ബന്ദിപ്പൂർ വഴിയുള്ള ദേശീയപാത 212-ലും ഗുണ്ടൽപേട്ട-ഊട്ടി ദേശീയപാത 67-ലും രാത്രികാലത്തുള്ള വാഹനഗതാഗതം നിരോധനം നീക്കാതിരുന്നതിന്‌ കർണാടക സർക്കാർ പ്രത്യേകമായ അഭിനന്ദനം അർഹിക്കുന്നു.
അങ്ങേയറ്റം പരിസ്ഥിതിവിരുദ്ധമായ നിലപാടുകളുള്ള ഒരു പൊതുസമൂഹവും ഭരണസംവിധാനവുമാണ്‌ കേരളത്തിലേത്‌. കാടുമുഴുവൻ കൈയേറുകയും എന്നിട്ട്‌ വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നുവെന്ന്‌ പരാതിപറയുകയും ചെയ്യുന്നതിലെ വിരുദ്ധോക്തി അവരറിയുന്നില്ല.
    സ്വന്തം ജീവജാതിയിൽപ്പെട്ട ആദിവാസികളുടെ ഭൂമിയും അവർ കൈവശപ്പെടുത്തുന്നു. എന്നിട്ട്‌ അതിന്‌ നിയമപരമായ സാധുതയും ഉണ്ടാക്കിയെടുക്കുന്നു. വനഭൂമിയുമായി ബന്ധപ്പെട്ട കേസുകളിൽ സ്വയം തോറ്റുകൊടുക്കുകയെന്നത്‌ സർക്കാറുകളുടെ ഒരു ഹോബിയാണ്‌. ചികിത്സയും മറ്റു സൗകര്യങ്ങളും ആദിവാസികൾക്ക്‌ നിഷേധിക്കുന്ന ഇൗ സമൂഹം  ഇപ്പോൾ അവരെ പിടിച്ച്‌ തല്ലിക്കൊല്ലാനും തുടങ്ങിയിട്ടുണ്ട്‌.
ഇക്കൂട്ടരെ രാത്രിയെന്നല്ല, പകൽപോലും കാട്ടിലൂടെ യാത്രചെയ്യാൻ അനുവദിക്കരുത്‌. ഊട്ടി ദേശീയപാതയിലെ യാത്രനിരോധനം തമിഴ്‌നാടും അംഗീകരിച്ചതോടെ കേരളം ശരിക്കും ഒറ്റപ്പെട്ടു. ഇതുപോലെതന്നെയാണ്‌ തലശ്ശേരി-മൈസൂർ തീവണ്ടിപ്പാതയും. ഇതെല്ലാം വികസന പ്രവർത്തനമാണെന്ന്‌ തെറ്റിദ്ധരിപ്പിക്കാൻ ശ്രമമുണ്ട്‌.
  കർണാടകത്തിലെ പരിസ്ഥിതി സംഘടനകൾക്ക്‌ എല്ലാവിധ ആശംസകളും നേരുന്നു.  കന്നഡ സംഘടനകളും ഇവരോടൊപ്പമുണ്ടത്രേ. എങ്ങനെ മലയാളികൾക്ക്‌ ഇവരുടെ വിരോധം നേടിയെടുക്കാൻ കഴിഞ്ഞു?

