എ.എം. ഷിനാസ്, ചരിത്രവിഭാഗം, മഹാരാജാസ് കോളേജ്
1799 മേയ് നാലിനാണ് നാലാം ആംഗ്ലോ-െമെസൂർ യുദ്ധത്തിൽ ശ്രീരംഗപട്ടണത്തുവെച്ച് ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ സൈന്യം മൈസൂർ സൈന്യത്തെ തോൽപ്പിക്കുന്നതും ടിപ്പു സുൽത്താൻ കൊല്ലപ്പെടുന്നതും. അതിനിടയ്ക്ക് കൊള്ളമുതൽ വിതരണംചെയ്യാൻ നിയുക്തമായ ഈസ്റ്റിന്ത്യാ കമ്പനിയുടെ പ്രൈസ് കമ്മിറ്റി ടിപ്പുവിന്റെ കൊട്ടാരത്തിൽ കയറി. കൊട്ടാരത്തിലെ കണ്ണഞ്ചിക്കുന്ന സമ്പദ്ബാഹുല്യംകണ്ട് അവർ അദ്‌ഭുതപരവശരായി. രത്നങ്ങൾ, സ്വർണക്കട്ടികൾ, തങ്കത്തളികകൾ,  വിലയേറിയ പലതരം ആഭരണങ്ങൾ, പല്ലക്കുകൾ, ആയുധങ്ങൾ, പടച്ചട്ടകൾ, പട്ടും ഷാളുകളും എന്നിവയുടെ കൂമ്പാരമാണ് അവിടെയുണ്ടായിരുന്നത്.
അക്കൂട്ടത്തിൽ ഏറ്റവും പ്രൗഢഗംഭീരമായ വസ്തു ടിപ്പുവിന്റെ കനകസിംഹാസനമായിരുന്നു. അമൂല്യമായ രത്നക്കല്ലുകൾ പതിച്ച് ഉത്കൃഷ്ടമായി അലങ്കരിച്ചതും ആഭരണങ്ങളണിയിച്ച് കടുവത്തലയുള്ളതുമായ സിംഹാസനത്തിന് അമ്പാരിയുടെ ആകൃതിയായിരുന്നു. കരിവീട്ടികൊണ്ട് നിർമിച്ചവയായിരുന്നു അതിന്റെ ദൃഢഭാഗങ്ങൾ. അവയെ ആവരണംചെയ്ത് കട്ടിയിൽ അതിശുദ്ധമായ സ്വർണപ്പാളി. കുടവച്ചിഹ്നങ്ങളാൽ രൂപകല്പനചെയ്യപ്പെട്ടത്. ഈ പാളി ഉറപ്പിച്ചത് വെള്ളിയാണികൾകൊണ്ട്‌.
ഈ സിംഹാസനം ആർക്ക് പാരിതോഷികമായി നൽകണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയാതിരുന്ന പ്രൈസ് ഏജന്റുമാർ അതിനെ വെട്ടിനുറുക്കി ചെറിയ കഷ്ണങ്ങളാക്കി. അങ്ങനെ 18-ാം നൂറ്റാണ്ടിലെ ഇന്ത്യയിലെ മഹാവിസ്മയങ്ങളിലൊന്നായ അത് തകർത്തു. ടിപ്പുവിനെതിരേ യുദ്ധം പ്രഖ്യാപിച്ച ആർതർ വെല്ലസ്ലിയായിരുന്നു സിംഹാസനസംഹാരത്തിൽ ഏറെ ഖേദിച്ചത്. അദ്ദേഹം ഈസ്റ്റിന്ത്യാ കമ്പനിയുടെ ഡയറക്ടർമാർക്ക്‌ എഴുതി: ‘സിംഹാസനത്തെ സമ്പൂർണരൂപത്തിൽ ഇംഗ്ലണ്ടിലേക്ക് അയക്കാൻ സാധിച്ചിരുന്നെങ്കിൽ എനിക്ക് അതിയായ സന്തോഷമുണ്ടാകുമായിരുന്നു. പക്ഷേ, പ്രൈസ് ഏജന്റുമാരുടെ വിവേകശൂന്യമായ അത്യാസക്തി ആ വിശിഷ്ടവും ഗർവിഷ്ഠവുമായ സ്മാരകത്തെ നശിപ്പിച്ച്‌ തുണ്ടുകളാക്കി.’ രണ്ടേകാൽ നൂറ്റാണ്ടുമുമ്പ് തുണ്ടംതുണ്ടമാക്കി ബ്രിട്ടീഷുകാർ കൊണ്ടുപോയ ആ ‘സിംഹാസന’ത്തിലാണ് ‘അസൂയാവഹമായ ചരിത്രബോധ’മുള്ള കേരളത്തിലെ ചില പ്രമുഖ വ്യക്തികൾ രാജഭാവത്തോടെ ഇരുന്ന് പടമെടുത്തത്!