പി.കെ. വിനയ രാജ്, വടകര
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഗുണഫലങ്ങൾ തകർക്കരുത്. പ്ലസ് വൺ അഡ്മിഷനുമായി ബന്ധപ്പെട്ട മാതൃഭൂമി പത്രവാർത്തയാണ് ഈ പ്രതികരണത്തിന്റെ അടിസ്ഥാനം. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശനത്തിന്റെ രണ്ട് അലോട്ട്‌മെന്റ് കഴിഞ്ഞിട്ടും ആയിരക്കണക്കിന് വിദ്യാർഥികളാണ് അലോട്ട്‌മെന്റിൽ നിന്ന് പുറത്തുനിൽക്കുന്നത്. മുഴുവൻ വിഷയത്തിനും എ പ്ലസ് ലഭിച്ചിട്ടും തീരെ സീറ്റ് കിട്ടാത്തവരും അവരവർ ആഗ്രഹിച്ച ഇഷ്ടപ്പെട്ട സീറ്റുകൾ ലഭിക്കാത്തവരും ഒട്ടേറെ. നിയമസഭയിലടക്കം ഗൗരവപൂർവം ഇവ ഉന്നയിക്കപ്പെട്ടിട്ടും സർക്കാരിന്റെ ഭാഗത്തുനിന്നുള്ള നിസ്സംഗതയും അലംഭാവവും പ്രതിഷേധാർഹമാണ്. അഡ്മിഷനിൽ ധാരാളം അശാസ്ത്രീയമായ മാനദണ്ഡങ്ങളുണ്ടെന്ന് വിദ്യാഭ്യാസ വിദഗ്ധർ തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ നടത്തിയ മൂല്യനിർണയത്തിലും ധാരാളം അപാകങ്ങൾ ഉണ്ടായിട്ടുണ്ട്. അൺഎയ്‌ഡഡ് വിദ്യാലയങ്ങളിൽ സീറ്റ് വർധിപ്പിച്ചാൽ സാധാരണക്കാർക്ക് എന്ത് ഗുണമാണുണ്ടാവുക? പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ എല്ലാ ഗുണഫലങ്ങളും ഇല്ലാതാക്കുന്ന നടപടികളാണ് നടക്കുന്നത്. സർക്കാർ ഉടൻ ഇടപെട്ട് കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ പരിഹരിക്കണം സർക്കാർ, എയ്‌ഡഡ് വിദ്യാലയങ്ങളിൽ ആവശ്യമായ ബാച്ചുകളോ സീറ്റുകളോ വർധിപ്പിക്കണം.