എസ്. രമണൻ, കുഴൽമന്ദം
വിദ്യാസമ്പന്നരും കാര്യ പ്രാപ്തിയുള്ളവരുമായ ധാരാളം പേരുണ്ടെങ്കിലും ട്രാൻസ്ജെൻഡർ വിഭാഗത്തിന്റെ പ്രശ്നങ്ങൾ ഇപ്പോഴും വേദനാജനകമായിത്തന്നെ തുടരുകയാണ്. ഇപ്പോഴും പൊതു സമൂഹം അവരെ സ്വീകരിക്കാനും അംഗീകരിക്കാനും വിമുഖത കാട്ടുന്നുഅതിനുള്ള ഒരു പരിഹാരം എന്ന നിലയ്ക്ക് കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ ഒരു ട്രാൻസ്ജെൻഡർ സ്ഥാനാർഥിയെയെങ്കിലും മത്സരിപ്പിക്കേണ്ടതാണ്. അതിനുള്ള ആർജവം നമ്മുടെ രാഷ്ട്രീയ പാർട്ടികൾ കാണിക്കുമോ? കേരള നിയമസഭയിൽ ഒരു ട്രാൻസ് ജെൻഡർ അംഗം വരുന്നത് ഇന്ത്യക്കുതന്നെ മാതൃകയാവും.

ഹൈക്കോടതി വിധി അംഗീകരിക്കണം
എ.വി. ജോർജ്, റിട്ട. ഹെഡ്മാസ്റ്റർ. തിരുവല്ല 
എയ്ഡഡ് സ്കൂൾ അധ്യാപകർ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കേണ്ടതില്ല എന്ന ഹൈക്കോടതി വിധി കക്ഷിരാഷ്ട്രീയ ഭേദമെന്യേ ബഹുഭൂരിപക്ഷം അധ്യാപകരും വിദ്യാർഥികളും രക്ഷാകർത്താക്കളും സ്വാഗതംചെയ്യും. കേരളം കാത്തിരുന്ന വിധിയാണിത്. ഭരണ പ്രതിപക്ഷ ഭേദമെന്യേ എല്ലാ പാർട്ടികളും ഈ വിധി അംഗീകരിച്ച് നടപ്പാക്കണം. ഇനി ഈ ഹൈക്കോടതി വിധിക്കെതിരേ കേരള സർക്കാർ പതിവുപോലെ സർക്കാർ ഖജനാവിലെ തുക ഉപയോഗിച്ച് സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്യാനും ലക്ഷങ്ങൾ വക്കീൽ ഫീസ് നൽകി കേസ് വാദിക്കാനും പോകരുത് എന്നപേക്ഷിക്കുന്നു.തങ്ങൾ പഠിപ്പിക്കുന്ന വിദ്യാലയങ്ങളിലാണ് അധ്യാപകരുടെ സേവനം ഏറ്റവും കൂടുതൽ ആവശ്യം. തിരഞ്ഞെടുപ്പിൽ ജയിച്ചുകഴിഞ്ഞാൽ ആ സേവനം പൂർണതോതിൽ  ലഭിക്കാറില്ല.