എം.എ. വിജയൻ, തച്ചൻകുന്ന്‌

മാതൃഭൂമിയിൽ ഡോ. ആർ.വി.ജി. മേനോനും പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണനും ചേർന്നെഴുതിയ ‘ചേർച്ചയില്ലാത്ത പാളങ്ങൾ’ എന്ന ലേഖനം കേരളം വ്യാപകമായി ചർച്ചചെയ്യേണ്ട ഗൗരവമായ വിഷയമാണ്. ശാസ്ത്ര സാമൂഹ്യശാസ്ത്ര മേഖലകളിൽ പ്രഗല്‌ഭമതികളായ രണ്ടുപേരാണ് കെ-റെയിൽ പദ്ധതിയെപ്പറ്റിയുള്ള അതിയായ ആശങ്ക രേഖപ്പെടുത്തിയിട്ടുള്ളത്. 88 കിലോമീറ്റർ ദൂരം പാടങ്ങളിലെ തൂണുകളും 11 കിലോമീറ്ററോളം പാലങ്ങളും പതിനൊന്നര കിലോമീറ്റർ തുരങ്കങ്ങളും ഓരോ 500 മീറ്ററിലും അടിപ്പാതയും 292 കിലോമീറ്റർ ദൂരം ഇരുഭാഗത്തും എട്ടുമീറ്റർവരെ ഉയരമുള്ള ഭിത്തികൾ കെട്ടിയുയർത്തിയും വേണം അതിവേഗ റെയിൽപ്പാത പണിയാനെന്നു വരുമ്പോൾ ഈ കൊച്ചുകേരളത്തിന്റെ ഭൂഘടന എന്തായിത്തീരുമെന്ന ആശങ്ക എത്രയും വേഗം പരിഹരിക്കപ്പെടേണ്ടതു തന്നെയല്ലേ.

ഇരട്ടിപ്പിക്കൽ പൂർത്തിയാവാത്തയിടങ്ങളിൽ പാതകൾ ഇരട്ടിപ്പിച്ചുകൊണ്ടും നിലവിലുള്ള ബ്രോഡ്‌ഗേജ് പാതകൾ ശക്തിപ്പെടുത്തിയും മൂന്നാം പാതയുടെ നിർമാണത്തിന് മുൻഗണന നൽകിയും ഉൾനാടൻ ജലഗതാഗതസംവിധാനം കാലബന്ധിതമായി പൂർത്തിയാക്കിയും അതിവേഗ സുരക്ഷാപാതകൾ വിപുലീകരിക്കാൻ ഒട്ടേറെ സ്വാഗതാർഹമായ നിർദേശങ്ങൾ മേല്പറഞ്ഞ ലേഖനത്തിൽ മുന്നോട്ടുവെക്കുന്നുമുണ്ട്. കാസർകോടുനിന്നു തിരുവനന്തപുരത്തേക്കുള്ള യാത്ര മാത്രം അതിവേഗമായാൽ പോരല്ലോ. തലശ്ശേരിയിൽനിന്നു കണ്ണൂരിലേക്കായാലും കൊല്ലത്തുനിന്നു പത്തനംതിട്ടയ്ക്കായാലും ആലപ്പുഴനിന്ന്‌ ഇടുക്കിക്കായാലും അതിവേഗം സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്താൻ ഉതകുംവിധം ആഭ്യന്തര ഗതാഗതസംവിധാനം ശാസ്ത്രീയമായും പരിസ്ഥിതിസൗഹൃദപരമായും നടപ്പാക്കുകയാണ് ഒരു ജനകീയ ഭരണകൂടം ചെയ്യേണ്ടത്.

രാജ്യത്തിനു ഒരുപകാരവുമില്ലാതെ മൂവായിരം കോടി മുടക്കി നരേന്ദ്രമോദി അദ്ദേഹത്തിന്റെ അഭിലാഷപൂർത്തീകരണത്തിനായി പട്ടേൽ പ്രതിമ സ്ഥാപിച്ചപോലെ വെറും ആത്മസംതൃപ്തി ലഭിക്കാൻ മാത്രമായി ഒരുലക്ഷം കോടി മുടക്കി പിണറായി നടപ്പാക്കിയ ഫലശൂന്യ പദ്ധതിയെന്ന് ഭാവിയിൽ ആക്ഷേപിക്കപ്പെടാൻ ഈ പദ്ധതി ഇടവരുത്താതിരിക്കട്ടെ.