വത്സൻ അഞ്ചാംപീടിക

ഇന്ത്യൻ പൗരന് ഇന്ത്യയിലെ ഏതു റേഷൻ കടയിൽനിന്നും മെഷീനിൽ വിരലമർത്തിയാൽ റേഷൻ വാങ്ങാം.  പൊതുസംവിധാനത്തിന്റെ ഏറ്റവും താഴെത്തട്ടിലുള്ള റേഷൻ കടയിൽപ്പോലും ഡിജിറ്റൽ വിപ്ലവമെത്തിക്കാൻ സർക്കാരിന് ഈ നടപടിയിലൂടെ സാധിച്ചു. എന്നിട്ടാണോ ഉയർന്ന പൊതുസംവിധാനമായ തിരഞ്ഞെടുപ്പ് നടപടികൾക്ക് ഇത് നടപ്പാക്കാനാകാത്തത്. വോട്ടിങ് മെഷീനിൽ വിരലടയാളയന്ത്രം ഘടിപ്പിച്ചാൽ  അവിശ്വസനീയമായ ഗുണഫലങ്ങളും മാറ്റങ്ങളുമാണ് ഉണ്ടാകാൻ പോകുന്നത്. കള്ളവോട്ടുണ്ടാകില്ല. ഇരട്ടവോട്ടുണ്ടാകില്ല. പ്രേതങ്ങൾ വിരലില്ലാത്തതിനാൽ വോട്ടുചെയ്യാൻ വരില്ല. വ്യാജന്മാരും അടുക്കില്ല. പോളിങ് സമയം എട്ടുമുതൽ അഞ്ചുവരെ മതി. ബൂത്തിൽ ജീവനക്കാർ രണ്ടുപേരേ വേണ്ടൂ. ഒരാപ്പീസറും ഒരു വോട്ടിങ് മെഷീൻ ഓപ്പറേറ്ററും. തിരിച്ചറിയലില്ലാത്തതിനാൽ ഏജന്റുമാർ അപ്രസക്തമാകും. ബൂത്തിൽ ഉദ്യോഗസ്ഥർക്ക് മാനസികസമ്മർദമോ പീഡനമോ ഉണ്ടാകില്ല. പ്രസാദാത്മകമാകും വോട്ടിങ്‌. അനാവശ്യമായി തുടരുന്ന നൂറ്റുക്ക് നൂറ്‌  ഫോറങ്ങളെല്ലാം സീറോ ആകും. പോളിങ് തീരുന്നതോടെ അവിടന്നുതന്നെ ബി.എൽ.ഒ.മാർക്ക്‌ വോട്ടിങ് മെഷീൻ ശേഖരിച്ച് പോളിങ് ഉദ്യോഗസ്ഥരെ ഒഴിവാക്കാനാകും.  ഇതോടെ പോളിങ്‌ ദിന ചെലവുകൾ നാലിലൊന്നായി കുറയ്ക്കാനാകും.  
വരുംതലമുറ ഒരു പടികൂടി കടന്നാകും ചിന്തിച്ച് മുന്നേറുക. ലോകം വിരൽത്തുമ്പിൽ നിൽക്കുമ്പോഴെന്തിനാണ് പോളിങ്‌ കേന്ദ്രങ്ങളിൽച്ചെന്ന് സർക്കാരിന് കോടികളുടെ ചെലവ് വരുത്തിവെക്കുന്നത്? ഡിജിറ്റൽ സിഗ്‌നേച്ചറുണ്ടാക്കി സ്മാർട്ട് ഫോണിലും കംപ്യൂട്ടറിലും അവർ വോട്ടുചെയ്യുന്ന കാലം വിദൂരമല്ല. വരുംകാല തിരഞ്ഞെടുപ്പുകൾ ഇങ്ങനെയൊക്കെയാകും. ഇതോടെ രാഷ്ട്രീയക്കാരുടെ കുതികാൽ വെട്ട്, വഞ്ചന, സ്വാർഥത, പാർട്ടി മേധാവിത്വം, ധൂർത്ത് എന്നിവയെല്ലാം നിൽക്കും. ജനാധിപത്യത്തിന്റെ ശ്രീകോവിൽ ജനമനസ്സാണെന്നവർ തിരിച്ചറിയും. അവിടെ കയറിപ്പറ്റാൻ സദ്ഭരണം കാഴ്ചവെക്കാൻ അവർ നിർബന്ധിതരാകും. ഇതോടെ യഥാർഥ ജനാധിപത്യസങ്കല്പത്തിന്റെ അന്തിമലക്ഷ്യമായ സോഷ്യലിസത്തിലേക്കുള്ള സുവർണപാത തെളിഞ്ഞുവരും.

ദുരിതപർവങ്ങൾ അവസാനിപ്പിക്കണം

ബിജു ഹരിപ്പാട്
റേഷൻ വാങ്ങാൻപോലും ബയോമെട്രിക് സിസ്റ്റം പ്രാവർത്തികമാക്കിയ ഈ നാട്ടിൽ ഇന്നും ഒരിക്കലും തിരിച്ചറിയാൻ കഴിയാത്ത ഫോട്ടോ നോക്കി ആളെ തിരിച്ചറിഞ്ഞ്‌ വോട്ടുചെയ്യിക്കേണ്ട ഗതികേടിനെ കഷ്ടമെന്നല്ലാതെ എന്തുപറയാൻ. വോട്ടറുടെ ആധാർ കാർഡിലെ വിശദാംശങ്ങൾ ഫിംഗർ പ്രിന്റ് സ്കാനർ, ഐറിസ് സ്കാനർപോലെയുള്ള ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച്‌ പരിശോധിച്ച്‌ വോട്ടുചെയ്യിക്കുകയും ഒരു തിരഞ്ഞെടുപ്പിൽ ഒരിക്കൽമാത്രം ഇത്തരത്തിൽ വോട്ടുചെയ്യാൻ സാധിക്കുന്ന വിധത്തിൽ സോഫ്‌റ്റ്‌വേർ പരിഷ്കരിക്കുകയും ചെയ്താൽ ഇരട്ടവോട്ടുകളും കള്ളവോട്ടുകളും എന്നെത്തേക്കും അവസാനിക്കും. ഒരുപക്ഷേ, മഷിപുരട്ടൽവരെ അവസാനിപ്പിക്കാം.
ആധുനിക ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് പ്രക്രിയ പരിഷ്കരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ബന്ധപ്പെട്ടവർ അതിനുതയ്യാറാകാത്തപക്ഷം ഒരിക്കലും തുറക്കേണ്ടതില്ലാത്ത കുറെയധികം സീൽചെയ്ത കവറുകളും ഇലക്ഷൻ സാമഗ്രികളും  ചുമന്ന്‌, വീട്ടിൽ തനിച്ചുകഴിയേണ്ടിവരുന്ന വൃദ്ധമാതാപിതാക്കളുടെയും കൊച്ചുകുട്ടികളുടെയും കാര്യങ്ങളോർത്ത്‌  ആധിപിടിച്ച്‌, തളർന്നുക്ഷീണിച്ചുവരുന്ന ഒരുപറ്റം നിസ്സഹായ ജീവികളുടെ രോദനങ്ങളും ശാപവും അന്തരീക്ഷത്തിൽ ഇനിയും അലയടിച്ചുകൊണ്ടിരിക്കും