മോഹൻ നെടുങ്ങാടി, ചെർപ്പുളശ്ശേരി
‘ഉടൽ എന്ന പ്രതീകം’ വായിച്ചു. ബിഹാറിലെ ചമ്പാരൻ എന്ന ഗ്രാമത്തിലൂടെ സഞ്ചരിക്കുമ്പോൾ ഉടുതുണിക്ക് മറുതുണിയില്ലാതെ മുഷിഞ്ഞ വസ്ത്രംധരിച്ച സ്ത്രീകളെ കണ്ടപ്പോഴും മധുരയിലെ കൊടുംചൂടിലും തണുപ്പിലും അരവസ്ത്രംമാത്രം ധരിച്ചുകൊണ്ട് കൃഷിസ്ഥലത്ത് പണിയെടുക്കുന്നവരെ കണ്ടപ്പോഴും ഇവർക്കെല്ലാം ആവശ്യത്തിന് വസ്ത്രംകിട്ടാൻ സൗകര്യമുണ്ടാകുന്നതുവരെ തലപ്പാവും കുപ്പായവും ഉപേക്ഷിക്കാൻ ഗാന്ധിജി തീരുമാനിച്ചു.  ഒരിക്കൽ,മൗണ്ട്ബാറ്റൺ പ്രഭുവുമായുള്ള കൂടിക്കാഴ്ചയ്ക്ക്‌ ഗാന്ധിജി അർധനഗ്നനായി ചെന്നപ്പോൾ (കളിയാക്കിക്കൊണ്ട്) മൗണ്ട് ബാറ്റൺ പ്രഭു ഗാന്ധിജിയോട് പറഞ്ഞു: ‘താങ്കൾ വളരെക്കുറച്ചുമാത്രമേ വസ്ത്രം  ധരിച്ചിട്ടുള്ളൂ.’ ഒന്നിനുമീതെ ഒന്നായി പലവസ്ത്രങ്ങൾ ധരിച്ചിട്ടുള്ള മൗണ്ട്ബാറ്റൺ പ്രഭുവിനോട് ഗാന്ധിജി വളരെ  സരസമായി  തിരിച്ചടിച്ചു:
‘എനിക്കുപകരംകൂടി താങ്കൾ വസ്ത്രംധരിച്ചിട്ടുണ്ടല്ലോ!’
ഗാന്ധിജിയുടെ മഹത്ത്വം ജനത്തെ സേവിച്ചു ‘നഗ്നരാക്കുന്നവർ’ ഓർക്കാതെ പോകുന്ന പാരിതോവസ്ഥയിൽ, അർധനഗ്നനായ ഗാന്ധിജിയുടെ 100 വർഷങ്ങൾ എന്ന ഓർമപ്പെടുത്തലിന്‌ മാതൃഭൂമിക്ക് നന്ദി.
വംശവെറിയുടെ നാൾവഴി
അയ്യശ്ശേരി രവീന്ദ്രനാഥ്, ആറന്മുള
ബ്രിട്ടൻ ഇന്ത്യയോടുകാട്ടുന്ന വാക്സിനിലെ വംശവെറി അവരിൽ രൂഢമൂലമായ പഴയ ചൊരുക്കിന്റെ  ഉപോത്‌പന്നമാവണം . അപക്വവും അഹന്ത പൊന്തിനിൽക്കുന്നതുമായ ആ തീരുമാനത്തിന്റെ അപഹാസ്യത എടുത്തുകാട്ടാനും അതിനെ ശക്തമായി അപലപിക്കാനും മുന്നോട്ടുവന്ന മാതൃഭൂമിക്ക് അഭിവാദ്യങ്ങൾ. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ വീര്യംകെടുത്തി കെട്ടുകെട്ടിച്ച ഇന്ത്യയോടുള്ള അമർഷം ഇന്നും ബ്രിട്ടീഷ് സ്വത്വത്തിൽ നീറിനിൽക്കുന്നുണ്ടാവണം! ബംഗാൾ ക്ഷാമത്തെപ്പറ്റിയുള്ള ഒരു റിപ്പോർട്ടിന്റെ മാർജിനിൽ അന്നത്തെ ബ്രിട്ടീഷ്  പ്രധാനമന്ത്രിയായിരുന്ന വിൻസ്റ്റൺ ചർച്ചിൽ കുറിച്ചിട്ടതിങ്ങനെ:
‘Why hasn’t he died yet?’  ആ ക്വറിയിലെ ‘he’  ഗാന്ധിജിയെയാണ് ഉദ്ദേശിച്ചതെന്നറിയുമ്പോൾ, ബ്രിട്ടീഷ് അസഹിഷ്ണുതയുടെ ആഴം എത്ര അഗാധമാണെന്ന് മനസ്സിലാവും.