സി.സി. മത്തായി മാറാട്ടുകളം, ചങ്ങനാശ്ശേരി 
സംസ്ഥാനത്ത് മിക്കയിടത്തും ഫോർമാലിൻ, അമോണിയം, സോഡിയം ബെൻസോയേറ്റ് എന്നീ രാസവസ്തുക്കൾ കലർത്തിയാണ് ഏതാണ്ട് എല്ലാതരം മത്സ്യങ്ങളും വിൽക്കുന്നത്. ഐസ് വാങ്ങിക്കാനും ഇടാനുമൊന്നും മെനക്കെടേണ്ട, ഇവകൾ കലർത്തിയാൽ വിറ്റുതീരുന്നിടംവരെ വിറകുപോലെ സൂക്ഷിക്കാമെന്ന വിശാലസൗകര്യം! അമിതവില മാത്രമല്ല, ഈ വസ്തുക്കളുടെ വിഷാംശവും അരുചിയുംകൂടി സഹിക്കേണ്ടിവന്നിരിക്കയാണ്. വേണ്ട ചേരുവകൾചേർത്ത് കറിെവച്ചോ വറുത്തോ കഴിഞ്ഞ് മീൻ വായിൽ വെക്കുമ്പോഴാണ് വിവരമറിയുക, കഴിക്കാനും വയ്യ, തിരികെക്കൊടുക്കാനും വയ്യ എന്ന അവസ്ഥ. കഴിഞ്ഞവർഷം ഇതിനെതിരേ പരിശോധനനടന്നപ്പോൾ ഒരിടക്കാലത്തേക്ക് നല്ല മത്സ്യം കിട്ടിയിരുന്നു. മറ്റൊരിടത്തും ജനങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്ന ഇത്തരമൊരു പ്രശ്നം ഇത്ര അലസതയോടെ കൈകാര്യംചെയ്യില്ല. ഇവിടെനിന്ന്‌ കയറ്റിവിട്ട  കാരച്ചെമ്മീനിൽ കുമിൾനാശിനിയുടെ അംശം കണ്ടെന്ന കാരണത്താൽ ഖത്തർ അത്‌ തിരിച്ചയച്ചു എന്ന വാർത്ത ഈയിടെ കണ്ടിരുന്നു. ചെയ്യേണ്ടത്: കേരളത്തിലും ഇങ്ങോട്ടു മത്സ്യം കൊണ്ടുവരുന്ന ഇതരസംസ്ഥാനങ്ങളിലും ഇതിനെതിരേ മുന്നറിയിപ്പുകൊടുക്കുക, നിയമംലംഘിക്കുന്നവരെ വാഹനമുൾപ്പെടെ കസ്റ്റഡിയിലെടുക്കുക, പരിശോധനകൾ തുടർന്നുകൊണ്ടിരിക്കുക, ചെറുകിട-വൻകിട മത്സ്യവിൽപ്പനക്കാർ ഇത്തരം രാസവസ്തുക്കൾ സൂക്ഷിക്കുന്നുണ്ടോ എന്ന്‌ നിരീക്ഷിക്കുക. പിടികൂടിയാൽ ആദ്യം കനത്ത ഫൈൻ അടിക്കുക, തുടർന്നാൽ കച്ചവടം പൂട്ടിക്കുക. രാസവസ്തുക്കൾ കലർത്തി ഐസ് നിർമിക്കുന്നവരെ ശിക്ഷിക്കുക. മത്സ്യം വിൽക്കുന്ന എല്ലാവർക്കും ഒരു ലൈസൻസ് കാർഡ് ഏർപ്പെടുത്തുക. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ഒഴിവാക്കുക. ആരോഗ്യവകുപ്പിനുകീഴിലുള്ള ഫുഡ് സേഫ്റ്റി വിഭാഗം ഉണർന്നു പ്രവർത്തിക്കാൻ ഇനിയും വൈകരുത്.