ഇതെന്തു യുക്തി...
ടി. സംഗമേശൻ, താഴെക്കാട്
ഈ വർഷത്തെ ദർശനത്തിനുള്ള ക്രമീകരണങ്ങൾ കണ്ടപ്പോൾ ഇനിയും ദേവസ്വംബോർഡ്‌ പലതും പഠിക്കാനുണ്ടെന്നു തോന്നി. ചെറുവാഹനങ്ങൾ പമ്പയിൽ ആളെ ഇറക്കി നിലയ്ക്കലിലേക്കു മടങ്ങണം. പമ്പയിൽ തങ്ങാൻ സമ്മതിക്കില്ല. അതായത് ഉടമസ്ഥൻ ഓടിക്കുന്ന വാഹനം സഹയാത്രക്കാരെ പമ്പയിലിറക്കി, വാഹനം നിലയ്ക്കൽ കൊണ്ടിട്ട ശേഷം അയാൾ ട്രാൻസ്പോർട്ട് ബസിൽ കയറി പമ്പയിലെത്തി സഹയാത്രികരോടൊപ്പം ചേരണം. അതല്ലെങ്കിൽ വരുന്ന വഴി തന്നെ വാഹനം നിലയ്ക്കൽ പാർക്കുചെയ്ത് എല്ലാവരും ഒരുമിച്ച് ബസിൽ പമ്പയിലേക്ക് പോകണം. എന്തുകൊണ്ടാണ് ചെറുവാഹനങ്ങൾക്ക് പമ്പയിൽ പാർക്ക് ചെയ്യാൻ അനുമതി നൽകാത്തത്? അതിനുള്ള സൗകര്യമൊരുക്കാത്തത് ആരുടെ വീഴ്ചയാണ്? ബസിൽ വരുന്നവർ നിലയ്ക്കലിലിറങ്ങി ട്രാൻസ്പോർട്ട് ബസിൽ പമ്പയിലേക്കും തിരിച്ചും യാത്രചെയ്യണം. യാത്രക്കാർ വരുന്ന ബസ് പമ്പയിൽ  അവരെ ഇറക്കി നിലയ്ക്കലിൽ ഹാൾട്ട് ചെയ്യട്ടെ. മലയിറങ്ങി വന്നാൽ ബസ് പമ്പയിലെത്തി അവരെ എടുക്കണം. പണ്ട് അങ്ങനെ ചെയ്യുമായിരുന്നല്ലോ. ഇപ്രാവശ്യം ഭക്തരുടെ എണ്ണം ഒരുദിവസം മുപ്പതിനായിരമെന്ന് നിജപ്പെടുത്തിയിട്ടുള്ളതിനാൽ ഈ രീതി തുടരുന്നതിൽ ഒരു തടസ്സവുമില്ല. പിന്നെ നഷ്ടത്തിലോടുന്ന കെ.എസ്.ആർ.ടി.യെ രക്ഷിക്കാനാണ് ഈ രീതിയെങ്കിൽ അത് തുറന്നുപറയണം.മലമുകളിൽ തങ്ങുന്നതിനോ നെയ്യഭിഷേകം നേരിട്ടു നൽകുന്നതിനോ അനുവാദമില്ലത്രേ! രണ്ട് ഡോസ് വാക്സിനോ കോവിഡ് പരിശോധനയോ കഴിഞ്ഞവർക്കാണ് മുകളിലേക്ക് പ്രവേശനം. പിന്നെന്തുകൊണ്ടാണ് അവരെ തങ്ങാനും അഭിഷേകത്തിനും അനുവദിക്കാത്തത്? ഒരുപാടു ദേവസ്വം ജീവനക്കാർക്കും പോലീസുകാർക്കും അവിടെ തങ്ങാം. സ്വാമിമാർ മാത്രം തങ്ങരുതെന്നു പറയുന്നതിന്റെ യുക്തിയെന്താണ്?

യൂണിഫോംമാറൽമാത്രം പോരാ
അലീന എസ്., ഗവേഷക, സംസ്കൃതസർവകലാശാല, കാലടി
നൂറ്റാണ്ടുകൾനീണ്ട പരിശീലനത്തിലൂടെ, അനുശീലനത്തിലൂടെ  സൃഷ്ടിക്കപ്പെട്ട ജെൻഡർറോളുകൾ നിരാകരിക്കാനും തുല്യവും സ്വതന്ത്രവുമായ മനോഭാവത്തിലേക്ക് വിദ്യാർഥികളെ വളർത്തിക്കൊണ്ടുവരാനും വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തിൽ അവധാനതയോടെയുള്ള ഇടപെടലുകളാണ്‌ ആവശ്യം. വെച്ചുവിളമ്പിത്തരുന്ന സ്നേഹമയിയും ക്ഷമാശീലയുമായ അമ്മയുടെയും ഭാര്യയുടെയും ചിത്രങ്ങൾക്കുമപ്പുറത്തേക്ക്, മേധാശക്തിയും ആത്മബലവുംകൊണ്ട് ചരിത്രത്തെ മുന്നോട്ടുനയിച്ച സ്ത്രീത്വത്തെ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തേണ്ടതുണ്ട്.നിർഭയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ  രൂപവത്‌കരിച്ച ജസ്റ്റിസ് ജെ.­എസ്.വർമ കമ്മിഷൻ വിദ്യാഭ്യാസരംഗത്തെ ജെൻഡർ സെൻസിറ്റേഷന്റെ ആവശ്യകത ചൂണ്ടിക്കാണിച്ചിരുന്നു. ചിന്തയും ബോധവുമുള്ള വ്യക്തിയായി സ്ത്രീയെയും പുരുഷനെയും കാണാൻ വിദ്യാർഥികളെ പഠിപ്പിക്കുന്നത് സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങൾ തടയാൻ അനിവാര്യമാണെന്ന് വർമ കമ്മിഷൻ റിപ്പോർട്ട് അഭിപ്രായപ്പെട്ടിരുന്നു. നിർഭാഗ്യകരമെന്ന് പറയട്ടെ, ഈ വിഷയം തുടർന്ന് ഒരുതലത്തിലും പരിഗണിക്കപ്പെട്ടില്ല.അതിനാൽ പുരുഷമേധാവിത്വ സംജ്ഞകൾക്കതീതമായി ഒരു തലമുറയെ വാർത്തെടുക്കാനുള്ള ശ്രമമാണ് ലക്ഷ്യമെങ്കിൽ യൂണിഫോം പരിഷ്കരണത്തിനുമപ്പുറത്തേക്ക് കാര്യങ്ങൾ പോകേണ്ടതുണ്ട്. യൂണിഫോം പരിഷ്കരണം അനുകൂലമായ ഒരു ചർച്ചാപരിസരത്തിൽ സ്കൂൾ പി.ടി.എ.യ്ക്ക്‌ തീരുമാനിക്കാവുന്ന വിഷയമാണ്. എന്നാൽ, വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തിൽ ജെൻഡർ സെൻസിറ്റേഷൻ ഉറപ്പാക്കുകയെന്നത് പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവാദിത്വമാണ്.