ഇ.ടി.കെ. ഇസ്മയിൽ, 
പ്രസിഡന്റ്‌, കെ.ജി.പി.എസ്‌.എച്ച്‌.എ. സംസ്ഥാനകമ്മിറ്റി
സ്വന്തം ജില്ലയ്ക്കുപുറത്ത്‌ ജോലിചെയ്യുന്ന പ്രൈമറി ഹെഡ്‌മാസ്റ്റർമാർ ജീവപര്യന്തം വിധിക്കപ്പെട്ട അവസ്ഥയിലാണ്‌. സർവീസ്‌ കാലയളവിൽ സ്വന്തം ജില്ലയിലേക്ക്‌ സ്ഥലംമാറ്റം ലഭിക്കാൻ പ്രൈമറി ഹെഡ്‌മാസ്റ്റർമാർക്ക്‌ ഒരു മാർഗവുമില്ല. വീട്ടിൽ വൃദ്ധരായ മാതാപിതാക്കൾ, ബുദ്ധിമാന്ദ്യമുള്ള കുട്ടികൾ തുടങ്ങിയവരുണ്ടെങ്കിലും ഹെഡ്‌മാസ്റ്റർ ഹൃദ്രോഗിയോ കാൻസർബാധിതനോ ആയാൽപ്പോലും സ്ഥലംമാറ്റത്തിന്‌ നിയമപരമായ അനുകമ്പയോ പരിഗണനകളോ ലഭിക്കുന്നില്ല.
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശ്രദ്ധയിൽ ഈ കാര്യം പെടുത്തിയിരുന്നെങ്കിലും പ്രൈമറി ഹെഡ്‌മാസ്റ്റർ പ്രമോഷൻ ജില്ലാതലത്തിൽ നടത്തുന്നതാകയാൽ ജില്ലകളിൽ സീനിയോറിറ്റി തർക്കമുണ്ടാകാൻ ഇടയാകുമെന്നും പ്രൈമറി ഹെഡ്‌മാസ്റ്റർമാർക്ക്‌ ജില്ലാന്തര സ്ഥലംമാറ്റം നൽകാനുള്ള സർക്കാർ ഉത്തരവുകളൊന്നും നിലവിലില്ല എന്നുമുള്ള മറുപടിയാണ്‌ ലഭിച്ചത്‌. ഹൈസ്കൂൾ അധ്യാപകരെപ്പോലെ പ്രൈമറി അധ്യാപകർക്കും ജില്ലാതല പി.എസ്‌.സി.നിയമനമാണ്‌. എന്നാൽ, ഹൈസ്കൂൾ ഹെഡ്‌മാസ്റ്റർമാരെ സംസ്ഥാനതല സീനിയോറിറ്റി ലിസ്റ്റിൽനിന്ന്‌ നിയമിക്കുമ്പോൾ പ്രൈമറി ഹെഡ്‌മാസ്റ്റർമാരെ ജില്ലാതല സീനിയോറിറ്റി ലിസ്റ്റിൽനിന്നുതന്നെയാണ്‌ നിയമിക്കുന്നത്‌. ഇതാണ്‌ പ്രൈമറി ഹെഡ്‌മാസ്റ്റർമാരുടെ ഈ ദുര്യോഗത്തിന്‌ കാരണം. മിക്കവാറും എല്ലാ വകുപ്പുകളിലും എൽ.ഡി. ക്ളർക്കുമാരെ ജില്ലാതല പി.എസ്‌.സി. മുഖേന നിയമിക്കുകയും സംസ്ഥാനതല സീനിയോറിറ്റി ലിസ്റ്റിൽനിന്ന്‌ യു.ഡി. ക്ളർക്കുമാരായി പ്രമോഷൻ നൽകുകയുമാണ്‌ ചെയ്യുന്നത്‌. പ്രൈമറി ഹെഡ്‌മാസ്റ്റർമാരുടെ പ്രമോഷന്റെ കാര്യത്തിൽമാത്രമാണ്‌ ഈയൊരു വിവേചനം നിലനിൽക്കുന്നത്‌. പ്രൈമറി ഹെഡ്‌മാസ്റ്റർമാരുടെ പ്രമോഷനും സംസ്ഥാനതലത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ തയ്യാറാക്കുന്ന സീനിയോറിറ്റി ലിസ്റ്റിൽനിന്ന്‌ നടത്തിയാൽ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കും.