രാജേന്ദ്രൻ, വയല
സഹകരണ ബാങ്കിങ് സംവിധാനം ഗ്രാമീണമേഖലയിൽത്തന്നെ സക്രിയമായി വേരോടിയ സംസ്ഥാനമാണ് നമ്മുടേത്. രാഷ്ട്രീയനേതൃത്വം ഭരണംനിയന്ത്രിക്കുന്ന സഹകരണബാങ്കുകളുടെ പ്രവർത്തനത്തിൽ അതുകൊണ്ടുതന്നെ എത്രയോ ക്രമക്കേടുകളും ഉണ്ടാവുന്നുണ്ട്. ചെറിയൊരു വിഭാഗം ബാങ്കുകളിലുണ്ടാവുന്ന ഈ വൈകല്യങ്ങൾക്കപ്പുറം സാധാരണജനങ്ങളുടെ ആവശ്യങ്ങളുമായി വളരെ വേഗം ഇണങ്ങിപ്പോയിരിക്കുന്ന ഇതര ധനകാര്യസ്ഥാപനങ്ങൾ വേറെയില്ല. ക്രമക്കേടുകൾ ഒഴിവാക്കി സുസ്ഥിരമായും കാര്യക്ഷമമായും പ്രവർത്തിക്കാനുള്ള നിയമസംവിധാനം ഉറപ്പാക്കുകയാണ് ഇനി വേണ്ടത്.
എത്രയോ വിദ്യാസമ്പന്നരായ തൊഴിൽരഹിതരുടേയും ഈ കോവിഡ് മഹാമാരിയോടെ വിദേശങ്ങളിൽനിന്നും സ്വദേശസ്വകാര്യസ്ഥാപങ്ങളിൽനിന്നും തൊഴിൽരഹിതരായി എത്തിയവരുടെയും എണ്ണം എത്രയോ അധികമാണ്. ഇങ്ങനെയുള്ളവർക്ക് സർക്കാർസഹായം നേരിട്ട് ഉറപ്പാക്കാൻ കഴിയുകയില്ല. സഹകരണബാങ്കിങ് സംവിധാനം തൊഴിൽസംരംഭകർക്ക് പരിശീലനംനൽകുകകയും അർഹമായവർക്ക് വായ്പകൾ നൽകി ചെറുകിട നിർമാണയൂണിറ്റുകൾ ആരംഭിക്കാനുള്ള പ്രോത്സാഹനം നൽകുകയുംചെയ്താൽ എത്രയോ കുടുംബങ്ങൾക്ക് അത്താണിയാവും. സർക്കാർതലത്തിൽ സഹകരണബാങ്കിങ് പ്രവർത്തനം ഇത്തരത്തിൽ തൊഴിൽ സംരംഭകരെ സഹായിക്കാനുള്ള കർമപദ്ധതിയുമായി മുന്നോട്ടുപോകുന്നത് തികച്ചും ആശാസ്യമായിരിക്കും. വ്യവസായവകുപ്പ്, ഗാന്ധിസ്മാരകനിധി തുടങ്ങിയ സർക്കാർ ഔദ്യോഗിക, അനൗദ്യോഗിക മേഖലകളെയും ഇതുമായി ബന്ധിപ്പിക്കാം.

മെഗാസീരിയലുകളെ നിയന്ത്രിക്കണം

പുലിക്കുഴി ബാലചന്ദ്രൻ, 
ടെലിഫിലിം ഡയറക്ടർ, ശാസ്താംകോട്ട 
മെഗാസീരിയലുകൾക്ക് കലാമൂല്യമില്ലെന്ന് കഴിഞ്ഞവർഷവും ടെലിവിഷൻ ജൂറി വിലയിരുത്തിയിട്ടുള്ളതാണ്. കഴിഞ്ഞ പത്തുവർഷം അമ്മായിയമ്മപ്പോരിന്റെ കണ്ണുരുട്ടലുമായിട്ടാണ് മെഗാസീരിയലുകൾ കടന്നുപോയതെങ്കിൽ ഇപ്പോൾ കോർപ്പറേറ്റ് മുതലാളിമാരുടെ വീട്ടിൽ നടക്കുന്ന കിടമത്സരങ്ങളാണ് ഫാമിലി എന്റർട്രെയിനർ എന്നതരത്തിൽ കാഴ്ചവെക്കുന്നത്. പതിമ്മൂന്ന് എപ്പിസോഡുകളിൽ പരിമിതപ്പെടുത്തിയിരുന്ന സീരിയലുകളാണ് പരസ്യങ്ങളുടെ വിപണി കൈയടക്കാനുള്ള കച്ചവടതന്ത്രത്തിന്റെ ഭാഗമായി എഴുനൂറും എണ്ണൂറും എപ്പിസോഡുകളിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നത്. അതിസമ്പന്നരുടെ ആർഭാടജീവിതത്തിന്റെ ഭ്രമാത്മകമായ അവസ്ഥകൾക്കുമുന്നിൽ അന്തംവിട്ടിരിക്കുന്ന സാധാരണക്കാരും പാവപ്പെട്ടവരുമായ പ്രേക്ഷകർക്ക് കലാമൂല്യമൊന്നും ആവശ്യമില്ലെന്നാണോ നിലപാട്!
നമ്മുടെ സംസ്ഥാനത്ത് ഓരോ വർഷവും പതിനായിരക്കണക്കിന് ഷോർട്ട്‌ ഫിലിമുകളും ടെലിഫിലിമുകളും നിർമിക്കപ്പെടുന്നുണ്ട്. അനന്തമായി നീട്ടിക്കൊണ്ടുപോകുന്ന മെഗാസീരിയലുകളുടെ ആധിപത്യംകാരണം ടി.വി. ചാനലുകളിൽ അവയൊന്നും സംപ്രേഷണം ചെയ്യാൻ ഇടംലഭിക്കുക്കുകയില്ല.
അതുകൊണ്ട്, നവാഗതരായ സംവിധായകരുടെ ഹ്രസ്വചിത്രങ്ങൾ സംപ്രേക്ഷണംചെയ്യാൻ ഇടംലഭിക്കുന്ന തരത്തിൽ മെഗാസീരിയലുകളെ നിയന്ത്രിക്കാൻ സർക്കാരിന്റെ ശക്തമായ ഇടപെടൽ അത്യാവശ്യമാണ്.