‘പരിസ്ഥിതി പുനരുജ്ജീവനം വെറുംവാക്കാകരുത്’ എന്ന് എ. സഹദേവൻ പറയുമ്പോഴും (മാതൃഭൂമി, ഒക്ടോബർ-18), ദുരന്തഭൂമിയുടെ അതിരുകടന്ന് അകത്തുപോകുന്നില്ല അദ്ദേഹം. വ്യവസ്ഥാപരമായ ചില ഗതിമാറ്റങ്ങളാണ് കേരളത്തിന്റെ പരിസ്ഥിതിയെ എന്നന്നേക്കുമായി തിരുത്തിയെഴുതിയത്.
ഹൈറേഞ്ച് മേഖലയിലെ പരിസ്ഥിതിനാശത്തിന്റെ ആദ്യവിത്തെറിഞ്ഞത് പട്ടം താണുപിള്ളയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സർക്കാർ സ്പോൺസർഷിപ്പോടെ 1955-ൽ തിരുവിതാംകൂറിന്റെ കിഴക്കൻമല വെട്ടിത്തെളിച്ച് കോളനിവെച്ചവർക്ക് അഞ്ചേക്കറും ആയിരം രൂപയുംവീതം കൊടുത്തത് ഇന്ന് പ്രകൃതി തിരിച്ചെഴുതിത്തരുന്നു. പുലിവാസമേഖലയിൽ ജനമിറങ്ങാൻ തുടങ്ങിയത് അതോടെയാണ്.
അച്യുതമേനോൻ സർക്കാരിന്റെ കാലത്ത് നടപ്പാക്കിയ ഭൂപരിഷ്കരണനിയമത്തിൽ, കൃഷിഭൂമി കിട്ടിയ കൃഷിക്കാരന് ആ ഭൂമി കൃഷിഭൂമിയായി നിലനിർത്തേണ്ട ഉത്തരവാദിത്വമൊന്നും നൽകിയിരുന്നില്ല. ഭൂമി കൈയിൽക്കിട്ടിയതോടെ നെൽക്കൃഷി അവന് നഷ്ടമാണെന്ന് തോന്നിത്തുടങ്ങി. ‘പാട്ടപ്പാറ തച്ചുടയ്ക്കുക’ എന്ന് മുദ്രാവാക്യംവിളിച്ച കാലത്ത് കുടിയാൻകർഷകന്റെ കൈയിലുണ്ടായിരുന്ന ചുവന്ന കൊടിയിലെ ചുവപ്പിന് 1970 കഴിഞ്ഞപ്പോൾ രാശി കുറഞ്ഞ്, അതിൽ വെള്ളയും പച്ചയും കാവിയും കയറിക്കൂടുന്നുണ്ട്. കാണാവകാശം ജന്മാവകാശമായി കൃഷിഭൂമി കിട്ടിയ കർഷകൻ അതുമുഴുവൻ നികത്തി, കവി പാടിയപോലെ, മണ്ണളന്ന് തിരിച്ച് കോൽനാട്ടി മന്നരായി മദിച്ച്, പൊന്നാര്യൻ വിളഞ്ഞിരുന്ന അവിടെ വീടുകളും ഹൗസിങ് കോളനികളും ഷോപ്പിങ്‌ സെന്ററുകളും കെട്ടിയുയർത്തി പട്ടയം കൊടികെട്ടിവീശി നിന്നപ്പോൾ, അന്യംനിന്നത് പക്ഷഭേദങ്ങളില്ലാത്ത ജലപ്രവാഹത്തിന്റെ നേർവഴികളായിരുന്നു.
മഹാരാഷ്ട്രയിലെ പുണെയിൽ ജനിച്ച പ്രൊഫ. മാധവ് ഗാഡ്ഗിൽ കേരളത്തിലെ പർവതനിരകളിലെ പരിസ്ഥിതിലോല പ്രദേശങ്ങൾ അടയാളപ്പെടുത്തി, അത്തരം ഇടങ്ങളിൽ ഒരല്പം ശ്രദ്ധവേണമെന്ന് പറഞ്ഞതിന് അദ്ദേഹത്തിന്റെ 522 പേജുള്ള റിപ്പോർട്ട് കീറിയെറിയാൻ മല തുരക്കുന്ന ജെ.സി.ബി. യന്ത്രം ഉപയോഗിച്ചവരാണ് നമ്മൾ. അദ്ദേഹത്തിന്റെ കോലം കത്തിച്ചപ്പോൾ പൊള്ളിയത് അദ്ദേഹത്തിനല്ല, നമ്മുടെ ആകാശത്തിനാണ്; അതാണ് അതിവൃഷ്ടിയായി പെയ്തത്.  
കല്ലും മണ്ണും ചേർന്നാലേ ബലമുണ്ടാവൂ; വീടിനും മതിലിനും ഭൂമിക്കും. ഭൂമി ഒരുവിധം ഒരു ബാലൻസിലാണ് നിൽക്കുന്നത്. അതിൽനിന്ന് നിങ്ങൾ കല്ലുമുഴുവൻ ഖനനംചെയ്തെടുത്താൽ പിന്നെ ആത്യന്തികമായി വെറും പൊടിയായ മണ്ണുമാത്രമേ ബാക്കിയുണ്ടാവൂ.