രാജമല മണ്ണിടിച്ചിലിൽ 70-ൽപ്പരം എസ്റ്റേറ്റ് തൊഴിലാളികൾ മരിച്ചു. അതേദിവസംതന്നെ കരിപ്പൂരിൽ വിമാനം റൺവേയിൽനിന്ന് താഴേക്ക് കൂപ്പുകുത്തി 18 പേർ മരിച്ചു. പക്ഷേ, ഒരേദിവസം നടന്ന രണ്ട് വൻ അപകടങ്ങളിൽ മരിച്ചവർക്ക് കേരളസർക്കാർ രണ്ടുതരം നഷ്ടപരിഹാരം പ്രഖ്യാപിച്ചത് കടുത്ത അനീതിയാണ്. അഞ്ചുലക്ഷം രൂപ മണ്ണിടിച്ചിലിൽ മരിച്ച തൊഴിലാളികൾക്ക്. പക്ഷേ, പത്തുലക്ഷം രൂപ കരിപ്പൂരിൽ മരിച്ച വിമാനയാത്രക്കാർക്ക് എന്ന കേരള സർക്കാർപ്രഖ്യാപനം ഒരു പന്തിയിൽ രണ്ട് വിളമ്പിനു തുല്യം. പക്ഷേ, മരണപ്രദേശത്ത് രണ്ടുതരം പ്രഖ്യാപനങ്ങൾ അതും തൊഴിലാളിപ്പാർട്ടിയെന്ന് ഊറ്റംകൊള്ളുന്ന ഇടതുസർക്കാർ പ്രഖ്യാപിക്കുന്നത് വൈരുധ്യംതന്നെ. എത്രയും പെട്ടെന്ന് കേരള സർക്കാർ ഈ തെറ്റുതിരുത്തി പത്തുലക്ഷം നഷ്ടപരിഹാരം പെട്ടിമുടിയിലെ മണ്ണിടിച്ചിലിൽ ജീവൻപൊലിഞ്ഞ 70-ൽപ്പരം തൊഴിലാളികളുടെ കുടുംബങ്ങൾക്ക്‌ പെട്ടെന്ന് പ്രഖ്യാപിക്കുക. ഇതിന്റെകൂടെ അവരുടെ നഷ്ടപ്പെട്ട ലയത്തിന് പകരം വാസസ്ഥലവും കണ്ണൻദേവൻ ടീ കമ്പനിയും സർക്കാരും ഒരുക്കിക്കൊടുക്കുക.