കേരളത്തിലെ മദ്രസകളിൽ അധ്യാപകരായി ജോലിചെയ്യുന്നവർ ഒന്നരലക്ഷത്തോളം വരുമെന്നാണ് സർക്കാർ കണക്ക്. ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാൻ പെടാപ്പാടുപെടുന്നവരാണ് ഈ അധ്യാപകർ.  സംസ്ഥാനത്ത് മദ്രസാധ്യാപകരെപ്പോലെ ഇത്രയും കുറഞ്ഞ വേതനത്തിന് ജോലിചെയ്യുന്ന മറ്റൊരു വിഭാഗം ഇല്ല. സംസ്ഥാനസർക്കാരിന് കീഴിലുള്ള വിവിധ ക്ഷേമനിധികളിൽ അംഗങ്ങളായവരെ സർക്കാരിന്റെ ചികിത്സാ പദ്ധതിയിൽ ഉൾപ്പെടുത്തിയപോലെ ‘സംസ്ഥാന മദ്രസാധ്യാപക ക്ഷേമനിധി ബോർഡിൽ’ അംഗങ്ങളായ മദ്രസാധ്യാപകരെയും ഉൾപ്പെടുത്താൻ ബന്ധപ്പെട്ടവർ മനസ്സുവെക്കണം. 

പദവിയിൽ ഇരിക്കുമ്പോഴേ തിരുത്തണം
എ. സുധാകരൻ, ചാലക്കുടി
പദവി ഒഴിയുമ്പോൾ മാത്രം സർക്കാരിന് തെറ്റുപറ്റിയെന്നു പറയുന്ന ഉദ്യോഗസ്ഥരുടെ എണ്ണം ഇപ്പോൾ കൂടിവരികയാണ്. പ്രധാനമന്ത്രിയുടെ മുഖ്യ സാമ്പത്തികോപദേഷ്ടാവ് അരവിന്ദ് സുബ്രഹ്‌മണ്യൻ, മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഒ.പി. റാവത്ത് മുതൽപേർ കേന്ദ്രസർക്കാരിന്റെ നോട്ട് അസാധുവാക്കൽ ഉൾ​െപ്പടെയുള്ള നടപടികളെ വിമർശിച്ച്‌ ഇറങ്ങിപ്പോരുന്നതുകണ്ടു. സുപ്രീംകോടതി മുൻ ജഡ്‌ജി കുര്യൻ ജോസഫിന്റെ പ്രവൃത്തിക്കും ഇതിനോട്‌ സാമ്യമുണ്ട്‌.  തങ്ങളുടെ പദവിയിലിരിക്കുമ്പോൾ തന്നെ സർക്കാരിനെ നേർവഴിക്കു നടത്താനാണ്‌ ഉദ്യോഗസ്ഥവൃന്ദങ്ങൾ നിർബന്ധബുദ്ധി കാണിക്കേണ്ടത്‌.