മനോഹരൻ, പട്ടാമ്പി
കെടെറ്റ്, സെറ്റ് പരീക്ഷകൾ കോവിഡ്  കാരണം വൈകിയതിനാൽ കേരള പി.എസ്.സി.യുടെ ഹൈസ്കൂൾ അധ്യാപക തസ്തികയിലേക്കുള്ള വിജ്ഞാപനത്തിന് അപേക്ഷിക്കാനാവാതെ നിരവധി ഉദ്യോഗാർഥികൾ. ഗണിതശാസ്ത്രം, നാച്വറൽ സയൻസ് വിഷയങ്ങളിൽ ഹൈസ്കൂൾ അധ്യാപക തസ്തികയിലേക്ക് കഴിഞ്ഞ ഡിസംബർ മാസത്തിലാണ് പി.എസ്.സി. വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. 2021 ഫെബ്രുവരി മൂന്നാണ് അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി. എന്നാൽ, യോഗ്യതാനിർണയ പരീക്ഷയിൽ വിജയിക്കാത്തതുകൊണ്ട് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാനാവാതെ വിഷമിക്കുന്നത് ആയിരക്കണക്കിന് ഉദ്യോഗാർഥികളാണ്. 2020 മാർച്ചിൽ നടത്തേണ്ട സെറ്റ് പരീക്ഷ 10 മാസത്തോളം വൈകി ഈ ജനുവരിയിലാണ് നടന്നത്. 2020-ൽ കെ-ടെറ്റ് പരീക്ഷയെഴുതാൻ മൂന്ന് അവസരം ലഭിക്കേണ്ടതായിരുന്നു. കോവിഡ് കാരണം ഒരവസരംമാത്രമാണ് ലഭിച്ചത്. 2020-ൽ നടത്തേണ്ട രണ്ടാമത്തെ കെ-ടെറ്റ് കോവിഡ് കാരണം വൈകി 2021 ജനുവരി 17-നാണ് നടന്നത്. ഈ പരീക്ഷാഫലം ഒരുമാസം കഴിഞ്ഞേ പ്രസിദ്ധീകരിക്കാൻ സാധിക്കുകയുള്ളൂവെന്ന് പരീക്ഷാഭവൻ വ്യക്തമാക്കിയിട്ടുണ്ട്. അപ്പോഴേക്കും എച്ച്.എസ്.എ.ക്ക് അപേക്ഷിക്കാനുള്ള തീയതി കഴിയുകയും ചെയ്യും. ഇതിനുമുമ്പ് 2012-ലാണ് ഹൈസ്കൂൾ അധ്യാപകതസ്തികയിലേക്ക് പി.എസ്.സി. അപേക്ഷ ക്ഷണിച്ചത്. പരീക്ഷ നടന്നത് 2016-ലും റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചത് 2018-ലുമാണ്. കോവിഡ് കാരണം ഉദ്യോഗാർഥികൾക്കുണ്ടായ ഈ അവസരനഷ്ടം പരിഹരിക്കുന്നതിന് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും പി.എസ്.സി. ചെയർമാനും നിവേദനംസമർപ്പിച്ച്‌ കാത്തിരിക്കയാണ് ഉദ്യോഗാർഥികൾ.

കെ.എസ്.ഇ.ബി.  മാറുമോ?
മനോജ് കെ.ആർ., കാസർകോട് (എ ഗ്രേഡ് ഇലക്ട്രിക്കൽ കോൺട്രാക്ടർ)
ബി.എസ്.എൻ.എൽ., കെ.എസ്.ആർ.ടി.സി. എന്നീ പൊതുമേഖലാസ്ഥാപനങ്ങളുടെ അനുഭവങ്ങൾമാത്രംമതി കെ.എസ്.ഇ.ബി.ക്ക് സ്വയം  മാറിച്ചിന്തിക്കാൻ. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ‘വാതിൽപ്പടിസേവനപദ്ധതി’യടക്കം, നിലവിൽ കേരളത്തിലെ  ഏറ്റവും വലിയ വൈദ്യുതവിതരണ ലൈസൻസിയിൽ  സംഭവിക്കുന്നത് സ്വാഗതാർഹമായ കാര്യങ്ങളാണ്. എന്നിരിക്കിലും ഈ മാറ്റം പക്ഷേ, കമ്പനി  ചെയർമാന്റെ പ്രസ്താവനയിലൂടെയും  സർക്കുലറുകളിലൂടെയും  നടന്നതിനുശേഷവും, ഉപഭോക്താവ് സേവനത്തിനായി ആശ്രയിക്കേണ്ടിവരുന്ന സെക്‌ഷൻ ഓഫീസുകളിലെ  ജീവനക്കാരിലേക്ക് സന്നിവേശിക്കേണ്ട കാലതാമസമാണ്  യഥാർഥപ്രശ്നം. ഈസ്ഓഫ് ബിസിനസ് എന്ന സർക്കാർനയം അടിസ്ഥാനപ്പെടുത്തി, കെ.എസ്.ഇ.ബി.  ലിമിറ്റഡ് ഇറക്കിയിരിക്കുന്ന പല ഓർഡറുകളും  സമയബന്ധിതമായി  നടപ്പാക്കാൻ  ശരിയായ  പ്രായോഗികപരിശീലനം ജീവനക്കാർക്ക് ലഭിച്ചിട്ടുണ്ടോ  എന്ന സംശയം ബാക്കിയാവുന്നു. കാരണം,  സപ്ലൈ കോഡും ഇലക്ട്രിസിറ്റി റെഗുലേഷനും ഉപഭോക്താവിന് അനുകൂലമായി അനുവദിച്ചിട്ടുള്ള  സമയബന്ധിതസേവനങ്ങൾ പലപ്പോഴും കിട്ടാറില്ല. ഈ പരാതി  വ്യവസായ-കച്ചവട-ഗാർഹിക  വ്യത്യാസമില്ലാതെ ഉപഭോക്താക്കൾ പറയുന്നതുമാണ് (ജീവനക്കാരുടെ  അപര്യാപ്തതയും ഒരു കാരണമാകാം). ബോർഡിന്റെ  നിർദേശങ്ങൾ  തിരുവനന്തപുരംമുതൽ  കാസർകോടുവരെ ഒരേ രീതിയിൽ വായിച്ചുമനസ്സിലാക്കി  പ്രാവർത്തികമാക്കാനുള്ള ക്രമപ്പെടുത്തൽ അടിയന്തരമായി ഉണ്ടാവണം.