*************
ചൈനീസ് മാറ്റങ്ങളും  ഇന്ത്യയും

ഡോ. ടി.കെ. ജാബിർ,പൊളിറ്റിക്കൽ സയൻസ് വിഭാഗം എം.ഇ.എസ്. കോളേജ് നെടുങ്കണ്ടം
ചൈനീസ് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും നിലവിലുണ്ടായിരുന്ന കാലാവധിക്കുമപ്പുറം അധികാരം നില നിർത്താമെന്ന അവിടത്തെ പുതിയ നിയമ ഭേദഗതി  ഇന്ത്യൻ വൈദേശിക രാഷ്ട്രീയത്തെ ബാധിക്കുന്ന ഒന്നായിരിക്കും. നിലവിലെ പ്രസിഡന്റ് ഷി ജിൻപിങ്ങിന് അനന്തമായ കാലാവധി നൽകുന്ന പ്രമേയത്തെ സംബന്ധിച്ച് ഇന്ത്യൻ ഭരണകൂടം തികഞ്ഞ ജാഗ്രത പാലിക്കേണ്ടതാണ്‌. ഇന്ത്യ യുദ്ധത്തിലൂടെ പാകിസ്താൻ, ചൈന തുടങ്ങിയ രാഷ്ട്രങ്ങളെ പരാജയപ്പെടുത്തണം എന്ന തീവ്രദേശീയ വികാരത്തിനപ്പുറം യാഥാർഥ്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്.
   യുദ്ധമുണ്ടായാൽ ഏതു രാഷ്ട്രമായാലും രാഷ്ട്രത്തിന്റെ സാമ്പത്തികവ്യവസ്ഥ അപരിഹാര്യമായ രീതിയിൽ തകർക്കപ്പെടും എന്നതാണ് വസ്തുത. ഇത് ഇന്ത്യയ്ക്ക് ഒട്ടും അഭികാമ്യമല്ല. ചൈനീസ് പ്രസിഡന്റായി ഷി ജിൻ പിങ്‌ തുടരുന്നിടത്തോളം ഇന്ത്യ മറ്റൊരു ഡോക്‌ലാം ആവർത്തിക്കാതിരിക്കാൻ ജാഗ്രത പുലർത്തണം. പ്രത്യേകിച്ചും ചൈന ഇന്ത്യയ്ക്കെതിരേ ബന്ധം തന്ത്രപരമായി വികസിപ്പിക്കുന്നതിലും നേപ്പാൾ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്ന കാലഘട്ടത്തിലും. കഴിഞ്ഞദിവസം ചൈനീസ് പാർലമെന്റ് പാസാക്കിയ 11.39 ലക്ഷം കോടി രൂപയുടെ പ്രധിരോധബജറ്റ് ഇന്ത്യയുടെ സൈനിക ബജറ്റിനെക്കാൾ മൂന്നിരട്ടിയാണ് എന്ന ആശങ്കാജനകമായ വസ്തുതയും അവഗണിക്കാവുന്ന ഒന്നല്ല.


കുരുമുളക്‌ ഇറക്കുമതി
നിർത്തണം

ഗോപാലൻ നായർ, അത്തോളി

കുരുമുളക്‌ കർഷകർ ആത്മഹത്യയുടെ വക്കിലാണ്‌. കൂലി വർധനയുള്ള കേരളത്തിൽ വിളവെടുപ്പിന്റെ കൂലിപോലും കൊടുക്കാൻ കുരുമുളക്‌ വിറ്റാൽ കിട്ടുന്നില്ല. കർഷകരുടെ കാര്യം പറയാനോ കേൾക്കാനോ ഇവിടെ ആരുമില്ല.
കിലോഗ്രാമിന്‌ 800 രൂപയോളമുള്ള കുരുമുളകിന്റെ വില 350 രൂപയിൽ താഴെയെത്തി. ഈസ്ഥിതിയിലും വ്യാവസായലോബികൾ ഗുണവും വിലയുമില്ലാത്ത വിയറ്റ്‌നാം മുളകും മറ്റും നികുതിപോലും നൽകാതെ  ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങൾ മുഖേന ഇറക്കുമതി ചെയ്ത്‌ (മൂല്യവർധിത ഉത്‌പന്നങ്ങൾ നിർമിക്കാനെന്ന വ്യാജേന) ഇന്ത്യൻ മുളകുമായി കൂട്ടച്ചേർത്ത്‌ (മായം ചേർത്ത്‌) വീണ്ടും  വിദേശത്തേക്ക്‌ കയറ്റുമതി ചെയ്ത്‌ കോടികൾ സമ്പാദിക്കുന്നു.