പി.എം. വിശ്വനാഥൻ, വാടാനാംകുറുശ്ശി
എവറസ്റ്റിന്റെ ഉയരം കൂടുന്നതിനെപ്പറ്റി ഡോ. പി.എസ്. സുനിലിന്റെ ലേഖനം അറിവു പകരുന്നതായി. പർവതങ്ങൾ ഉണ്ടാവുകയും ഉയരം വെക്കുകയും ചെയ്യുന്നതിനെപ്പറ്റി വിവരിച്ച ലേഖനത്തിൽ പക്ഷേ, ഈ ശാസ്ത്രസത്യം ആദ്യമായി അവതരിപ്പിച്ച ആൽഫ്രഡ് ലോഥർ വെഗ്‌നറെ(1880-1931)പ്പറ്റി പരാമർശിച്ചുകണ്ടില്ല. പർവതങ്ങളുടെ ആവിർഭാവത്തിനും ഉയരം കൂടലിനും പ്രേരകമായി പറയുന്ന ഫലകചലന (പ്ളേറ്റ് ടെക്‌റ്റോണിക്സ്) സിദ്ധാന്തം ഉദയംചെയ്യുന്നതിനും വളരെ മുമ്പ്, ഏതാണ്ടിതേ കാരണങ്ങളാൽ വൻകരകൾ അടർന്നുമാറുകയും മറ്റൊരു കരയുമായി കൂട്ടിയിടിക്കുകയും പുതിയ ഭൂഖണ്ഡങ്ങൾ ഉണ്ടാവുകയും ചെയ്യുന്നുണ്ടെന്ന് വൻകര ചലനസിദ്ധാന്തം (തിയറി ഓഫ് കോണ്ടിനെന്റൽ ഡ്രിഫ്റ്റ്) എന്ന കണ്ടുപിടിത്തത്തിലൂടെ സമർഥിച്ചയാളാണ് ജർമൻ ശാസ്ത്രകാരനായ ആൽഫ്രഡ് വെഗ്‌നർ. അദ്ദേഹം വൻകരചലനസിദ്ധാന്തം കണ്ടുപിടിച്ച കാലത്ത് ഈ ചലനത്തിന് പ്രേരകമായ ആന്തരിക ശക്തികളെക്കുറിച്ച് അറിയാനും അളക്കാനും മാത്രം ശാസ്ത്രം വളർന്നിരുന്നില്ല. യൂറേഷ്യൻ വൻകരയെ തള്ളിനീക്കാനുള്ള ഇന്ത്യൻ ഭൂഖണ്ഡത്തിന്റെ സമ്മർദഫലമായി വൻകരയുടെ ഭൂവൽക്കപാളികൾ ഉയർന്നുവന്നതാണ് ഹിമാലയം. കോടിക്കണക്കിന് വർഷങ്ങൾ വേണ്ടിവന്നുവത്രേ ‘മഞ്ഞിന്റെ ആവാസസ്ഥല’ത്തിന് (എബോഡ് ഒാഫ് സ്‌നോ) രൂപമെടുക്കാൻ ! ആ സമ്മർദം ഇന്നും വളരെ മന്ദഗതിയിൽ തുടരുന്നുണ്ടാവാമെന്നതിന്റെ തെളിവാണല്ലോ എവറസ്റ്റിന്റെ ഇപ്പോൾ കണ്ടെത്തിയ ഉയരവർധന.