ഡോ. നത ഹുസൈൻ, ഗോതൻബർഗ്, സ്വീഡൻ

2015-ലെ പൾസ് പോളിയോ ഇമ്യൂണൈസേഷൻ ഒന്നാംഘട്ടത്തിൽ അന്താരാഷ്ട്ര ആരോഗ്യസംഘടന(WHO)യുടെ എക്‌സ്റ്റേണൽ മോണിറ്ററായി ഞാൻ പ്രവർത്തിച്ചിരുന്നു. അതിനു വളരെ മുമ്പും കുത്തിവെപ്പെടുക്കാൻ പറഞ്ഞാൽ ഉടൻ സ്ഥലംവിടുന്ന മാതാപിതാക്കളെയും മീസിൽസ്‌, മുണ്ടിവീക്കം മുതലായ രോഗങ്ങൾ ഗുരുതരാവസ്ഥയിലെത്തിച്ച കുഞ്ഞുങ്ങളെയുമൊക്കെ കോഴിക്കോട് മെഡിക്കൽകോളേജിൽ ധാരാളം കണ്ടു പരിചയമുണ്ടായിരുന്നെങ്കിലും വാക്സിൻവിരുദ്ധ പ്രസ്ഥാനത്തിന്റെ സ്വാധീനം ആഴത്തിൽ മനസ്സിലാക്കുന്നത് മോണിറ്ററുടെ ചുമതലയുടെ ഭാഗമായി കമ്യൂണിറ്റി വിസിറ്റ് നടത്തിയപ്പോഴാണ്.

ഞാൻ നിരീക്ഷിക്കേണ്ടിയിരുന്നത് അരീക്കോട്, കൊണ്ടോട്ടി പ്രദേശങ്ങളായിരുന്നു. കേരളത്തിൽ അവസാനത്തെ പോളിയോ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത് ഇവിടെനിന്നായിരുന്നു. കുത്തിവെപ്പെടുക്കാത്ത കുട്ടികൾ ഏറ്റവുമധികമുള്ളതും ഇവിടങ്ങളിലാണ്. സാമ്പത്തികമായി മുന്നാക്കം നിൽക്കുന്ന, പ്രത്യക്ഷത്തിൽ വിദ്യാഭ്യാസമുള്ളവരെന്നുതോന്നുന്ന ഒരു സ്ത്രീ പറഞ്ഞത്, ഗൾഫിലുള്ള ഭർത്താവ് സമ്മതിക്കാത്തതുകൊണ്ടാണ് മകൾക്ക് പോളിയോവാക്സിൻ കൊടുക്കാത്തതെന്നാണ്. ഭർത്താവിന്‌ കുട്ടിയുടെ ആരോഗ്യത്തിൽ ശ്രദ്ധയൊന്നുമില്ലേ എന്ന് ചോദിച്ചപ്പോൾ, അദ്ദേഹത്തിന്റെ കുടുംബത്തിലുള്ള കുട്ടികൾക്കൊന്നും പാരമ്പര്യമായി വാക്സിൻ കൊടുക്കാറില്ലെന്നും അതേ ‘പാരമ്പര്യ’ത്തിൽത്തന്നെ തങ്ങളുടെ മക്കളെയും വളർത്തിയാൽ മതിയെന്നുമായിരുന്നത്രെ ഭർത്താവിന്റെ നിലപാട്.

ചിലയിടങ്ങളിൽ വാക്സിൻ ഉപയോഗംമൂലം വന്ധ്യത ഉണ്ടാകുമെന്ന് (വ്യാജ) തെളിവുകൾ സഹിതം ലഘുലേഖകൾ വിതരണംചെയ്യാറുണ്ടത്രെ. തീരെയും കുത്തിവെപ്പെടുക്കാത്ത ഒരു പത്തു വയസ്സുകാരൻ ഇതുവരെയും ആധുനിക വൈദ്യചികിത്സ തേടേണ്ടിവന്നിട്ടില്ലെന്നും സ്ഥിരമായി ഹോമിയോ മാത്രമേ കഴിക്കാറുള്ളൂവെന്നും ഒരു അമ്മ ലേശം അഭിമാനത്തോടുകൂടിയാണ് പറഞ്ഞത്.

അസുഖം വന്നതിനുശേഷം ചികിത്സിച്ചാൽ മതിയെന്നും രോഗമില്ലാത്ത അവസ്ഥയിൽ പ്രതിരോധത്തിനുവേണ്ടി ‘കെമിക്കലുകൾ’ കുത്തിവെക്കേണ്ടതില്ലെന്നുമുള്ള വാദം മറ്റൊരു കുടുംബത്തിൽനിന്നും കേട്ടു. അമേരിക്കൻസർക്കാർ  ഒരു പ്രത്യേക വിഭാഗത്തിന്റെ ജനസംഖ്യ കുറയ്ക്കാൻവേണ്ടി വാക്സിൻ എന്ന വ്യാജേന കാൻസർ ഉണ്ടാക്കുന്ന ലെഡ്, ആർസനിക്‌ എന്നീ ലോഹങ്ങളടങ്ങിയ മരുന്നാണ് ഇന്ത്യയിൽ വിപണനം ചെയ്യുന്നതെന്ന കടുത്ത ആരോപണവും കേട്ടു. ഇവരെയൊക്കെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചിട്ടും ഒരാൾപോലും തങ്ങളുടെ കുട്ടിക്ക് പോളിയോ വാക്സിൻ നൽകാൻ തയ്യാറായിരുന്നില്ല. അന്നുണ്ടായ അമർഷവും നിരാശയും വീണ്ടും തോന്നുന്നത് ഡിഫ്തീരിയ ബാധിച്ച് വീണ്ടും ഒരു കുട്ടികൂടി മരണപ്പെട്ടു എന്ന വാർത്ത കേട്ടപ്പോഴാണ്. ഇനിയും ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ തെല്ലും അദ്‌ഭുതമില്ല, കാരണം അത്രയ്ക്കധികമാണ് വാക്സിൻവിരുദ്ധ പ്രചാരണം.

ഡിഫ്തീരിയയുടെ തിരിച്ചുവരവിനെ ഒരു പൊതു ആരോഗ്യ അടിയന്തരാവസ്ഥയെ അഭിമുഖീകരിക്കുന്നതുപോലെ കൈകാര്യം ചെയ്ത്, ശക്തമായതോതിൽ പ്രചാരണം നടത്തി, അറ്റകൈയ്ക്ക് മാതാപിതാക്കളുടെ ഇംഗിതത്തിനു വിരുദ്ധമായും സ്കൂളുകൾ, അങ്കണവാടികൾ എന്നിവിടങ്ങളിൽ കുഞ്ഞുങ്ങൾക്ക് കുത്തിവെപ്പ്‌ കൊടുത്ത്, വാക്സിൻകൊണ്ട്‌ പ്രതിരോധിക്കാവുന്ന രോഗങ്ങളെ പൂർണമായും തുടച്ചുനീക്കണം എന്നഭിപ്രായപ്പെടുന്നു. കാരണം ഇനിയും കുഞ്ഞുങ്ങൾ ശ്വാസത്തിനുവേണ്ടി കേഴുന്നതും ജീവനുവേണ്ടി പിടയുന്നതും കാണാനും കേൾക്കാനും വയ്യ.