എൻ. മൂസക്കുട്ടി,  തൃശ്ശൂർ, സുഗേയം
കോവിഡ് മഹാമാരിയുടെ ഭീഷണിക്കും തിരഞ്ഞെടുപ്പ് ഫലപ്രതീക്ഷയുടെ പിരിമുറുക്കത്തിനുമിടയിൽ പ്രസിദ്ധീകരിച്ച ഹാസ്യ സമ്രാട്ട് ഇന്നസെന്റിന്റെ മിഡിൽ പീസ് നർമലേഖനം വായനക്കാർക്ക് ഒരേസമയം ചിരിക്കാനും ചിന്തിക്കാനും വകയുള്ളതായി. സ്വയം പരിഹസിച്ചുകൊണ്ടുള്ള എഴുത്താണ് ഇന്നസെന്റ് ഫലിതത്തിന്റെ മുഖമുദ്രയും മർമവും. സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ മറ്റുള്ളവരുടെ തോൽവിയിൽ സന്തോഷിക്കരുതെന്ന പരോക്ഷമായ ഒരു താത്ത്വികോപദേശവും ഇതിൽ അന്തർഭവിച്ചിട്ടുണ്ട്.

ഗ്രാമ-വാർഡ് കേന്ദ്രങ്ങളുടെ പ്രസക്തി
എ.എം. ജയചന്ദ്രവാര്യർ, നടുവനാട്,  മട്ടന്നൂർ
കോവിഡ്  മഹാമാരിയുടെ വ്യാപനം രാജ്യത്ത്  സങ്കീർണമായിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് വാർഡ്തലങ്ങളിൽ സർവകക്ഷികൾക്കും ഒറ്റക്കെട്ടായി പ്രവർത്തിക്കാൻപറ്റിയ  ഗ്രാമ-വാർഡ് സേവാകേന്ദ്രങ്ങളിലൂടെ സാന്ത്വനംപകരുന്നതിന് സാധിക്കും. കഴിഞ്ഞ  തദ്ദേശതിരഞ്ഞെടുപ്പിൽ മുന്നണികൾ ഇത്തരം ഗ്രാമ-വാർഡ് സേവാകേന്ദ്രങ്ങൾ തുടങ്ങുമെന്ന് തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലൂടെ ഉറപ്പുനൽകിയിരുന്നു. മുമ്പ്‌ പ്രളയദുരിതാശ്വാസപ്രവർത്തനങ്ങൾ നടത്തിയതുപോലെ ഒരേമനസ്സോടെ പ്രവർത്തിക്കുന്ന വാർഡുതല ഹെൽപ്പ് ഡെസ്കുകളായി പ്രവർത്തിക്കാൻ ഇത്തരം സേവാകേന്ദ്രങ്ങൾക്ക് കഴിയും. അധികൃതരുടെ സത്വരശ്രദ്ധ ഈ വിഷയത്തിൽ ഉണ്ടാവുമെന്നുകരുതട്ടെ.

ഐ.പി.എൽ. തുടരട്ടെ
മുഹമ്മദ്  ആരിഫ്, തളിപ്പറമ്പ്, കണ്ണൂർ
ക്രിക്കറ്റിനെ സ്നേഹിക്കുന്ന എല്ലാവർക്കും ആസ്വാദനത്തിന്റെ നാളുകളാണ് ഐ.പി.എൽ. സമ്മാനിക്കുന്നത്. എല്ലാവിധ മുൻകരുതലുകളും സ്വീകരിച്ചാണ് ടൂർണമെന്റ് ബി.സി.സി.ഐ. നടത്തുന്നത്. എന്നിട്ടും ധാരാളം പഴി ഐ.പി.എൽ. നേരിടുന്നുണ്ട്. ഈ ടൂർണമെന്റിലെ ചില താരങ്ങളും ടീമുകളും തങ്ങളുടെ വരുമാനത്തിന്റെ ഒരു ഭാഗം കോവിഡ് പ്രതിരോധത്തിനായി സംഭാവനചെയ്ത് മാതൃകയും കാട്ടി. കോവിഡിന്റെ സമയത്തും ജനങ്ങളുടെ സന്തോഷത്തെക്കരുതി അടച്ചിട്ട സ്റ്റേഡിയത്തിൽ ഫുട്‌ബോൾ ലീഗുകൾ യൂറോപ്യൻ രാജ്യങ്ങൾ നടത്തിയതും നാം കണ്ടു. മുൻകരുതലുകൾ പാലിച്ചു നടത്തപ്പെടുന്ന ഇതുപോലെയുള്ള ടൂർണമെന്റുകൾക്കെതിരേയല്ല പ്രതിഷേധം ഉയരേണ്ടത്. മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി നടത്തപ്പെട്ട  പല പരിപാടികൾക്കുമെതിരേയായിരുന്നു. അത് ചെയ്യാത്തതിന്റെ അനന്തരഫലമാണ് നാമിന്ന് അനുഭവിക്കുന്നത്.

ഭരണഭാഷയും കോവിഡും
പദ്മകുമാർ, നെയ്യാറ്റിൻകര
ഭരണഭാഷ മാതൃഭാഷ എന്ന് കൊണ്ടാടുകയും മാതൃഭാഷയെ പരിപോഷിപ്പിക്കാൻ ഭരണഭാഷാവകുപ്പുതന്നെ ഉണ്ടാക്കുകയും ചെയ്തിരുന്നു. എന്നാൽ, നിർഭാഗ്യമെന്ന് പറയട്ടെ, പ്രധാനപ്പെട്ട വകുപ്പുകളിൽനിന്ന് ഇറങ്ങുന്ന ഉത്തരവുകൾ പലതും ഇപ്പോഴും സായിപ്പിന്റെ ഭാഷയിൽത്തന്നെയാണ്. ഏറ്റവും വിചിത്രമായ കാര്യം  രണ്ടാഴ്ചയായി ഇറങ്ങുന്ന കോവിഡ് മാർഗനിർദേശങ്ങളടങ്ങിയ ഉത്തരവുകൾ എല്ലാംതന്നെ ഇംഗ്ലീഷിലാണ് എന്നതാണ്. ഏറ്റവും പ്രധാനപ്പെട്ടതും സാധാരണക്കാരായ ഒരു മലയാളിവരെ അറിയേണ്ടതും പാലിക്കപ്പെടേണ്ടതുമായ  നിർദേശങ്ങളടങ്ങിയ ഉത്തരവ് ഇംഗ്ലീഷിൽ ഇറക്കുന്നതിന്റെ ഔചിത്യം എന്താണ് എന്ന് പിടികിട്ടുന്നില്ല. മലയാളികൾക്ക് വായിച്ച് മനസ്സിലാക്കാൻ വേണ്ടിയല്ലേ കേരള സർക്കാർ ഈ ഉത്തരവുകൾ ഇറക്കുന്നത്.