വൈദ്യുതി പ്രതിസന്ധി നേരിടാൻ ഫ്രിഡ്ജ് ഓഫ് ചെയ്യുക എന്നൊരു ആഹ്വാനം പലതരത്തിലും ഇന്ന് പ്രചരിക്കുന്നുണ്ട്. ഇന്ന് പല സ്ഥലങ്ങളിലും ഉപയോഗിക്കുന്നത് രണ്ടു വാതിലുകളുള്ള, ഐസ് പിടിക്കാത്ത (No frost) ഫ്രിഡ്ജുകൾ ആണ്. പവർ ഓഫ് ചെയ്താൽ വളരെ പെട്ടെന്നുതന്നെ ഇതിലെ താപനില ഉയരാനും അതിലെ വസ്തുക്കൾ കേടുവരാനും ഇടയുണ്ട്. പിന്നീട് ഫ്രിഡ്ജ് ഓൺ ചെയ്യുമ്പോൾ പഴയ താപനില നിലനിർത്താൻ ഫ്രിഡ്ജിന്റെ കംപ്രസർ കൂടുതൽ പ്രവർത്തിക്കുന്നതു വഴി ഊർജം കൂടുതൽ ആവശ്യമായി വരുകയും ചെയ്യും. പൊതുവേ എല്ലാ ഫ്രിഡ്ജുകൾക്കും അകത്തെ താപനില അനുസരിച്ച് കംപ്രസർ സ്വയം ഓഫ് ആകാനുള്ള സംവിധാനമുണ്ട്. അതുകൊണ്ടുതന്നെ തുറക്കൽ, അടയ്ക്കൽ കുറച്ചാൽതന്നെ ഒരുപരിധിവരെ ഫ്രിഡ്ജിന്റെ ഊർജ ആവശ്യം നിയന്ത്രിക്കപ്പെടും. ലൈറ്റും ഫാനും ഓഫ് ചെയ്യുമ്പോൾ കിട്ടുന്നതുപോലെയല്ല ഫ്രിഡ്ജ് ഓഫ് ചെയ്യുമ്പോൾ കിട്ടുന്ന ഊർജലാഭം. പീക്ക് ലോഡ് സമയത്ത് ഒരു കുറവ് ഉണ്ടാകുമെങ്കിലും ഫ്രിഡ്ജ് ഓഫ് ചെയ്താൽ മൊത്തത്തിൽ ഉണ്ടാകുന്ന ഊർജലാഭം കുറവാണ്. സംഭരിച്ച വസ്തുക്കൾ കേടുവന്നാൽ അത് വലിച്ചെറിയേണ്ടിവരുന്നതും ഊർജനഷ്ടമാണ്. 
കേടുവന്ന ഭക്ഷണം കഴിച്ച് ആരോഗ്യം നഷ്ടപ്പെട്ടാലും ഊർജനഷ്ടംതന്നെയാണ് ഫലം. ഊർജമെന്നാൽ വൈദ്യുതി എന്ന സങ്കുചിതചിന്താഗതി മാറേണ്ടത് ഇന്നത്തെ കാലത്ത് അത്യാവശ്യമാണ്.

സമ്മർദത്തിൽ ഉഴലുന്ന യുവത

നന്ദിത കെ., 
സെയ്‌ന്റ് ആഗ്നസ് കോളേജ് 
വിദ്യാർഥി

മഹാമാരിയോടൊപ്പംതന്നെ സമൂഹത്തിൽ പടർന്ന ഉത്കണ്ഠ യുവതലമുറയെയും സാരമായി ബാധിച്ചു. പുതിയ പഠനരീതികൾ, സാമൂഹികജീവിതത്തിന്റെ അഭാവം, രോഗഭീതി പരത്തുന്ന വാർത്തകൾ, വീടിനകത്തെ സംഘർഷങ്ങൾ ഇതെല്ലാം നിരന്തരമായ പരിഭ്രാന്തി അവരിൽ സൃഷ്ടിക്കുന്നു. ജീവിതത്തിൽ ഏറ്റവും ഊഷ്മളമായിരിക്കേണ്ട യൗവനം ഇങ്ങനെ സമ്മർദത്തിലൂടെ കടന്നുപോവുന്നു. മാനസികാരോഗ്യം ശാരീരികാരോഗ്യത്തിനൊപ്പംതന്നെ പ്രാധാന്യം അർഹിക്കുന്നതാണ് എന്നിരിക്കേ നമ്മുടെ സമൂഹത്തിൽ മാനസിക ആശങ്കകൾ പരിഹസിക്കപ്പെടുന്നു. കൗമാരക്കാരുടെയും യുവാക്കളുടെയും കാര്യത്തിൽ പൊതുസമൂഹവും സർക്കാരും ഇനിയെങ്കിലും അനുഭാവപൂർണമായ സമീപനം സ്വീകരിക്കണം.