ഗസാലി കാട്ടൂക്കാരൻ, തൃപ്രയാർ
ദിനംപ്രതി കേരളീയരിൽ വർധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങളാൽ ഒട്ടുമിക്ക ആരോഗ്യകേന്ദ്രങ്ങളിലും ഡോക്ടറെ കാണുന്നതിൽ തിരക്കിനൊരു കുറവില്ലാതായിരിക്കുന്നു. ഉള്ള ആരോഗ്യം വരും കാലങ്ങളിലും പുഷ്ടിയോടെ നിലനിർത്താൻ പാശ്ചാത്യ ആരോഗ്യ സംസ്കാരങ്ങളും അവരുടെ മറ്റു ആരോഗ്യ, വ്യായാമ മുറകളും സ്വായത്തമാക്കാൻ മലയാളിക്ക് തെല്ലും സമയം എടുക്കേണ്ടി വന്നില്ല. എങ്കിലും പാശ്ചാത്യരുടെ വ്യായാമ മുറകൾ മാത്രം മതിയോ. പാശ്ചാത്യ ആരോഗ്യസംസ്കാരം ദത്തെടുത്തെങ്കിലും അവരുടെ ആഹാര രീതിയിലുള്ള ചില അടിസ്ഥാനഘടകം നാം ശ്രദ്ധിക്കാതെ പോകുന്നു. 
അവർ എന്ത് ആഹാരം കഴിച്ചാലും അതിനോടൊപ്പം ആവശ്യമായ പഴങ്ങളും പച്ചക്കറികളും ഇലവർഗങ്ങളും ഉൾക്കൊള്ളിച്ച ഒരു സലാഡെങ്കിലും കഴിക്കും. നാം രണ്ട് പൊറോട്ട കഴിച്ചാൽ സലാഡ് കഴിക്കാൻ സ്ഥലമു​െണ്ടങ്കിലും ആയിടം മറ്റൊരു പൊറോട്ട കൊണ്ട് നികത്തും. ഈ രീതി നാം വീടുകളിൽ നിന്നുതന്നെ മാറ്റിയെടുക്കണം. അതുപോലെ പുറത്തുനിന്ന് ഭക്ഷണം കഴിക്കുബോൾ ഒരു സലാഡ് അതിൽ ഉൾപ്പെടുത്താൻ ശ്രമിക്കണം.

ജി.എസ്.ടി. പരിധിയിൽ കൊണ്ടുവരണം

കുടശനാട് മുരളി, കുടശനാട്
കേരളത്തിലെന്നല്ല, ഇന്ത്യയിലെ തന്നെ മുഴുവൻ ജനങ്ങളുടെയും ദീർഘകാലമായുള്ള ആവശ്യമാണു പെട്രോളിയം ഉത്‌പന്നങ്ങൾ ചരക്കു -സേവന നികുതിയുടെ പരിധിയിൽ കൊണ്ടുവന്ന് അവയുടെ അനിയന്ത്രിതമായ വിലക്കയറ്റം തടയണമെന്നത്. ഓരോതവണ വിലവർധന വരുമ്പോഴും ചക്രസ്തംഭനം ഉൾപ്പെടെയുള്ള കലാപരിപാടികളിലൂടെ പ്രതിഷേധം നടത്താൻ ഇവിടത്തെ ഇടതും വലതുമായ രാഷ്ട്രീയപ്പാർട്ടികൾ മത്സരിച്ചിരുന്നു. ‘ഒരു രാജ്യം ഒരൊറ്റ നികുതി’ എന്ന കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായി രാജ്യത്ത് പെട്രോളിയം ഉത്പന്നങ്ങൾ  ഒഴികെയുള്ള നികുതികൾ ഏറക്കുറെ ഏകീകരിക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ട്.
ഇപ്പോൾ പെട്രോളിയം ഉത്പന്നങ്ങൾക്കും ഏകീകരണം ബാധകമാക്കാൻ കേന്ദ്ര സർക്കാർ തയ്യാറായപ്പോൾ അതിനെ 
സ്വന്തം പല്ലും നഖവും പോരാത്തതിന് അയൽക്കാരന്റെ പല്ലും നഖവുംകൂടി ചേർത്ത് എതിർക്കാനുള്ള ഭരണകക്ഷിയുടെയും പ്രതിപക്ഷകക്ഷികളുടെയും തീരുമാനം ജനവിരുദ്ധമാണ്. വർധിച്ച നികുതി ഉണ്ടായിട്ടും പിടിപ്പുകേടുകാരണം കടമെടുപ്പ് അഭംഗുരം തുടരുന്ന ഭരണക്കാർക്ക് ആത്മാർഥതയുണ്ടെങ്കിൽ, ജനങ്ങൾക്ക്  ചെറിയതോതിലെങ്കിലും സഹായകരമാകുന്ന കേന്ദ്ര നിർദേശത്തോട് സഹകരിക്കുകയാണു വേണ്ടത്.