ഒമ്പത്, 10 ക്ലാസുകളിലെ പാഠപുസ്തകങ്ങൾ അടുത്തവർഷം പരിഷ്കരിക്കുന്നു എന്നാണ് അറിയുന്നത്. നിത്യജീവിതത്തിൽ ഉപകാരപ്പെടുന്ന ചിലതെങ്കിലും വിദ്യാർഥികൾ പഠിക്കാതെ പോകരുത്.
      ഒരു ചെറിയ വസ്തു അളന്ന് എത്ര സെന്റ് ഉണ്ടെന്ന്  തിട്ടപ്പെടുത്തുന്ന വിധം, ഒരു വീട് എത്ര ചതുരശ്ര അടി വിസ്തീർണം ഉണ്ടെന്ന്  കണക്കാക്കുന്നത്, ഒരുപ്രതലത്തിൽ എത്ര ടൈലുകൾ വിരിക്കണം എന്നതൊക്കെ വിദ്യാർഥികൾ ഹൈസ്കൂൾ പഠനം കൊണ്ട് സ്വായത്തമാക്കണം. സർക്കാർ സേവനങ്ങൾ (വസ്തുവിന്റെ നികുതി, വീട്ടുകരം, പാസ്പോർട്ടിനുള്ള അപേക്ഷ, സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ) ഓൺലൈൻ വഴിചെയ്യാൻ പരിശീലിപ്പിക്കുന്നതിനുള്ള അവസരവും പാഠപുസ്തകത്തിൽ ഉണ്ടാകണം.   
            
കുറ്റമറ്റ കേരളം
അയ്യശ്ശേരി രവീന്ദ്രനാഥ്, ആറന്മുള
സാമൂഹികനീതിവകുപ്പ് പുതുവർഷത്തിൽ നടപ്പാക്കാൻ പോകുന്ന ‘കുറ്റവാളികളില്ലാത്ത കേരളം’ പദ്ധതി സാഹസികവും സ്വാഗതാർഹവുമാണ്. കുറ്റവാളികളില്ലാത്ത കേരളം എന്ന സ്വപ്നസദൃശ സങ്കല്പം ആകർഷണീയമെങ്കിലും ‘കാലനില്ലാത്ത കാലം’ എന്നപോലെ അവിശ്വസനീയത ഉണ്ടാക്കാനിടയാക്കും. പദ്ധതിയുടെ സമ്പൂർണനിർവഹണത്തിലുള്ള  പ്രതിബദ്ധതയിൽ വെള്ളം ചേർക്കുന്നതാവരുതല്ലോ അതിനു നൽകുന്ന പേര്. ‘കുറ്റവാളികൾ കുറഞ്ഞ കേരളം’ എന്ന്  വാസ്തവബോധത്തോടെ  പദ്ധതിക്ക് പേര് കൊടുത്തുകൂടേ?