സുബ്രഹ്മണ്യൻ കല്ലായി, റിട്ട ഹെൽത്ത്‌ സൂപ്പർവൈസർ, മലപ്പുറം നഗരസഭ
ഫുഡ്‌ സേഫ്‌റ്റി ആൻഡ്‌ സ്റ്റാൻഡേഡ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യ (എഫ്‌.എസ്‌.എസ്‌.എ.ഐ.) ശുദ്ധജലം വർണക്കുപ്പികളിൽ നിറച്ച്‌ വിതരണംചെയ്യാനുള്ള അനുമതി നൽകാനൊരുങ്ങുന്നതായി പത്രത്തിൽ വായിച്ചു. ശുദ്ധജലത്തിൽ മായംചേർക്കാൻ അവസരമൊരുക്കുകയാകും ഇതിന്റെ അനന്തരഫലം. വെള്ളത്തിന്റെ നിർവചനം ‘നോ ഓഡർ, നോ കളർ, നോ സ്മെൽ’ എന്നാണല്ലോ. കുപ്പിവെള്ളവിതരണം തന്നെ രാജ്യത്ത്‌ വലിയ ഭവിഷ്യത്ത്‌ സൃഷ്ടിക്കുകയാണ്‌. 
ജനങ്ങൾക്ക്‌ കുടിക്കാനുള്ള ശുദ്ധവെള്ളം നിറയ്ക്കുന്ന കുപ്പികളിൽ നിറം കൊടുത്താൽ വെള്ളത്തിന്റെ നിറം കാണാൻ സാധിക്കില്ല. വെള്ളം മലിനമായാലും വെള്ളത്തിൽ കെമിക്കൽ ചേർന്നാലും ഒറ്റനോട്ടത്തിൽ മനസ്സിലാകില്ല. വാസ്തവത്തിൽ കുപ്പിവെള്ളംതന്നെ നിരോധിക്കുകയാണ്‌ വേണ്ടത്. യാത്രചെയ്യുന്നവർ വീട്ടിൽനിന്ന്‌ ഒരു കുപ്പി വെള്ളം ബാഗിൽ കരുതിയാലുംമതി. എന്നാൽ, കുപ്പിവെള്ളം വാങ്ങിക്കുടിക്കുന്നത്‌ പലർക്കും ഭ്രമവും ആഡംബരവുമാണ്‌. 
എത്രയോ ദിവസം പഴക്കമുള്ള, ഡേറ്റുകഴിഞ്ഞ കുപ്പിവെള്ളമാണ്‌ പലപ്പോഴും പലരുടെയും കൈകളിലെത്തുന്നത്‌. ഇതൊന്നും ശ്രദ്ധിക്കാൻ സാധാരണക്കാരന്‌ സാധിച്ചെന്നുവരില്ല.   നിരാശാജനകമെന്നുപറയട്ടെ, ഇക്കാര്യത്തിൽ ജാഗ്രതപുലർത്തേണ്ട അധികൃതർ കാര്യങ്ങൾ സങ്കീർണമാക്കാനാണ്‌ ശ്രമിക്കുന്നത്‌.