മലയാളം അക്ഷരമാല പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്താൻ സർക്കാർ തീരുമാനിച്ചല്ലോ.  പലവിധ പരിഷ്കരണങ്ങളിലൂടെ മലയാളഭാഷാപഠനം വളരെയേറെ മെച്ചപ്പെട്ടിട്ടുണ്ട്. മുമ്പത്തെക്കാൾ നന്നായി എഴുത്തും വായനയും പുസ്തകവായനയും സർഗാത്മകപ്രവർത്തനങ്ങളുമൊക്കെ ക്ലാസുമുറികളിൽ നടക്കുന്നുണ്ട്. ഒരു കുറ്റിയിൽ കെട്ടിയിട്ട പശുവല്ല, ഇപ്പോൾ ഭാഷാപഠനം. അത് സ്വതന്ത്രമായി മേയുന്ന ഒരു പശുവിനെപ്പോലെയാണ്.
എന്നാൽ, ഇപ്പോഴത്തെ ഭാഷാപഠന രീതി പൂർണമായും കുറ്റമറ്റതാണെന്ന രീതിയിൽ ചർച്ചപോകുന്നത് വസ്തുതകൾക്ക് നിരക്കുന്നതല്ല. അക്ഷരമുറപ്പിക്കാൻ മലയാളത്തിളക്കം എന്ന പ്രത്യേക പരിപാടി നടത്തേണ്ട സാഹചര്യം ഇപ്പോഴുമുണ്ട്. അക്ഷരമാല പഠിച്ചാൽ എല്ലാമായി എന്ന മട്ടിലുള്ള വാദവും തെറ്റാണ്. പക്ഷേ, അക്ഷരവും അതിന്റെ ഉച്ചാരണവും കുട്ടി അറിയാനുള്ള പ്രവർത്തനങ്ങൾ ഉണ്ടാവണം. ഉചിതമായ ഘട്ടത്തിൽ അക്ഷരമാല പരിചയപ്പെടുത്തുകയും വേണം. പദശുദ്ധി, വാക്യശുദ്ധി തുടങ്ങിയവയ്ക്കുള്ള പ്രവർത്തനങ്ങളുണ്ടാവണം. വ്യാകരണപരിചയം നിയമങ്ങൾകൊണ്ട് കഷായംവെക്കാതെ രസകരമായി പരിചയപ്പെടുത്താനുമാവണം. കവിതയും കഥയുമെഴുതി പരിചയമില്ലാത്തവർ (സംഘടനാബലത്തിലും മറ്റും പാഠപുസ്തക കമ്മിറ്റികളിൽ കടന്നുകൂടുന്നവരാണിവരിൽ പലരും) രചനനടത്തി പാഠപുസ്തകങ്ങളെ നിലവാരം കുറഞ്ഞതാക്കുന്നതും അവസാനിപ്പിക്കണം. പകരം, തിരഞ്ഞെടുക്കാൻ ഇഷ്ടംപോലെ ഗദ്യപദ്യങ്ങൾ നമുക്കുണ്ടല്ലോ. അഥവാ പുതിയ പാഠം രചിക്കേണ്ടിവന്നാൽ, രചനയിൽ മികവുതെളിയിച്ചവരുടെ സേവനം പ്രയോജനപ്പെടുത്തുകയാണു വേണ്ടത്. 

വി.എം. രാജമോഹൻ, ചവറ തെക്കുംഭാഗം 

 

ദുരിതപ്പെയ്‌ത്തിൽ കർഷകർ

ശാഹുൽ ഹമീദ് കെ., മഞ്ഞപ്പറ്റ, മലപ്പുറം
വിളകളിലെ വിലക്കുറവ് കർഷകരെ ദുരിതത്തിലേക്ക് നയിക്കുകയാണ്. ലോക്‌ഡൗണും പ്രളയവും കഴിഞ്ഞെങ്കിലും കർഷകരിപ്പോഴും പ്രതിസന്ധിയിലാണ്. വ്യാപകമായി കൃഷിചെയ്യുന്ന കപ്പ കിലോയ്ക്ക് എട്ടുരൂപ മാത്രമാണ് ലഭിക്കുന്നത്. ലോക്‌ഡൗണിനുമുമ്പ് 18 രൂപവരെ കപ്പയ്ക്ക് ലഭിച്ചിരുന്നു. വിപണിയിൽ അടയ്ക്ക വിലയുടെ വർധന മാത്രമാണ് കർഷകർക്ക് ആശ്വാസം നൽകുന്നത്.  കപ്പയ്ക്കു പുറമേ, ലോക്ഡൗൺ കാലത്ത് പച്ചക്കറി വിളകൾക്കെല്ലാം വിലകുറഞ്ഞതിൽ ­പിന്നീട് കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ വർഷങ്ങളിലെ പ്രകൃതിക്ഷോഭത്തിലുള്ള നഷ്ടപരിഹാരത്തുക  സർക്കാർ ഇനിയും വലിയൊരുവിഭാഗം കർഷകർക്ക് നൽകാനുണ്ട്. കഴിഞ്ഞമാസം പെയ്ത തീവ്രമഴയിൽ പല കൃഷിയിടങ്ങളിലും വെള്ളം കയറിയും കാറ്റടിച്ചും ഒട്ടേറെ വിളകൾക്ക്‌ നാശം സംഭവിച്ചു. വാഴയാണ് കൂടുതൽ നശിച്ചത്. കർഷകരുടെ ദുരിതം ഉയർന്നുക്കൊണ്ടിരിക്കുമ്പോൾ നഷ്ടപരിഹാരത്തുക നൽകാമെന്നുപറഞ്ഞ കൃഷിവകുപ്പ് ഇപ്പോഴും കൃഷിനാശം സംബന്ധിച്ച അപേക്ഷകളുടെ പരിശോധനപോലും പൂർത്തിയാക്കിയിട്ടില്ല.